Friday January 19, 2018
Latest Updates

വരൂ കഴുതകളേ , കാട്ടുപോത്തുകളെ നേരിടാന്‍ സമയമായി !! (സെബി സെബാസ്റ്റ്യന്‍ )

വരൂ കഴുതകളേ , കാട്ടുപോത്തുകളെ നേരിടാന്‍ സമയമായി !! (സെബി സെബാസ്റ്റ്യന്‍ )

ന്ത്യയില്‍ പ്രത്യകിച്ചു കേരളത്തില്‍ കുറേ കാലങ്ങളായി സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.അധികാരവര്‍ഗം നിയമസംഹിതകളെയും ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്നു. അധികാരവും നിയമവും കൈയാളുന്ന രാഷ്ട്രീയക്കാര്‍,നിയമപാലകര്‍, നിയമന്ജര്‍ ,ഉദ്യോഗസ്ഥര്‍, വന്‍കിടബിസിനസ്സുകാര്‍ തുടങ്ങിയവരെല്ലാം കൂടിചേര്‍ന്നു തങ്ങളുടേതായ ലോകം തീര്‍ത്തു സാധാരണക്കാരനെ മാറ്റി നിര്‍ത്തിയിരിക്കുന്നു .

തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ക്കും നീതിനിഷേധങ്ങള്‍കും എതിരെ സാധാരണ ജനം മുറവിളികൂട്ടുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണാതെ പോകുന്നു. അഭയകേസ്, കാസര്‍കോഡു എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ,ആദിവാസികളുടെ ഭൂസമരം, ഈയിടെ സംഭവിച്ച റോജി റോയ് എന്ന നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ മരണം തുടങ്ങി സാധാരണക്കാര്‍ പ്രതികരിച്ച ഏതു കേസിലാണ് നീതി നടപ്പായിട്ടുള്ളത് ? സരിതയുടെ നഗ്‌നദൃശ്യങ്ങള്‍ അന്വേഷിക്കാന്‍ മൂന്ന് എജന്‍സികള്‍,എന്നാല്‍ റോജി റോയ് എന്ന പാവം പെണ്‍കുട്ടിയുടെ മരണം അന്വേഷിക്കാന്‍ ആരുമില്ല.റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും മാധ്യമങ്ങള്‍ മടിക്കുന്നു ! 

കഴുത കരഞ്ഞു കാമം തീര്‍ക്കുന്ന പോലെ കുറെ കരഞ്ഞിട്ടു പൊതുജനമെന്ന കഴുതകള്‍ തിരിച്ചുപോയ് കൊള്ളൂമെന്നു അധികാരവും പണവുമുളള കാട്ടുപോത്തുകള്‍ക്കറിയാം .കാട്ടുപോത്തുകളെ വേദമോതി നേര്‍വഴി നടത്താന്‍ കഴിയില്ല. അടി കൊടുത്താലേ നേര്‍വഴി നടക്കു. പൊതുജനമെന്ന കഴുതകള്‍ക്ക് കരയാന്‍ മാത്രമല്ല,പുറം കാലു കൊണ്ട് തൊഴിക്കാനും അറിയാം എന്ന് നാം കാണിച്ചുകൊടുക്കണം .

അധികാരിവര്‍ഗത്തിന്റെ അനീതികള്‍ക്കെതിരെ പ്രതികരിക്കുന്നതിന്റെ പേരാണോ നക്‌സലിസം ?എങ്കില്‍ ഒരു നക്‌സല്‍ ആവുന്നതില്‍ നാം അഭിമാനിക്കണം .അങ്ങനെ ‘നക്‌സലിസം’ എന്ന വെറുക്കപ്പെട്ട വാക്കിനെ നമുക്ക് മഹത്വവല്‍ക്കരിക്കണം !

ബ്രിട്ടീഷുകാര്‍ അഹിംസ കണ്ടും സത്യാഗ്രഹം കണ്ടും മനസ്സലിയുന്നവരായിരുന്നു .എന്നാല്‍ അഭിനവ ബ്രിട്ടീഷുകാര്‍ അഹിംസ കണ്ടും സത്യാഗ്രഹം കണ്ടും കളിയാക്കി ചിരിക്കുന്നു ,ആര്‍ത്തട്ടഹസിച്ചു പരിഹസിക്കുന്നു. ഈ അഭിനവ ബ്രിട്ടീഷുകാരില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍ നാം തെരുവിലിറങ്ങി യുദ്ധം ചെയ്യേണ്ട സമയമായിരിക്കുന്നു . 

ഏഴ് അല്ല ഏഴു എഴുപതു പ്രാവശ്യം ക്ഷമിക്കണം എന്ന് പഠിപ്പിച്ച സ്‌നേഹത്തിന്റെയും ക്ഷമയുടെയും പ്രവാചകനായ യേശുദേവന്‍ പോലും ക്ഷമ നശിച്ച ഘട്ടത്തില്‍ അയുധമെടുത്തിട്ടുണ്ട് .അപക്ഷകളും അഭ്യര്‍ഥനകളും പുറംകാലുകൊണ്ട് തട്ടിതെറിപ്പിച്ചപ്പോള്‍ ക്ഷമ നശിച്ച ഘട്ടത്തില്‍ ധര്‍മസംസ്ഥാപനത്തിനും നീതിക്കും വേണ്ടി ആയുധമെടുക്കാന്‍ നിര്‍ബദ്ധിതരായവരാണ് ശ്രീകൃഷ്ണനും ശ്രീരാമനും.

അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കില്‍ സാധാരണക്കാരന്റെ മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ചു വിഹരിക്കുന്ന കാട്ടുപോത്തുകള്‍ അപേക്ഷകള്‍ കൊണ്ടും പരാതികള്‍കൊണ്ടും മെരുങ്ങില്ലെന്നു ധാരാളം അനുഭവങ്ങളില്‍നിന്നു നാം പഠിച്ചു കഴിഞ്ഞു. ഇനിയും പരാജയത്തിന്റെ ഈ സമരരീതി നാം തുടരണമോ ? 
എത്ര ആട്ടി പായിച്ചാലും ഇലക്ഷന്‍ സമയത്ത് കൈഞൊടിച്ചു വിളിച്ചാല്‍ വാലാട്ടി വരും ഈ കഴുതകള്‍ എന്ന് രാഷ്ട്രീയക്കാര്‍ക്ക് നന്നായി അറിയാം.നമ്മുടെ നികുതി പണം വാങ്ങി നമ്മെ അടിമകളായി ഭരിക്കുന്ന ഈ കാട്ടാള നീതി അവസാനിപ്പിക്കാന്‍ സമയമായി.അള മുട്ടിയാല്‍ ചേരയും കടിക്കും.വികാരപ്രകടനങ്ങളും ബോധവല്‍ക്കരണങ്ങളും നിര്‍ത്താന്‍ സമയമായി. അടുത്ത ഘട്ടം പ്രവര്‍ത്തിയുടെതാണ്. 

നീതിനിഷേധങ്ങള്‍ക്കെതിരെ അതേ നാണയത്തില്‍ പ്രതികരിക്കണം.മനുഷ്യചരിത്രം പോരാട്ടങ്ങളുടെത് കൂടിയാണ്. ഒരേ മനസ്സോടെ ഒരേ വികാരത്തോടെ തിക്താനുഭാവങ്ങളുടെ തീചൂളകള്‍ നെഞ്ചില്‍ പേറി അധികാരവര്‍ഗത്തിനെതിരെ യുദ്ധത്തിനിറങ്ങിയ ഒരു സമൂഹവും തോറ്റ ചരിത്രമില്ല. ഇന്നല്ലെകില്‍ നാളെ വിജയം നമ്മുടെതാണ്.ജനാധിപത്യത്തിലെ യജമാനന്മാര്‍ നേരിട്ടു അങ്കത്തിനിറങ്ങട്ടെ. കരഞ്ഞു കണ്ണീര്‍ വറ്റിയ കണ്ണുകളില്‍നിന്നും ദുഖം ഘനീഭവിച്ച ഹൃദയത്തില്‍ നിന്നും ശക്തി കൈകളിലേക്ക് ഒഴുകട്ടെ. 

സുഖശീതളിമയില്‍ അനീതിയുടെ മത്തു പിടിച്ചു കൊട്ടാരങ്ങളില്‍ വാഴുന്ന കാട്ടുപോത്തുകളെ തുരത്താന്‍ നമുക്കൊരു കടലിരംബമാവാം!! പൊതുജനത്തിനെ ‘കഴുതകള്‍’ എന്ന് എവിടെയും ആക്ഷേപിക്കുമ്പോള്‍ ആര്‍ക്കും ഒന്നും തോന്നാറില്ല ! 

seby sമൗനസമ്മതം പോലെ ആ വിളി നാം ഉള്‍കൊണ്ടുപോയി എന്നാണതിനര്‍ഥം. ഇനി വയ്യ…. ക്ഷമയുടെ നെല്ലിപലകയെത്തിയിരിക്കുന്നു …. പൊതുജനം പ്രതികരണ രീതി മാറ്റെണ്ട സമയം അതിക്രമിച്ചിരിക്കുന്നു ….വരൂ കഴുതകളെ , നമുക്കൊരുമിച്ചു ഈ കാട്ടുപോത്തുകളെ നേരിടാനിറങ്ങാം……..

Sebi Sebastian ,CelbridgeScroll To Top