Monday December 05, 2016
Latest Updates

ചികിത്സയും പ്രാര്‍ഥനകളും ഫലിച്ചില്ല !കാഞ്ഞിരപ്പള്ളിയുടെ ‘നൊമ്പരപ്പൂവ്’ അമ്പിളി ഫാത്തിമ അന്ത്യയാത്രയായി

ചികിത്സയും പ്രാര്‍ഥനകളും ഫലിച്ചില്ല !കാഞ്ഞിരപ്പള്ളിയുടെ ‘നൊമ്പരപ്പൂവ്’ അമ്പിളി ഫാത്തിമ അന്ത്യയാത്രയായി

കാഞ്ഞിരപ്പള്ളി : അനേകം പേരുടെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ഫലമുണ്ടായില്ല.ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ കാഞ്ഞിരപ്പളളിയുടെ ‘നൊമ്പരപൂവ്’ വെള്ളാരം കണ്ണുകളുള്ള സുന്ദരിക്കുട്ടി, അമ്പിളി ഫാത്തിമ (22) അന്തരിച്ചു.രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ അണുബാധയാണ് മരണകാരണം.സിഎംഎസ് കോളജില്‍ എംകോം അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഇരുപത്തിമൂന്നുകാരിയായ അമ്പിളി ഫാത്തിമ. ഹൃദയത്തിലുണ്ടായ ഒരു സുക്ഷിരം മുലം ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അപൂര്‍വരോഗമാണ് അമ്പിളിയ്ക്കുണ്ടായിരുന്നത്.അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം ഹ്യദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയെന്നുള്ളതായിരുന്നു.

മൂന്നു ദിവസമായി കാരിത്താസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പത്തുമാസങ്ങള്‍ക്കു മുന്‍പ് ചെന്നൈ അപ്പോളോ ആസ്പത്രിയിലാണ് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് അമ്പിളി വിധേയായത്.

ഒരു മാസം ഒരു ലക്ഷത്തിലേറെ രൂപയുടെ മരുന്നുകളും മൂന്നു ദിവസം കൂടുമ്പോള്‍ രക്തപരിശോധനയും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വീണ്ടും അണുബാധയുണ്ടായതിനെ തുടര്‍ന്ന് അപ്പോളോ ആസ്പത്രിയില്‍ മറ്റൊരു ശസ്ത്രക്രിയക്കു കൂടി അമ്പിളി വിധേയയായിരുന്നു.തുടര്‍ ചികിത്സയ്ക്കു ശേഷം ഒരു മാസം മുന്‍പാണ് അമ്പിളിയും കുടുംബവും കോട്ടയെത്തെ വീട്ടിലെത്തിയത്.ഒരു നഴ്‌സ് അമ്പിളിയുടെ പരിചരിക്കാന്‍ എപ്പോഴും കൂടെയുണ്ടായിരുന്നു.വീട്ടില്‍ സന്ദര്‍ശകരാരെയും അനുവദിച്ചിരുന്നില്ല. കടുത്ത പനിയെയും ശ്വാസതടസ്സത്തെയും തുടര്‍ന്നാണ് കാരിത്താസിലെത്തിച്ചത് .

അമ്പിളിയെ കുറിച്ചുളള പത്രവാര്‍ത്തകള്‍ കണ്ട നടി മഞ്ജുവാര്യര്‍ അടക്കമുള്ള ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തകര്‍ ചെന്നൈയിലെ ആസ്പത്രിയിലെത്തിയിരുന്നു.സങ്കീര്‍ണ്ണമായ രോഗത്തെ നിശ്ചയദാര്‍ഡ്യം കൊണ്ടു നേരിട്ട അമ്പിളി തനിക്ക് അന്യയല്ലെന്നും സ്വന്തം അനിയത്തിയെ കാണാനാണ് വന്നതെന്നുമായിരുന്നു മഞ്ജുവാര്യര്‍ പറഞ്ഞത്.രോഗങ്ങള്‍ക്കും ആശുപത്രിവാസത്തിനും ഇടയിലും എം.കോം വരെ പഠിച്ച അമ്പിളിയ്ക്ക് സിവില്‍ സര്‍വ്വീസ് നേടാനായിരുന്നു മോഹം.കാഞ്ഞിരപ്പള്ളിയിലെ പുതുപ്പറമ്പില്‍ ബഷീറിന്റെയും ഷൈലയുടെയും ഏക മകളാണ് അമ്പിളി ഫാത്തിമ.

Scroll To Top