Monday June 25, 2018
Latest Updates

സണ്ണി ചേട്ടന്റെ ഓര്‍മ്മയില്‍ ഡബ്ലിന്‍ മലയാളി സമൂഹം,പാമേഴ്സ് ടൗണില്‍ പെയ്തിറങ്ങിയത് സ്‌നേഹമഴ 

സണ്ണി ചേട്ടന്റെ ഓര്‍മ്മയില്‍ ഡബ്ലിന്‍ മലയാളി സമൂഹം,പാമേഴ്സ് ടൗണില്‍ പെയ്തിറങ്ങിയത് സ്‌നേഹമഴ 

ഡബ്ലിന്‍: പാമേഴ്സ് ടൗണിലെ സെന്റ് ലോര്‍ക്കിന്‍സ് ഹാളില്‍ ഓര്‍മ്മ നിലാവ് പെയ്തിറങ്ങിയ സായാഹ്നമായിരുന്നു ഞായറാഴ്ചത്തേത്.ഡബ്ലിന്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത, അകാലത്തില്‍ കൊഴിഞ്ഞു പോയ അനിതരസാധാരണമായ ഒരു സാധാരണക്കാരനായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട സണ്ണി ചേട്ടനെ( സണ്ണി എബ്രാഹം ഇളംകുളത്ത് )ഓര്‍മ്മിക്കാന്‍ ഒത്തു കൂടിയ നന്മനിറഞ്ഞവര്‍ക്ക് ഒരേ മനസായിരുന്നു

അനുസ്മരണത്തിനെത്തിയവര്‍ക്കൊരോതര്‍ക്കും പറയാനുണ്ടായോരുന്നു ഓരോ കഥ. സണ്ണി ചേട്ടന്റെ സ്‌നേഹപര്‍വ്വത്തില്‍ നിന്നും, സേവനതല്പരതയില്‍ നിന്നും,ആവോളം പകര്‍ന്നു കിട്ടിയ അനുഭവങ്ങള്‍ ഓരോന്നും വത്യസ്തമായതായിരുന്നു.തെറ്റുകളും,തെറ്റിദ്ധാരണകളും തുറന്നു സമ്മതിക്കുന്ന,സല്‍ക്കാരമൊരുക്കുന്ന,ഏത് പാതിരാവിലും വിളിച്ചുണര്‍ത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാവുന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്ന് മിക്കവരും ഓര്‍മ്മിച്ചു.

പാമേഴ്സ് ടൌണ്‍ ഹാളില്‍ നിറഞ്ഞു നിന്നത് നിശ്ശബ്ദദുഃഖങ്ങളായിരുന്നു.ഡബ്ലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ ആ മഹാനുഭാവന്റെ ഓര്‍മ്മയില്‍ ലയിച്ചു.

അനുസ്മരണയോഗത്തില്‍ രാജു കുന്നക്കാട്ട് ആമുഖപ്രഭാഷണം നടത്തി . വേള്‍ഡ് മലയാളി അസോസിയേഷന്‍(അയര്‍ലണ്ട് ) പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.

ഫാ.ആന്റണി ചീരംവേലില്‍, ഓ ഐ സി സി നേതാവ് ലിങ്ക് വിന്‍സ്റ്റാര്‍ ,ഷാജി ജേക്കബ് ആര്യമണ്ണില്‍ (പ്രവാസി കോണ്‍.എം),ഫവാസ് മാടശ്ശേരി(മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍), രാജന്‍ വയലുങ്കല്‍,റോയി കുഞ്ചക്കാട്,ജോണ്‍സണ്‍ ചക്കാലക്കല്‍(സീറോ മലബാര്‍ ,സെക്രട്ടറി),ജിജു ജോര്‍ജ് (ക്നാനായ അസോസിയേഷന്‍),അലക്സ് ജോണ്‍ (മലയാളം),റെജി സി ജേക്കബ്(ഐറീഷ് മലയാളി),ബിജോയ് പുല്ലുകാലയില്‍(റോസ് മലയാളം),അഡ്വേ .സിബി സെബാസ്റ്റിയന്‍(ഡെയ്ലി ഇന്ത്യന്‍ ഹൊറാള്‍ഡ്)ജോജി എബ്രഹാം,റ്റോം ക്ലോണ്ടാള്‍ക്കിന്‍,ജീജോ പീടികമല,ശ്യാം ഇസാദ്,ഷൈബു കൊച്ചിന്‍,ബെന്നി സ്വരലയ,ബിജുപള്ളിക്കര,ഏലിയാമ്മ ജോസഫ്,സ്നേഹ റെജി,ജോഷി കൊച്ചുപറമ്പില്‍ എന്നിവര്‍ സണ്ണി ചേട്ടനെ അനുസ്മരിച്ചു സംസാരിച്ചു..

ലൂക്കന്‍ ക്ലബ്ബ് പ്രസിഡണ്ട് ബിനോയി കുടിയിരിക്കല്‍ സ്വാഗതവും ,വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ദീപു ശ്രീധര്‍ നന്ദി പറഞ്ഞു.

ഞായറാഴ്ച നടത്തപ്പെട്ട സണ്ണി അബ്രഹാമിന്റെ സംസ്‌കാര ശുശ്രൂഷയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള അനേകരാണ് പങ്കെടുക്കാന്‍ എത്തിയത്.അവധിയ്ക്ക് നാട്ടിലുള്ള നിരവധി ഐറിഷ് മലയാളികള്‍ ,ഓണതിരക്കുകള്‍ മാറ്റി വെച്ച് കോട്ടയത്തെ സണ്ണി ചേട്ടന്റെ വീട്ടില്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.അയര്‍ലണ്ടില്‍ നിന്നുള്ള നിരവധി സംഘടനകളുടെ പ്രതിനിധികള്‍ പുഷപചക്രം അര്‍പ്പിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭാ മുന്‍ ചാപ്ല്യന്‍ ഫാ,തങ്കച്ചന്‍ പോള്‍ പരേതന്റെ വീട്ടില്‍ നടത്തിയ അനുസ്മരണ പ്രസംഗം വികാര സാന്ദ്രമായിരുന്നു.സണ്ണി ചേട്ടനോടും ,കുടുംബത്തോടുമുള്ള ഐറിഷ് മലയാളികളുടെ സ്‌നേഹാദരങ്ങള്‍ അദ്ദേഹം വിവരിച്ചു.ഡബ്ലിന്‍ സമൂഹത്തിലെ ഓരോരുത്തര്‍ക്കും സണ്ണി ചേട്ടനോടുള്ള കടപ്പാടും,സ്‌നേഹവും പ്രകടിപ്പിക്കാനും ഫാ. തങ്കച്ചന്‍ പോള്‍ മറന്നില്ല.

ഞായറാഴ്ച മൂന്ന് മണിയോടെ ആരംഭിച്ച വിലാപയാത്ര എസ് എച്ച് മൗണ്ട് പള്ളിയില്‍ എത്തിയപ്പോഴും വലിയൊരു ജനാവലി അവിടെയും കാത്തു നിന്നിരുന്നു.

ശുശ്രൂഷകള്‍ക്ക് ശേഷം നാല് മണിയോടെ സണ്ണി ചേട്ടന്റെ മക്കളായ സച്ചുവും ,സഞ്ജുവും മറ്റു ബന്ധുക്കളും ചേര്‍ന്ന് മൃതകുടീരത്തിലേയ്ക്ക് പരേതന്റെ ഭൗതീക ദേഹം എത്തിച്ചപ്പോള്‍ ദുഃഖം കരകവിഞ്ഞൊഴുകി.അടക്കി പിടിച്ച സങ്കടം സഹിക്കാനാവാതെ ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഭാര്യ ജാന്‍സി സണ്ണിയും മകള്‍ സിഞ്ജു മോളുമടക്കമുള്ളവര്‍ സണ്ണിച്ചേട്ടന് സ്‌നേഹമുത്തം നല്‍കി സ്വര്‍ഗ്ഗയാത്രയാക്കി.

അറിയപ്പെടാനും,സ്‌നേഹിക്കപ്പെടാനും,വിലമതിക്കപ്പെടാനും ആഗ്രഹിക്കാതെ കടന്നുപോയ ആ സാധാരണക്കാരനെ സ്വര്‍ഗം തീര്‍ച്ചയായും സ്വീകരിച്ചിരിക്കും.സ്വര്‍ഗം കവാടം കാത്തിരിക്കുന്നതും അങ്ങനെയുള്ളവരെയാണല്ലോ ?

 

Scroll To Top