Wednesday December 07, 2016
Latest Updates

ബ്രിട്ടനെ തെരേസ മെയ് നയിക്കുമെന്ന് ഉറപ്പായി

ബ്രിട്ടനെ തെരേസ മെയ് നയിക്കുമെന്ന് ഉറപ്പായി

ഡബ്ലിന്‍ :യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന അഭിപ്രായമുള്ള അഭ്യന്തര സെക്രട്ടറി തെരേസ മെയ് ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി..

നിലവില്‍ അഭ്യന്തര സെക്രട്ടറിയായ തെരേസ മെയ്ക്ക് വേണ്ടി ഊര്‍ജമന്ത്രി ആന്‍ഡ്രിയ ലീഡ്‌സം പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ വനിതാ പ്രധാനമന്ത്രിസ്ഥാനം തെരേസ മെയിയെ തേടിയെത്തുന്നത്.
മാര്‍ഗരറ്റ് താച്ചര്‍ 1990-ല്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഒരു വനിതാ പ്രധാനമന്ത്രിക്ക് ബ്രിട്ടന്‍ ഭരിക്കാന്‍ അവസരമൊരുങ്ങുന്നത്.

സപ്തംബര്‍ വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഡേവിഡ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. 1,50,000-ത്തോളം അംഗങ്ങളുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനൊടുവിലായിരിക്കും അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക. ഈ തിരഞ്ഞെടുപ്പിന്റെ ഫലം സപ്തംബര്‍ ഒന്‍പതിനായിരിക്കും പ്രഖ്യാപിക്കുക

നിലവില്‍ അഭ്യന്തര സെക്രട്ടറി സ്ഥാനം വഹിക്കുന്ന മെയ് ബ്രിട്ടീഷ് സര്‍ക്കാരിലെ ഉന്നത പദവികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ്. 59 വയസ്സുകാരിയായ മെയ് ബ്രക്‌സിറ്റില്‍ ബ്രിട്ടന്‍ യൂറോപ്പില്‍ തുടരണമെന്ന അഭിപ്രായക്കാരിയായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബ്രിട്ടന്‍ സ്വതന്ത്രമാക്കുന്നതിനെ അവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചു കയറാനുള്ള കഠിന പ്രയത്‌നത്തിലാണ് ഹിലാരി ക്ലിന്റണ്‍, മറ്റൊരു പ്രമുഖ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയില്‍ ആഞ്ചല മെര്‍ക്കല്‍ അധികാരത്തില്‍ തുടരുകയാണ്.

ഒരുപക്ഷേ ആഗോളരാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കുന്ന ഈ മൂന്ന് വമ്പന്‍ രാജ്യങ്ങളേയും വനിതകള്‍ നയിക്കുന്ന കാഴ്ചയായിരിക്കും അടുത്ത വര്‍ഷം ജനുവരിയില്‍ കാണുക.

Scroll To Top