Sunday December 04, 2016
Latest Updates

ബ്രിട്ടനില്‍ പുകവലി മൂലം 15 ലക്ഷം കുട്ടികള്‍ ദാരിദ്യത്തിലാവുന്നതായി പഠനം

ബ്രിട്ടനില്‍ പുകവലി മൂലം 15 ലക്ഷം കുട്ടികള്‍ ദാരിദ്യത്തിലാവുന്നതായി പഠനം

പുകവലിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന പരസ്യവാചകം മറ്റൊരര്‍ത്ഥത്തിലും സത്യമാണെന്ന് തെളിയിക്കുകയാണ് യുകെയില്‍ നിന്നുള്ള ഒരു പഠനം. യുകെയില്‍ പതിനഞ്ച് ലക്ഷത്തോളം കുട്ടികളാണ് രക്ഷിതാക്കളുടെ പുകവലി കാരണം ദാരിദ്ര്യത്തില്‍ കഴിയുന്നതെന്നാണ് പഠനം പറയുന്നത്.

നോട്ടിങ്ങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. അച്ഛനും അമ്മയും പുകവലിക്കാരായ കുടുംബങ്ങളില്‍ പുകവലിക്കായി മാത്രം ആഴ്ചതോറും ചെലവിടുന്നത് 50 ബ്രിട്ടീഷ് പൗണ്ടാണെന്നാണ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അച്ഛനമ്മമാരുടെ വരുമാനത്തില്‍ വലിയൊരു ഭാഗം ഇതിലൂടെ ചോര്‍ന്നു പോകുമ്പോല്‍ കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പരിപാലനം എന്നിവയ്ക്കുള്ള വിഹിതം കുറയുമെന്നാണ് ഗവേഷണസംഘത്തിലെ ഡോ. ടെസാ ലാംഗ്‌ലി പറയുന്നത്. പുകവലിക്കെതിരെ സര്‍ക്കാര്‍ കാര്യക്ഷമമായ പ്രചരണങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരണമെന്നും പഠനം ആവശ്യപ്പെടുന്നു.

അതേസമയം, പൊതുനിരത്തുകളില്‍ പുകവലി നിരോധിച്ചത് മൂലം പുകവലി സംബന്ധമായ അസുഖങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2007ല്‍ പുകവലി നിരോധിച്ച ശേഷം ചെസ്റ്റ് ഇന്‍ഫക്ഷന്‍ പിടിപെടുന്ന കുട്ടികളുടെ എണ്ണം 14 ശതമാനത്തോളം കുറഞ്ഞു. പ്രതിവര്‍ഷം 11,000 കുട്ടികളുടെ കുറവാണ് ഇതോടെ രേഖപ്പെടുത്തിയത്.

ബ്രിട്ടനില്‍ പുകയില നിയന്ത്രണം സര്‍ക്കാരും പുകയില കമ്പനികളും തമ്മിലുള്ള നിയമയുദ്ധത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പഠനം പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്. 2017ഓടെ പുകവലി ബ്രിട്ടനില്‍ നിന്ന് പാടെ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ കമ്പനിയും, ഫിലിപ് മോറിസ് ഇന്റര്‍നാഷണലും നിയമ യുദ്ധം നടത്തിവരികയാണ്. മെയ് 31ന് ലോകവ്യാപകമായി പുകയില വിരുദ്ധ ദിനം ആചരിക്കുകയാണ്.

 

Scroll To Top