Sunday December 11, 2016
Latest Updates

മെഡിക്കല്‍ സയന്‍സില്‍ പുതിയ നേട്ടവുമായി അയര്‍ലണ്ടിലെ മലയാളി ടോണി തോമസ്:ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ മേഖലയില്‍ ലോകശ്രദ്ധ നേടുന്ന കണ്ടെത്തല്‍

മെഡിക്കല്‍ സയന്‍സില്‍ പുതിയ നേട്ടവുമായി അയര്‍ലണ്ടിലെ മലയാളി ടോണി തോമസ്:ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ മേഖലയില്‍ ലോകശ്രദ്ധ നേടുന്ന കണ്ടെത്തല്‍

ഡബ്ലിന്‍:മെഡിക്കല്‍ സയന്‍സില്‍ അയര്‍ലണ്ടിലെ മലയാളിയുടെ കണ്ടുപിടുത്തം ചരിത്രനേട്ടത്തിലേക്ക്.ഡബ്ലിന്‍ ബൂമോണ്ട് ആശുപത്രിയിലെ അസിസ്റ്റന്റ് ഡയറക്റ്ററായ ടോണി തോമസ് പൂവേലിക്കുന്നേലാണ് ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ മേഖലയില്‍ പരമ്പരാഗതമായി ഉപയോഗിച്ച് പോരുന്ന ആന്റിയോട്ടിക്കിനു ബദല്‍ മാര്‍ഗം കണ്ടുപിടിച്ച് പ്രവാസി സമൂഹത്തിന് ഒട്ടാകെ അഭിമാനമായത്.

2002 മുതല്‍ ബൂമോണ്ട് ഹോസ്പിറ്റലില്‍ അസിസ്റ്റന്റ് ഡയറക്‌റായും,ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് തലവനായും സേവനമനുഷ്ടിക്കുന്ന ടോണി തോമസ് ഏതാനം വര്‍ഷങ്ങളായി അയര്‍ലണ്ടിലെ ഹെല്‍ത്ത് റിസേര്‍ച്ച് ബോര്‍ഡിന്റെ കീഴില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ മേഖലയില്‍ ഗവേഷണം ചെയ്യുകയാണ്.ഡബ്ലിനിലെ പ്രശസ്തമായ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിലെ ഫാക്കല്‍റ്റി അംഗവുമാണ് ഇദ്ദേഹം.

കഴിഞ്ഞ ആഴ്ച യൂ കെയിലെ ലീഡ്സിനടുത്തുത്തുള്ള ഹാരോഗേറ്റില്‍ നടന്ന ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ ഇന്റര്‍നാഷനല്‍ കോണ്‍ഫ്രന്‍സില്‍ ഏറ്റവും മികച്ച പ്രസന്റേഷനായി ടോണി തോമസിന്റെ ഗവേഷണ പ്രബന്ധമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എംആര്‍എസ്എ ബാക്ടീരിയയ്‌ക്കെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് അതിവേഗം അതിജീവനമാര്‍ഗം തേടുന്നത് വഴി കൂടുതല്‍ തവണ രോഗികളില്‍ ഫലപ്രദമാകുന്നില്ലെന്ന അവസ്ഥയ്ക്ക് ടോണി തോമസിന്റെ ബദല്‍മാര്‍ഗം മാറ്റം വരുത്തുമെന്ന് മെഡിക്കല്‍ സയന്‍സ് വൃത്തങ്ങള്‍ കണ്ടെത്തി.പ്രധാനമായും നാസാരന്ധ്രങ്ങളില്‍ വളരുന്ന എംആര്‍എസ്എ ബാക്ടീരിയയെ ചെറുക്കാന്‍ അനേക ദശകങ്ങളായി ഒരൊറ്റ ആന്റിബയോട്ടിക്കാണ്((Mupirocin) വൈദ്യശാസ്ത്രത്തില്‍ നിലവിലുള്ളത്.ഇതിന് പകരമായി കൂടുതല്‍ പ്രതിരോധശക്തിയുള്ള മരുന്ന് കണ്ടെത്താന്‍ ടോണി തോമസ് ഉപയോഗിച്ചത് മെഡിക്കല്‍ ഗ്രേഡ് ഹണിയാണ്.

മെഡിക്കല്‍ ഗ്രേഡ് ഹണി ഉപയോഗിച്ചപ്പോള്‍ എം ആര്‍എസ്എ ബാക്ടീരിയ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടും എന്ന ടോണിയുടെ കണ്ടെത്തല്‍ ശാസ്ത്രലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.അന്താരാഷ്ട്ര ജേര്‍ണലുകളില്‍ ടോണി തോമസിന്റെ ഗവേഷണപ്രബന്ധം പ്രസിദ്ധികരിക്കുന്നുണ്ട്.

കാഞ്ഞിരപ്പള്ളി കൊരട്ടി കുറുവാംമുഴി സ്വദേശിയായ ടോണി തോമസ് പൂവേലിക്കുന്നേല്‍ ഡബ്ലിനിലെ സാംസ്‌കാരികമേഖലയിലും പരക്കെ അറിയപ്പെടുന്നയാളാണ്.ഭാര്യ നീന ജോസഫ് നടുവിലേക്കൂറ്റ്,കടനാട് സ്വദേശിനിയാണ്.മൂന്ന് മക്കളാണ് ഇവര്‍ക്ക്. വിദ്യാര്‍ഥികളായ ജെന്നിഫര്‍,ക്രിസ്റ്റി,ഡയന.

Scroll To Top