Thursday October 18, 2018
Latest Updates

ജോമോന്‍ ജോസഫ് എടത്തല യാത്രയായി, ആകസ്മിക നിര്യാണം വിശ്വസിക്കാനാവാതെ അയര്‍ലണ്ടിലെ മലയാളികളും 

ജോമോന്‍ ജോസഫ് എടത്തല യാത്രയായി, ആകസ്മിക നിര്യാണം വിശ്വസിക്കാനാവാതെ അയര്‍ലണ്ടിലെ മലയാളികളും 

അങ്കമാലി : രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല(43)നിര്യാതനായി.

ഒരാഴ്ച മുന്‍പ് രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ജോമോനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രിയില്‍ സി.ടി സ്‌ക്കാന്‍ നടത്തുന്നതിനിടെ ഹൃദായാഘാതം വന്നു. തുടര്‍ന്ന് ചേരാനെല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു . ഇവിടെ വച്ച് ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 5 മണിയോടെയാണ് മരണം സംഭവിച്ചത്.സംസ്‌കാരം നാളെ നീലേശ്വരം അസംപ്ഷന്‍ ദേവാലയത്തില്‍ നടത്തപ്പെടും.

ഭാര്യ മഞ്ജു
മക്കള്‍ ജോസഫ് ജോമോന്‍,റിയ ജോമോന്‍
2014 മുതല്‍ കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സുപരിചിതനായ ജോമോന്‍ എല്ലാ വര്‍ഷവും അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ എത്തുമായിരുന്നു.ഒരു മാസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിന് ശേഷം സെപ്റ്റംബര്‍ 24 നാണ് കേരളത്തിലേയ്ക്ക് മടങ്ങിയത്.അയര്‍ലണ്ടില്‍ ഇമിഗ്രെഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം(ഐ ഐ പി)  പ്രകാരം ഒരു മില്യണ്‍ യൂറോ  ഇന്‍വെസ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതികള്‍ പൂര്‍ത്തികരിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.ഇമിഗ്രെഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം പ്രകാരം അയര്‍ലണ്ടില്‍ പൗരത്വവും നേടാനായുള്ള അവസരമുണ്ട്.

ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യങ്ങള്‍ക്കുള്ള അപേക്ഷ നല്‍കാനായി ജോമോന്‍ ഡബ്ലിനില്‍ എത്തിയിരുന്നു,പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പ്പാടിന്റെ ഞെട്ടലിലാണ് അയര്‍ലണ്ടിലെ മലയാളികളും.

1975 ല്‍ എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നീലീശ്വരത്ത് ജനിച്ചു. യുണൈറ്റഡ് നേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ചില്‍നിന്നും കോണ്‍ഫ്‌ളിക്‌റ്റോളജിയില്‍ ബിരുദാനന്തര ബിരുദം. ആംഗലേയ ഭാഷയില്‍ സി എസ് ആര്‍-ബിസിനസ് റേസിസം, ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് വോസ് – എല്‍ ടി ടി ഇ എന്നീ രണ്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ശ്രീലങ്കന്‍ ദ്വീപസമൂഹവുമായി അടുത്തുകിടക്കുന്ന സ്ഥലമാണ് കേരളം. വിനോദസഞ്ചാരം, വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തില്‍ നിന്ന് നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് കോണ്‍സല്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂപ്രകൃതിയില്‍ കേരളവുമായി സാമ്യമുള്ളതിനാല്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെയും ശ്രീലങ്കയുമായി ബന്ധിപ്പിക്കുക എന്നങ്ങനെയുള്ള കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് കോണ്‍സല്‍ സ്ഥാപിച്ചത്. വിസാ സ്റ്റാമ്പിങ്ങും മറ്റുമൊക്കെ എളുപ്പമായിരുന്നു. ശശി തരൂര്‍ എംപിയുടെ അടുത്ത് സുഹൃത്തായിരുന്നു ജോമോന്‍. അങ്ങനെയാണ് ശ്രീലങ്കന്‍ സ്ഥാനപതിയായി ചുമതല ലഭിക്കുന്നത്.

നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായിരുന്നു ജോമോന്‍. ഹോട്ടല്‍ ബിസിനസ്സും ക്വാറി ബിസിനസ്സും സ്വന്തമായി നടത്തിയിരുന്ന മേഖലയില്‍ നിന്നാണ് പൊതു പ്രവര്‍ത്തനരംഗത്തേയ്ക്ക് അദ്ദേഹം പ്രവേശിച്ചത്..

അങ്കമാലിയിലെ ഗ്രാന്‍ഡ് ഹോട്ടലിന്റെയും വിജയ് മെറ്റല്‍സിന്റെയും ഉടമയായിരുന്ന ജോമോന്‍ . മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപ്പഞ്ചായത്തില്‍ പ്രളയദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി 25 ലക്ഷം രൂപ കഴിഞ്ഞ മാസവും നല്‍കിയിരുന്നു. മൂന്ന് ചുവരുകള്‍, അഫ്ഗാന്സ്താന്‍ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ് 

 

Scroll To Top