Sunday August 20, 2017
Latest Updates

ഡബ്ലിനിലെ ലക്ഷക്കണക്കിന് ഹൗസിംഗ് പ്ലോട്ടുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍,നയം മാറ്റം വേണമെന്ന് ജന പ്രതിനിധികള്‍ 

ഡബ്ലിനിലെ ലക്ഷക്കണക്കിന് ഹൗസിംഗ് പ്ലോട്ടുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍,നയം മാറ്റം വേണമെന്ന് ജന പ്രതിനിധികള്‍ 

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ വീടുകളുടെ എണ്ണം ജനസംഖ്യാനുപാതികമായി കുറഞ്ഞു വരുന്നതായി പഠനറിപ്പോര്‍ട്ടുകള്‍.എന്നാല്‍ ലക്ഷ ക്കണക്കിനു വീടുകള്‍ പണിയാനുള്ള സ്ഥലം ഡബ്ലിനില്‍ വീടുകള്‍ പണിയാനായി മാറ്റിയിട്ടിട്ടുണ്ടെന്നാണ് ഡബ്ലിന്‍ സിറ്റി കൌണ്‌സിലിന്റെ മറ്റൊരു പഠനം വെളിപ്പെടുത്തുന്നത്.

ആന്‍ പോസ്റ്റിന്റെ ഡാറ്റാ ഡിവിഷനായ ജിയോ ഡയറക്ടറിയിലെ ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം അയര്‍ലണ്ടിലെ ഹൗസിംഗ് മേഖലയില്‍ വീടുകള്‍ക്ക് വന്‍ ദൗര്‍ലഭ്യമാണെന്ന് ഭവനമേഖലയിലെ വിദഗ്ധര്‍ പറയുന്നു. ആയിരം പേര്‍ക്ക് 419 വീടുകള്‍ എന്ന നിലയില്‍ കാര്യത്തില്‍ ഡബ്ലിന്‍ ശരാശരിയ്ക്കും താഴെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐറിഷ് ജനസംഖ്യയ്ക്കനുസൃതമായി ഐറിഷ് വീടുകളില്ല എന്നാണ് ഇവരുടെ വാദം.

അതെ സമയം ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ കൌണ്‍സിലര്‍മാര്‍ ഇന്നലെ പുറത്തു വിട്ട മറ്റൊരു കണക്കനുസരിച്ച് ഡബ്ലിന്‍ മേഖലയില്‍ 2019 ല്‍ ആവശ്യമായത്രവയുടെ നാലിരട്ടി വീടുകള്‍ പണിയാനുള്ള സ്ഥലം ഇനിയും നഗരമേഖലയില്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.കൃത്യമായി പറഞ്ഞാല്‍ 414,000 വീടുകള്‍ പണിയാനുള്ള സ്ഥലം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റിയിട്ടിട്ടുണ്ട്.

ചെറി വുഡ്,ക്ലോണ്‍ബറീസ് ,ആഡംസ് ടൌണ്‍,ക്ലോണ്‍ ഗ്രിഫിണ്‍,ഡോക്ക് ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ വന്‍ കിട സൈറ്റുകള്‍ കൂടാതെ സിറ്റിയിലും കൌണ്ടിയിലുമെമ്പാടുമായാണ് ലക്ഷക്കണക്കിനു പ്ലോട്ടുകള്‍ നിലവിലുള്ളത് 

ഇതനുസരിച്ച് ഡബ്ലിന്‍ സിറ്റിയില്‍ മാത്രം 116,075 വീടുകളും അപ്പാര്‍റ്റ്‌മെന്റുകളും പണിയാന്‍ വേണ്ടി 2700 ഹെക്റ്റര്‍ സ്ഥലവും,ഇത് കൂടാതെ ഡബ്ലിന്‍ കൌണ്ടിയിലെ 14780 ഹെക്റ്ററുകളിലായി 298,000 വീടുകള്‍ക്കായുള്ള സ്ഥലവും ഒഴിച്ചിട്ടിട്ടുണ്ട്.

എന്നാല്‍ പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കടും പിടുത്തമാണ് സിറ്റി/ കൗണ്ടി കൗണ്‍സിലുകളെ കൂടുതല്‍ വീടുകള്‍ അനുവദിക്കുന്നതില്‍ നിന്നും തടസ്സപ്പെടുത്തുന്നത്.മുന്‍ഗണനാ ക്രമത്തിലും ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന വീടുകളുടെ തുടര്‍ച്ചയായും(അടുത്തായി ) മാത്രമേ വീടുകള്‍ അനുവദിക്കാവു എന്നതാണ് ഇതിലെ പ്രധാനതടസം.ഇത് ലഘൂകരിച്ചാല്‍ മാത്രം മതി മറ്റൊരു മേഖലയിലും ഇടപെടലുകള്‍ നടത്താതെ തന്നെ ഡബ്ലിന്‍ മേഖലയിലെ ഭവന പ്രതിസന്ധി പരിഹരിക്കാനെന്ന് ലേബര്‍ പാര്‍ട്ടി കൌണ്‍സിലര്‍ ഡേര്‍മറ്റ് ലെയ്‌സി പറഞ്ഞു.

ആന്‍ പോസ്റ്റിന്റെ ജോഗ്രഫിക്കല്‍ ഡേറ്റാ ഡിവിഷനായ ജിയോ ഡയറക്ടറി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ ആകെയുള്ള രണ്ട് മില്യണ്‍ ഭവനങ്ങളില്‍ വെറും രണ്ട് ശതമാനം മാത്രമാണ് കഴിഞ്ഞ വര്‍ഷം കൈമാറ്റം ചെയ്യപ്പെട്ടത്. പ്രവര്‍ത്തന ക്ഷമമായ വിപണിയ്ക്ക് നാല് ശതമാനമെങ്കിലും ഇടപാട് നടക്കണം. വിപണിയില്‍ സജീവമായ ചലനം ഉണ്ടാകുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ഉടമസ്ഥര്‍ നേരിട്ടും ഏജന്റുമാര്‍ വഴിയും കൈവശം വെച്ച വീടുകള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ ധാരാളമായി മാര്‍ക്കറ്റില്‍ ഉണ്ടായിട്ടും വില്‍പ്പന നടന്നില്ല.വീടു വാങ്ങുന്നതിനായുള്ള വായ്പ നടപടികള്‍ താരതമ്യേന കടുത്തതതും വീടിന്റെ വില കുതിച്ചുയര്‍ന്നതുമാണ് ഇതിന് കാരണം.

അയര്‍ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ ഭവന ഇടപാടുകള്‍ നടന്നത്.13588 ഇടപാടുകളാണ് ഇവിടെ നടന്നത്. മൊത്തം ഭവന മേഖലയുടെ രണ്ടര ശതമാനം വരുമിത്. മൊണഗനില്‍ 1.2 ശതമാനവും ഡോണഗല്‍, ടിപ്പെററി എന്നിവിടങ്ങളില്‍1.3 ശതമാനവും മാത്രമാണ് ഇടപാടുകള്‍ നടന്നത്.

കോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളില്‍ 12 ശതമാനവും കോര്‍ക്കിലാണ്..11.8 ശതമാനവുമായി ഡൊണഗലും ഡബ്ലിനുമാണ് രണ്ടാം സ്ഥാനത്ത്.

അതേസമയം റോസ്‌കോമണില്‍ നിര്‍മാണ പ്രവൃത്തികള്‍ തകര്‍ച്ചയിലാണ്. 29 കെട്ടിടങ്ങള്‍ മാത്രമാണ് ഇവിടെ നിര്‍മാണത്തിലിരിക്കുന്നത്.സ്ലൈഗോയിലും ലോങ് ഫോര്‍ഡിലും അപ്പാര്‍ട്ട് മെന്റുകള്‍ അടക്കം 40 കെട്ടിടങ്ങള്‍ വീതം മാത്രമാണ് നിര്‍മാണത്തിലിരിക്കുന്നത്..

ഡബ്ലിനാണ് ഏറ്റവും കൂടുതല്‍ വാസസ്ഥലങ്ങളുള്ള പ്രദേശം. സ്‌ക്വയര്‍ കിലോമീറ്ററില്‍ 581 വീടുകളാണ് ഇവിടെയുള്ളത്. ലേട്രിമ്മിലാണ് വീടുകള്‍ ഏറ്റവും കുറവ്. കിലോമീറ്റര്‍ ചുറ്റളവില്‍ വെറും 12 വീടുകളാണിവിടെയുള്ളത്.

Scroll To Top