Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ മൂന്നുവയസുകാരി ടിസ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ടച്ച് ‘ യൂ ടൂബില്‍ റിലീസ് ചെയ്തു

അയര്‍ലണ്ടിലെ മൂന്നുവയസുകാരി ടിസ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ടച്ച് ‘ യൂ ടൂബില്‍ റിലീസ് ചെയ്തു

ഡബ്ലിന്‍:സ്മാര്‍ട്ട് ഫോണുകളും അത്യന്താധുനീക കമ്മ്യൂണിക്കേഷന്‍ ഡിവൈസുകളും നിങ്ങളെ നിങ്ങളുടെ കുരുന്നുമക്കളില്‍ നിന്നും എത്രയധികം അകറ്റിയിട്ടുണ്ട് എന്ന് ചിന്തിക്കാത്ത പ്രവാസികള്‍ അപൂര്‍വമാണ്.ജോലിയുടെ ആലസ്യം തീര്‍ക്കാന്‍ ഇലക്ട്രോണിക്‌സ് ഡിവൈസുകളുടെ സാമീപ്യം നാം അത്രയധികം കൊതിക്കുന്നു.അഥവാ വാട്‌സ് ആപ്പിന്റെയും ഫേസ് ബുക്കിന്റെയും നോട്ടിഫിക്കേഷന്‍ ടോണുകള്‍ ഓരോ തവണയും എത്തുമ്പോള്‍ ഒരു വേള നമ്മുടെ ചുറ്റുമുള്ള മക്കളെ എത്ര ക്രൂരമായാണ് നാം അവഗണിച്ചു കളയുന്നത്?

ആധുനിക ജീവിതസാഹചര്യങ്ങളില്‍ സ്‌നേഹത്തിനും കരുതലിനും വേണ്ടി ദാഹിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ കഥ പറയുന്ന പുതിയ ഷോര്‍ട്ട് ഫിലിം’ ടച്ച് ‘(touch)യൂ ടൂബില്‍ റിലീസ് ചെയ്തു.

അയര്‍ലണ്ടിലെ മലയാളികളായ കലാകാരന്‍മാര്‍ ഒരുക്കിയ ടച്ച് ‘ പ്രവാസി ജീവിതത്തിന്റെ തിരക്കില്‍ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും പോകുന്ന കുട്ടികളുടെ ദൃശ്യാവിഷ്‌കാരമാണ്.മാത്യു എബ്രഹാം,സഞ്ജയ് സതീശന്‍,സൂസന്‍ മാത്യു,ഐറിന്‍ ടോണി,എന്നിവരോടൊപ്പം മുഖ്യകഥാപാത്രമായി ടിസാ ടോമും രംഗത്തെത്തുന്നു.ടിസ ടോം എന്ന മൂന്നു വയസുകാരി അസാധാരണമായ അഭിനയ പാടവത്തോടെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അവള്‍ക്ക് മുമ്പിലായി പ്രേക്ഷകര്‍ ഒന്നടങ്കം ലജ്ഞയാല്‍ കുറ്റബോധത്തോടെ തലതാഴ്‌ത്തേണ്ടി വരും.ബ്ലാഞ്ചാസ് ടൌണ്‍ ഓംഗറിലെ ടോം പയസിന്റെയും ജോഫി ടോമിന്റെയും മകളാണ് ടിസ.

കൌമാരത്തിലും യൌവനത്തിലും കമ്മ്യൂണിക്കേഷന്‍ ഡിവൈസുകള്‍ക്ക് അടിമകളായി ജീവിക്കാനുള്ള സന്ദേശമാണോ നാം കുട്ടികള്‍ക്ക് കൊടുക്കുന്നത് എന്ന് ചിന്തിക്കാനുള്ള അവസരം കൂടിയാണ് ബിനു ആന്റണി സംവിധാനം ചെയ്ത് സ്‌മോക്ക് ക്രിയേഷനു വേണ്ടി സലിന്‍ ശ്രീനിവാസന്‍ പുറത്തിറക്കിയ ‘ടച്ച്’. സിംപ്‌സണ്‍ ജോണാണ് പാശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്

കുട്ടികള്‍ ജീവിതത്തിലെ പൂക്കളാണ്.കുട്ടികളെ സ്‌നേഹിക്കുന്നവര്‍ രാജ്യത്തേയും സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞത് ജവഹലാല്‍ നെഹ്‌റുവാണ്.പക്ഷെ നാം കുട്ടികളെ എങ്ങനെ സ്‌നേഹിക്കണം?കുട്ടികളെ സ്‌നേഹിക്കാന്‍ നമുക്ക് സമയം ലഭിക്കുന്നില്ലെന്ന് പറയേണ്ടി വന്നാല്‍ അത് ഒരു ദുരന്തമായിരിക്കും.നാം എന്ത് പറയുന്നുവോ എന്ത് ചെയ്യുന്നുവോ അതാവും നമ്മുടെ കുട്ടികളും ചെയ്യുക.

‘ടച്ച് പാഡ് സ്‌ക്രീനുകളെയല്ല ..അവരുടെ ഹൃദയങ്ങളെ തൊടുക’എന്ന നിശബ്ദനിലവിളിയാണ് ഈ ഷോര്‍ട്ട് ഫിലിം വഴി ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രേക്ഷകനോട് സംവദിക്കുന്നത്.

 

Scroll To Top