Monday December 05, 2016
Latest Updates

ടൊയോട്ട കാര്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു

ടൊയോട്ട കാര്‍ റേസിങ്ങില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു

നിങ്ങള്‍ കാറോട്ടത്തില്‍ താല്‍പര്യമുള്ളവര്‍ ആണോ? എങ്കില്‍ ടൊയോട്ട എറ്റിയോസ് മോട്ടോര്‍ റേസിങ്ങില്‍ ഒരു കൈ നോക്കാം.

മൂന്നാമത് ടൊയോട്ട എറ്റിയോസ് മോട്ടോര്‍ റേസിങ്ങിലേക്ക് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കാര്‍ റേസിങ്ങില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് www.toyotaetiosmotorracing.in എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. പതിനഞ്ചു മുതല്‍ 28 വയസ് വരെയുള്ളവര്‍ക്കും, 29 വയസ് മുതല്‍ മുകളിലേയ്ക്കുള്ളവര്‍ക്കും, ഇങ്ങനെ രണ്ടു വിഭാഗങ്ങളില്‍ ആയാണ് മത്സരം. റേസിംഗില്‍ മുന്‍കാല പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ആദ്യ റൗണ്ട് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പരിശോധന പൂര്‍ത്തിയായ ശേഷം, മെയ് മാസം നടക്കുന്ന ഗോകാര്‍ട്ടിംഗ് റൗണ്ടിലൂടെ ഓണ്‍ ഗ്രൗണ്ട് ഡ്രൈവര്‍മാര്‍ക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ്‌വേയിലെ എറ്റിയോസ് മോട്ടോര്‍ റേസിങ് കാറിലാണ് അവസാന തെരഞ്ഞെടുപ്പ്. മുന്‍കാല എറ്റിയോസ് മോട്ടോര്‍ റേസിങ് പരിചയമുള്ളവര്‍ക്ക് നേരിട്ട് ഫൈനല്‍ സെലക്ഷന്‍ റൗണ്ടിലേയ്ക്ക് പ്രവേശനം നേടാം. ഡ്രൈവിംഗ് പരിചയം, ശാരീരികക്ഷമത, ലാപ് ടൈമിങ്ങുകളിലെ കൃത്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ആറു തവണ ഐഎന്‍ആര്‍സി മോട്ടോര്‍ റാലി ചാംപ്യനും ഒരു തവണ ഫോര്‍മുല 3 (ഇന്ത്യ) ചാമ്പ്യനുമായ എന്‍. ലീലാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഗോകാര്‍ട്ടിംഗ് റൗണ്ടില്‍ മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തുക.

ഇന്ത്യയില്‍ വിജയകരമായി രണ്ടുവര്‍ഷം എറ്റിയോസ് മോട്ടോര്‍ റേസിങ് പൂര്‍ത്തിയാകിയ ശേഷം പുതിയ സീസണിലേയ്ക്ക് കടക്കുന്നതില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ സെയില്‍സ് ഗ്രൂപ്പ് സീനിയര്‍ മാനേജിങ് കോര്‍ഡിനേറ്ററും, കൂടാതെ ടൊയോട്ട പ്ലാനിംഗ് ആന്‍ഡ് സ്ട്രാറ്റജി ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റുമായ അകിതോഷി തകേമൂറ സന്തോഷം പ്രകടിപ്പിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന വനിതാ ഡ്രൈവര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസില്‍ 50 ശതമാനം ഇളവ് നല്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

Scroll To Top