Wednesday November 22, 2017
Latest Updates

ഫുട്ബോള്‍ കളി തോറ്റാലും 5 മില്യന്‍ യൂറോ ! അയര്‍ലണ്ടിന് ലഭിച്ച നഷ്ട്ടപരിഹാര തുകയെ ന്യായീകരിക്കാന്‍ അധികൃതര്‍ രംഗത്ത്

ഫുട്ബോള്‍ കളി തോറ്റാലും 5 മില്യന്‍ യൂറോ ! അയര്‍ലണ്ടിന് ലഭിച്ച നഷ്ട്ടപരിഹാര തുകയെ ന്യായീകരിക്കാന്‍ അധികൃതര്‍ രംഗത്ത്

ഡബ്ലിന്‍ :ഫിഫയില്‍ നിന്നും 5 മില്ല്യണ്‍ യൂറോയുടെ സാമ്പത്തിക സഹായം ലഭിച്ചതിന്റെ വിശദമായ രേഖകള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് പുറത്തുവിട്ടു. 2010 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും ടീമിന്റെ വിവാദ പുറത്താകലിനെ തുടര്‍ന്നാണ് ഫിഫ അയര്‍ലണ്ടിന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നത്.അനധികൃതമായ രീതിയിലാണ് പണം അയര്‍ലണ്ടിന് ലഭിച്ചത് എന്ന് മുന്‍പ് പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണിത്.
2010 ഓഡിറ്റ് ചെയ്യപ്പെട്ട കണക്കുകളില്‍ തുക ഉള്‍പ്പെട്ടുവെന്നും, ഈ തുക അവിവ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നും എഫ് എ ഐ പറയുന്നു. ഫിഫ നല്‍കിയെന്നു പറയുന്ന ധനസഹായത്തില്‍ വ്യക്തത വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍, സംഘടന അയര്‍ലണ്ട് ഫൂട്‌ബോള്‍ രംഗത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് തെളിയിക്കുന്നതിനായാണ് നടപടിയെന്ന് സംഘടനാ വക്താക്കള്‍ പ്രതികരിച്ചു.
ഫിഫയുമായി നടന്ന പണമിടപാടില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നിയടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഇടപാടുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് കായികമന്ത്രി പാസ്‌കല്‍ ഡോണോയും, എഫ് എ ഐ അംഗങ്ങള്‍ക്കു പോലും ഇടപാടിനെ കുറിച്ച് വിവരമില്ലെന്ന് മുന്‍ എഫ് എ ഐ പ്രസിഡണ്ട് ഫ്രാന്‍ റൂണിയും നേരത്തെ പറഞ്ഞിരുന്നു.

5 മില്യണ്‍ യൂറോ ലോണായി നല്‍കാമെന്നായിരുന്നു ഫിഫ വാഗ്ദാനം ചെയ്തതെങ്കിലും ഇത് 2011ല്‍ 4 മില്ല്യണായി വെട്ടിക്കുറച്ചുവെന്നാണ് എഫ് എ ഐ പറയുന്നത്. 2014 ബ്രസീല്‍ ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ലെങ്കില്‍ തുക തിരിച്ചടക്കേണ്ടതില്ല എന്നായിരുന്നു നിബന്ധന. ഇതനുസരിച്ച് 2013ല്‍ ലോണ്‍ എഴുതി തള്ളി. 2014 ലോകകപ്പില്‍ അയര്‍ലണ്ട് യോഗ്യത നേടിയിരുന്നില്ല.

അതേ സമയം 2010 ലോകകപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ റഫറിയുടെ വിവാദ തീരുമാനത്തിന്റെ പേരില്‍ അയര്‍ലണ്ടിന് നഷ്ടപരിഹാരം നല്‍കിയതിനെതിരെ ജെര്‍മന്‍ ഫൂട്‌ബോള്‍ പ്രസിഡണ്ട് വോള്‍ഫ്ഗാങ്ങ് നീര്‍സ്ബാച്ച് രംഗത്തെത്തി . തീരുമാനം വലിയൊരു തമാശയായി തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകകപ്പ് യോഗ്യതക്കായി 2009ല്‍ പാരീസില്‍ നടന്ന പ്ലേഓഫ് മത്സരത്തില്‍ തിയറി ഹെന്റിയുടെ കുപ്രസിദ്ധമായ നീക്കത്തിലാണ് അയര്‍ലണ്ടിന് മത്സരം നഷ്ടമായത്. ഗ്രൗണ്ടിന് പുറത്തേക്ക് പോവുകയായിരുന്ന ഒരു പന്ത് ഹെന്റി കൈ കൊണ്ട് തടഞ്ഞ് ടീമിലെ പ്രതിരോധനിരക്കാരന്‍ വില്ല്യം ഗാലാസിന് ഗോളടിക്കന്‍ അവസരമൊരുക്കുകയായിരുന്നു. ഈ ഗോളില്‍ മത്സരം 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ അവസാനിക്കുകയും, ഒന്നാം പാദത്തില്‍ നേടിയ വിജയത്തിന്റെ പിന്‍ബലത്തില്‍ ഫ്രാന്‍സ് മുന്നേറുകയും ചെയ്തു.
ഗോളനുവദിച്ച റഫറിയുടെ തീരുമാനത്തിനെതിരെ ഐറിഷ് ഫൂട്‌ബോള്‍ അധികൃതരും, സര്‍ക്കാറും പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അയര്‍ലണ്ടിനെ ലോകകപ്പില്‍ 33ആമത്തെ ടീമായി പ്രത്യേകം ഉള്‍പ്പെടുത്തണമെന്ന ആവശ്യവും തള്ളപ്പെട്ടു. ഇതേ തുടര്‍ന്ന് ഫിഫയ്‌ക്കെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് അയര്‍ലണ്ട് അറിയിച്ചിരുന്നു. ഇതില്‍ നിന്നും പിന്മാറുന്ന്തിനായാണ് ഫിഫ ഫൂട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ടിന് 5 മില്യണ്‍ യൂറോ നഷ്ടപരിഹാരമായി നല്‍കാമെന്ന് സമ്മതിച്ചത്.

ഈ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ നീര്‍സ്ബാച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ നടക്കുന്ന ഒത്തുകളികളിലേയ്ക്കാണ് സംഭവം വെളിച്ചം വീശുന്നത്.നഷ്ട്ടപരിഹാരം നല്കിയെന്ന് ഫിഫാ അധികൃതരും അത് ലഭിച്ചുവെന്നു അയര്‍ലണ്ടും സമ്മതിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്.മത്സരങ്ങളില്‍ ഒത്തുകളി നടക്കുന്നുണ്ട് എന്നത് തന്നെയാണ് അത്.കൈക്കൂലിയാണോ നഷ്ടപരിഹാരമാണോ അയര്‍ലണ്ടിനു ലഭിച്ചത് എന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ഉപശാലകളിലെ ചര്‍ച്ചാവിഷയം..


Scroll To Top