Friday December 09, 2016
Latest Updates

വിനോദ സഞ്ചാരം:യൂറോപ്യന്‍മാര്‍ കേരളത്തെ ഉപേക്ഷിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

വിനോദ സഞ്ചാരം:യൂറോപ്യന്‍മാര്‍ കേരളത്തെ ഉപേക്ഷിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

 ഡബ്ലിന്‍:യൂറോപ്യന്‍ സഞ്ചാരികള്‍ കേരളത്തെ ഉപേക്ഷിക്കുന്നുവോ?ഇന്ത്യയിലേയ്ക്ക് പോകുന്നതില്‍ പത്തിലൊന്ന് യൂറോപ്യന്‍ ടൂറിസ്റ്റുകള്‍ പോലും കേരളത്തിലേയ്ക്ക് സന്ദര്‍ശനം സന്ദര്‍ശനം നടത്തുന്നില്ലെന്ന് പഠനറിപ്പോര്‍ട്ടുകള്‍.

ഏറെ യാത്ര നടത്തുന്ന ഒട്ടേറെ ഐറിഷ് സഞ്ചാരികള്‍ ഇന്ത്യ യാത്രാലക്ഷ്യമാക്കുമ്പോള്‍ കേരളത്തെ ഉപേക്ഷിക്കുന്നതിന് പ്രധാനകാരണം കേരളത്തിലെ ടൂറിസം മേഖലയെ കുറിച്ചുള്ള പ്രചാരണക്കുറവാണെന്ന് പഠനം പറയുന്നു.കേരളം അടക്കം ഏഷ്യയിലെ അറിയപ്പെടാത്ത മനോഹരപ്രദേശങ്ങളെ കുറിച്ചു പരാമര്‍ശിച്ചു കൊണ്ട് പ്രമുഖ ഐറിഷ് ട്രാവല്‍ മാസികയാണ് പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ഗോള്‍ഡന്‍ റ്റ്രയാംഗളിന് അപ്പുറത്തേയ്ക്കുള്ള ഇന്ത്യയെകുറിച്ച് അറിയാവുന്ന ഐറിഷ് യാത്രികര്‍ കുറവാണ്.ആഗ്രഡല്‍ഹിജയ്പ്പൂര്‍ മേഖലകള്‍ കറങ്ങി തിരിച്ചു പോരുന്നവരാണ് 60% ടൂറിസ്റ്റുകളും.തമിഴ് നാടാണ് ഐറിഷ് ടൂറിസ്റ്റുകള്‍ക്ക് ഇഷ്ട്ടപെട്ട മറ്റൊരു പ്രദേശം.ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന നൂറുകണക്കിന് ഐറിഷ്‌കാരുടെ സ്മൃതി മണ്ഡപങ്ങള്‍ തേടി ചെല്ലുന്ന പിന്‍തലമുറക്കാരാണ് അവരിലേറെയും.

ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കേരളത്തിലേയ്ക്ക് കടന്നു ചെല്ലാന്‍ ആ ക്യാപ്ഷന്‍ മാത്രം പോരെന്നു പഠനം പറയുന്നു.യാത്രാ സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വളരെ പിന്നിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ അടക്കമുള്ള കേരളത്തിലെ ടൂറിസം പ്രോമോട്ടേഴ്‌സ് എന്നാണ് മറ്റൊരു വിശദീകരണം.

കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ വിനോദസഞ്ചാരമേഖല പതിറ്റാണ്ടുകളായി താങ്ങിനിര്‍ത്തിയിരുന്നത് യൂറോപ്പ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ള സഞ്ചാരികളായിരുന്നു. എന്നാല്‍, സാമ്പത്തികമാന്ദ്യം യൂറോപ്പില്‍നിന്നു കേരളത്തിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ കാര്യമായി ബാധിച്ചുതുടങ്ങിയെന്നാണ് കേരളാ സര്‍ക്കാരിന്റെ നിലപാട്.

കേരളത്തിന്റെ പരിസ്ഥിതി സൌഹൃദപദ്ധതികളും ഉത്തരവാദടൂറിസവും യൂറോപ്പില്‍ നിന്ന് കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കാന്‍ സഹായകമാകുമെങ്കിലും പറയുന്നതല്ലാതെ പ്രവര്‍ത്തികളില്‍ അതൊന്നും നടപ്പാക്കാനുള്ള ആര്‍ജവം കാട്ടുന്നില്ല.
കൂടുതല്‍ ടൂറിസം വ്യാപാരസാധ്യതകള്‍ കണ്ടെത്തുന്നതിനായി ആയുര്‍വ്വേദം, ബീച്ച്, കായല്‍, വന്യമൃഗസങ്കേതങ്ങള്‍, സാഹസിക ടൂറിസം തുടങ്ങി കേരളത്തിന്റെ തനതു വിനോദസഞ്ചാരമേഖലകളുടെ പുതിയ ആകര്‍ഷകത്വങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രം മതി.യൂറോപ്പില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തൊട്ടറിയാനുള്ള അവസരവും ആവുമത്. റിപ്പോര്‍ട്ട് പറയുന്നു.

Scroll To Top