Thursday November 23, 2017
Latest Updates

വാടക വര്‍ദ്ധനവിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ട്രഷ്‌ഹോള്‍ഡ് :വീട്ടുടമകളുടെ തന്ത്രങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കാന്‍ പദ്ധതി 

വാടക വര്‍ദ്ധനവിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ട്രഷ്‌ഹോള്‍ഡ് :വീട്ടുടമകളുടെ തന്ത്രങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മയൊരുക്കാന്‍ പദ്ധതി 

ഡബ്ലിന്‍ :ന്യായരഹിതമായുള്ള വാടക വര്‍ദ്ധനവ് നടപ്പാകാതിരിക്കാന്‍ സര്‍ക്കാര്‍ നിയമസംവിധാനങ്ങള്‍ ഒരുക്കുന്നതിന് മുന്‍പ് രാജ്യത്തൊട്ടാകെ വീട്ടുടമകള്‍ വാടക കൂട്ടിയെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി ഹൗസിഗ് ചാരിറ്റിയായ ട്രഷ്‌ഹോള്‍ഡ് ആരോപിച്ചു.

ലാഭക്കൊതിയന്മാരായ വീട്ടുടമസ്ഥര്‍ വാടക വര്‍ദ്ധിപ്പിക്കാന്‍ കൊണ്ട് പിടിച്ച ശ്രമം നടത്തുകയാണ്.വാടകക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഏക ഹൗസിംഗ് ചാരിറ്റി സംഘടന സാധാരണക്കാരെ ബാധിക്കുന്ന വലിയൊരു പ്രശ്‌നത്തിന്മേലുള്ള ആശങ്ക പങ്കുവെച്ചു കൊണ്ട് കഴിഞ്ഞ ദിവസം പുറപെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

‘വാടകക്കാരനെ വീട്ടുടമ വഞ്ചിക്കാതിരിക്കാന്‍ ആവശ്യമായത് ഇത് സംബന്ധിച്ച നിയമങ്ങളെക്കുറിച്ചുള്ള അറിവും ഗ്രാഹ്യവുമാണ്.അതിനുള്ള മാര്‍ഗങ്ങള്‍ അവര്‍ സ്വയം കണ്ടെത്തണം’.സംഘടനയുടെ അറിയിപ്പില്‍ പറയുന്നു. ഇപ്പോള്‍ അയര്‍ലണ്ടില്‍ വാടക സംബന്ധമായുള്ള കാര്യങ്ങളില്‍ ബോധവത്കരണം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ട്രഷ്‌ഹോള്‍ഡ് എന്ന സന്നദ്ധ സംഘടന. 

വാടകയുടെ കാര്യത്തില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ സംവിധാനമൊരുക്കുമെന്ന് ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പ്രസ്താവന നടത്തിയിരുന്നു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വീട്ടുടമയ്ക്ക് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിന്റെ അടിസ്ഥാനത്തില്‍ മാത്രമെ വാടക നിശ്ചയിക്കാന്‍ കഴിയുകയുള്ളു. അല്ലാത്തപക്ഷം നിലവിലെ വാടകനിരക്ക് ഉയര്‍ത്തണമെങ്കില്‍ പ്രോപ്പര്‍ട്ടിക്കും അതിന്റേതായ ഗുണമേന്മാ വര്‍ദ്ധനവ് അല്ലെങ്കില്‍ അടിസ്ഥാനസൗകര്യവികസനം നടത്തണം. ഇതൊന്നുമില്ലാതെ വാടക വര്‍ദ്ധിപ്പിക്കാന്‍ ആവില്ല.

ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നുണ്ടെന്ന് ബോധ്യമുള്ള വീട്ടുടമകള്‍ സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് വീട്ടുവാടക ഉയര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയാണോ എന്ന് പരിശോധിച്ച് നടപടി എടുക്കേണ്ടത് വീട്ടുടമകള്‍ തന്നെയാണെന്ന് ട്രഷ് ഹോള്‍ഡ് വക്താവ് ബോബ് ജോര്‍ഡന്‍ പറഞ്ഞു.

മന്ത്രി പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസ്താവനയെ രാഷ്ട്രീയക്കാരും മറ്റും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നാണ്.

മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരാണ് ഡബ്ലിന്‍ നഗരത്തില്‍ അടക്കം വാടകയ്ക്ക് താമസിക്കുന്നതില്‍ ഭൂരിഭാഗവും.അത് കൊണ്ട് തന്നെ തദ്ദേശിയര്‍ കൂടുതല്‍ അടങ്ങുന്ന അയര്‍ലണ്ടിലെ പൊതു സമൂഹം ഇക്കാര്യത്തില്‍ മുന്നിട്ട് ഇറങ്ങാന്‍ സാധ്യതയില്ല.

മഹാ ഭൂരിപക്ഷം വരുന്ന കുടിയേറ്റക്കാരായ വാടകക്കാര്‍ തദ്ദേശീയ പിന്തുണയും നേടിയെടുത്ത് മുന്നേറെണ്ടതുണ്ട്.റസിഡന്‍ഷ്യല്‍ ഭവന മേഖലയിലെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂട്ടായി പരിഹാരം കാണാനും ഒരൊറ്റ സംഘടന പോലും അയര്‍ലണ്ടില്‍ ഇല്ലയെന്നതും ഒരു പോരായ്മയാണ്.ട്രഷ്‌ഹോള്‍ഡ് ,പി റ്റി ആര്‍ ബി എന്നീ രണ്ടു ഏജന്‍സികള്‍ മാത്രമാണ് വാടകക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ ഭാഗീകമായെങ്കിലും പരിഹാരം കണ്ടെത്തുന്നത്.സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്ന ഏജന്‍സികള്‍ ആയതിനാല്‍ ഈ രണ്ടു സംഘടനകള്‍ക്കും പരിമിതികള്‍ ഏറെയാണ്.

അത് കൊണ്ടാണ് ട്രഷ്‌ഹോള്‍ഡിന് പോലും വാടക വര്‍ദ്ധനവിനെതിരെ പരാതിയുയര്‍ത്തി കോടതിയേയോ പ്രശ്‌നപരിഹാര സമിതിയെ സമീപിക്കണം എന്ന് ഉറച്ചു പറയാനാവാത്തതും.

പക്ഷെ മലയാളികള്‍ അടക്കമുള്ള വാടകക്കാര്‍ യാതൊരു കാരണവുമില്ലാത്ത വാടക വര്‍ദ്ധനവിനെതിരെ പരാതി നല്‍കി വീട്ടുടമസ്ഥരുടെ നീക്കങ്ങളെ പരാജയപ്പെടുത്തണം എന്ന് തന്നെയാണ് പ്രസ്താവനയിലൂടെ ട്രഷ് ഹോള്‍ഡ് പറയാതെ പറഞ്ഞ് മുന്നറിയിപ്പ് നല്കുന്നതും.

വാടകക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അവയ്ക്ക് നിര്‍ദേശിക്കാവുന്ന പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ‘ഐറിഷ് മലയാളി ‘അടുത്ത ദിവസം മുതല്‍ ഒരു ചര്‍ച്ച ആരംഭിക്കുകയാണ്.അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന് അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയമെന്ന നിലയില്‍ മലയാളികളുടെ ഇടയിലെങ്കിലും ഇത്തരമൊരു മുന്നേറ്റം നടത്തി പ്രശ്‌ന പരിഹാര മാര്‍ഗങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടത് ആവശ്യമാണെന്ന് ഉത്തരവാദിത്വമുള്ള ഒരു മാധ്യമം എന്ന നിലയില്‍ ‘ഐറിഷ് മലയാളി’ കരുതുകയാണ്.

വായനക്കാരുടെ നിര്‍ദേശങ്ങള്‍ infoirishmalayali@gmail.com എന്ന ഇ മെയിലില്‍ ഞങ്ങളെ അറിയിക്കുക.അഥവാ 089489 5416 എന്ന ഫോണ്‍ നമ്പറില്‍ ഐറിഷ് മലയാളി എഡിറ്ററെ നേരിട്ട് വിളിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാവുന്നതാണ് . തിരഞ്ഞെടുക്കപ്പെടുന്ന നിര്‍ദേശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ഐറിഷ് മലയാളി പ്രസിദ്ധീകരിക്കുന്നതാണ്. 

Scroll To Top