Sunday December 04, 2016
Latest Updates

ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്ത മൈക്കല്‍ സുഹൃത്തുമായ് ചേര്‍ന്ന് മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍ 

ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്ത മൈക്കല്‍ സുഹൃത്തുമായ് ചേര്‍ന്ന് മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍ 

കോര്‍ക്ക് : കോവില്‍ ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്ത മൈക്കല്‍ ഗ്രീനറി സുഹൃത്തുമായി മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ദുരന്തത്തിന് മിനിട്ടുകള്‍ മുമ്പ് സുഹൃത്തിന്റെ വീട്ടിലെത്തി മൈക്കല്‍ വൈന്‍ കഴിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. ഞായറാഴ്ച ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് കൊലപാതകം നടന്നത്. അന്ന് ഉച്ചയ്ക്ക് ഭക്ഷണ സമയത്ത് മൈക്കല്‍ വീട്ടിലെത്തി ഒരു ഗ്ലാസ് വൈന്‍ ആവശ്യപ്പെട്ടത് പ്രകാരം താന്‍ അത് നല്‍കിയതായി സുഹൃത്ത് വെളിപെടുത്തി. വൈന്‍ കഴിച്ചതോടെ മൈക്കലിന്റെ മനോനില മാറുകയും ക്രൂരകൃത്യം ചെയ്യാന്‍ അത് പ്രേരണ ആയിട്ടുണ്ടാകാമെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

മൈക്കല്‍ ഗ്രീനറി ഒന്നര വര്‍ഷത്തിനിടെ നാല് മനോരോഗ വിദഗ്ദരുടെ ചികിത്സ തേടിയിരുന്നതായും കണ്ടെത്തി . ഇയാളുടെ കടുത്ത വിഷാദരോഗവും സാമ്പത്തിക പ്രതിസന്ധിയുമാണ് ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് മൈക്കല്‍ ഗ്രീനറിയുടെ മാനസിക രോഗത്തിന്റെ പശ്ചാത്തലം കൂടുതല്‍ വ്യക്തമായത്. 

ഇയാള്‍ തുടര്‍ച്ചയായി മാനസിക രോഗ ചികിത്സയിലായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം മെയില്‍ ഒരു സ്ത്രീയെ കുത്തി പരുക്കേല്‍പ്പിക്കുകയും തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസില്‍ പിടിയിലായപ്പോഴാണ് മൈക്കലിനെ ആദ്യം മാനസികരോഗ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. കോര്‍ക്കിലെ ഒരു മാനസികരോഗ വിദഗ്ദന്റെ അടുത്തായിരുന്നു പരിശോധന. തുടര്‍ന്ന് ഇയാള്‍ ഡബ്ലിനിലെ സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റലില്‍ ഏറെ നാള്‍ ചികിത്സ തേടി. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൂന്നാം തവണയും ഇയാളെ അധികൃതര്‍ സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് അയച്ചു. 

സ്ത്രീയ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടതിന് പിന്നാലെയാണ് വീണ്ടും മനോരോഗ ചികിത്സ നിര്‍ദ്ദേശിച്ചത്. പിന്നീട് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൈക്കല്‍ ചികിത്സ തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ വീട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൈക്കല്‍ നല്‍കിയ കോടതി ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. ഈ ഉത്തരവ് പ്രകാരം കുടുംബാംഗങ്ങളുമായി കഴിഞ്ഞു വരികെയാണ് ദാരുണമായ കൊലപാതകവും ആത്മഹത്യയും നടന്നത്.

മൃതദേഹങ്ങള്‍ വെള്ളിയാഴ്ച്ച നടത്തിയേക്കുമെന്നാണ് കോവില്‍ നിന്നുള്ള വാര്‍ത്തകള്‍.മാതാപിതാക്കളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മകള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.ഇത് കൂടി പരിഗണിച്ചാവും സംസ്‌കാര സമയം നിശ്ചയിക്കുക.

ഇതിനിടെ കോവില്‍ ഇന്ന് നടത്തുവാനിരുന്ന ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു  


Scroll To Top