Saturday November 18, 2017
Latest Updates

കണ്ണീരണിഞ്ഞ് ഡബ്ലിന്‍, ശരവണന് ബാഷ്പാഞ്ജലിയേകാനെത്തിയത് ജനസഹസ്രങ്ങള്‍

കണ്ണീരണിഞ്ഞ് ഡബ്ലിന്‍, ശരവണന് ബാഷ്പാഞ്ജലിയേകാനെത്തിയത് ജനസഹസ്രങ്ങള്‍

ഡബ്ലിന്‍:അകാലത്തില്‍ പൊലിഞ്ഞ ഡബ്ലിന്‍ മലയാളികളുടെ പ്രിയപ്പെട്ട സഹയാത്രികന്‍ ശരവണന്‍ സ്വര്‍ണ്ണമണിയ്ക്ക് ജനസഹസ്രങ്ങള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ഇന്നലെ  മൂന്ന് മണിയോടെ താല വില്ലേജിലെ  മെയിന്‍ സ്ട്രീറ്റിലുള്ള രാമോന്‍ മെസ്സി ഫ്യുണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വെച്ച ശരവണന്റെ ഭൗതിക ദേഹത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ അയര്‍ലണ്ടിലെ വിദൂരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഡബ്ലിനില്‍ എത്തിയിരുന്നു.

ഭാര്യ ആശയും,പറക്കുമുറ്റാത്ത മൂന്നു കുരുന്നുകളും,നിറകണ്ണോടെ അച്ഛന്റെ സമീപത്തിരിക്കുന്ന കാഴ്ച ആരുടേയും മനസ്സലിയിപ്പിക്കുന്നതായിരുന്നു.നാട്ടില്‍ നിന്നെത്തിയ ശരവണന്റെ സഹോദരന്‍ പ്രസാദും സഹോദരന്റെ മൃതദേഹത്തിന് മുമ്പില്‍ വിങ്ങിപ്പൊട്ടി.

ഭാഗവതത്തില്‍ നിന്നുമുള്ള സൂക്തങ്ങളാല്‍ പ്രാര്‍ഥനാനിര്‍ഭരമായിരുന്നു പൊതുദര്‍ശന വേദി.ജനസമൂഹം നാരായണം ചൊല്ലി പരേതാത്മാവിന് ആദരം നേര്‍ന്നു.രാമായണ പാരായണവും നടത്തപ്പെട്ടു.

വിവിധ മതസമൂഹങ്ങളില്‍ നിന്നുള്ള വൈദീക ശ്രേഷ്ഠരും,സംഘടനാ നേതാക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ആന്റണി ചീരംവേലി,മാര്‍ത്തോമാ സഭാ വികാരി ഫാ.ഫിലിപ്പ് വര്‍ഗീസ്,ഫാ.മാര്‍ട്ടിന്‍ പൊറേക്കാരന്‍,എന്നിവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു.ക്രാന്തി,മലയാളം തുടങ്ങി നിരവധി സംഘടനകളുടെ പേരില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടു.

ഐറിഷ്‌കാരും,ആഫ്രിക്കന്‍ വംശജരും അടക്കമുള്ള ഡബ്ലിനിലെ വിവിധ ജനവിഭാഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശരവണന് യാത്രാമൊഴിയേകാന്‍ അവരുടെ പ്രതിനിധികളായി നിരവധി പേരാണ് എത്തിയത്.
ആശാ ശരവണന്‍ ജോലി ചെയ്യുന്ന സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും,ശരവണന്‍ മുമ്പ് ജോലിചെയ്തിരുന്ന സ്ഥാപനങ്ങളിലെയും സഹപ്രവര്‍ത്തകള്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.

ഏഴു മണിയോടെ പൊതുദര്‍ശനത്തിനുള്ള സമയം അവസാനിക്കുമ്പോഴും,നിരവധി പേര്‍ പ്രിയ സുഹൃത്തിനെ ഒരു നോക്കുകാണാന്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു.

ഇന്ന് രാവിലെ 11 മുതല്‍ ഒരു മണിവരെ പരേതന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം താലയിലെ ഫ്യുണറല്‍ ഹോമില്‍ ഒരുക്കിയിട്ടുണ്ട്.2 മണിയ്ക്ക് ഭൗതിക ദേഹം വിലാപയാത്രയായി ബാലിമൗണ്ട് റോഡിലുള്ള ന്യൂ ലാന്‍ഡ്സ് റോഡ് ക്രീമിറ്റേറിയത്തില്‍ എത്തിക്കും.പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ഇടശ്ശേരി രാമന്‍ നമ്പൂതിരിയും,മറ്റു പുരോഹിതരും നേതൃത്വം നല്‍കും.

വീഡിയോ/ഫോട്ടോ :അജിത് കേശവന്‍ 

Scroll To Top