Monday December 05, 2016
Latest Updates

യൂ ഡി എഫ് കക്ഷികള്‍ തമ്മില്‍ വലിപ്പച്ചെറുപ്പമില്ലെന്ന് ഉമ്മന്‍ ചാണ്ടി 

യൂ ഡി എഫ് കക്ഷികള്‍ തമ്മില്‍ വലിപ്പച്ചെറുപ്പമില്ലെന്ന് ഉമ്മന്‍ ചാണ്ടി 

കൊച്ചി :ജനതാദള്‍ യുണൈറ്റഡ് നേതാവ് എം.പി. വീരേന്ദ്രകുമാര്‍ നല്‍കിയ പരാതിയില്‍ കാര്യമുണ്ടെന്ന് മുഖ്യമന്ത്രി. ഘടകകക്ഷികളുടെ പരാതികള്‍ ഗൌരവമായി പരിശോധിച്ചു ആവശ്യമായ നടപടിയെടുക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി തന്നെ യുഡിഎഫ് മുന്നോട്ടു കൊണ്ടു പോകുമെന്നും, വീരേന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ പരിശോധന നടത്തി വരികയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് ഘടകകക്ഷികള്‍ തമ്മില്‍ വലിപ്പച്ചെറുപ്പമില്ല, എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കും. ഇതേ മുന്നണിതന്നെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമെന്നും, ഒരു കക്ഷി പോലും യുഡിഎഫില്‍ നിന്ന് അടര്‍ന്നുപോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാറിന്റെ നിലനില്‍പ്പിന് യാതൊരുവിധ ഭീഷണിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് വിട്ടുവന്നിട്ട് ആര്‍എസ്പിക്ക് നല്‍കിയ പരിഗണന പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് കഴിഞ്ഞ ദിവസം എം.പി. വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിള്‍ അര്‍ഹിച്ച പരിഗണന കിട്ടിയില്ല. വടകര സീറ്റ് ചോദിച്ച തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണെന്ന ന്യായം ചൂണ്ടിക്കാട്ടി അത് നല്‍കിയില്ല. എന്നാല്‍ ആര്‍എസ്പിക്ക് സിറ്റിങ് സീറ്റ് വിട്ടു നല്‍കി. എല്‍ഡിഎഫ് വിട്ടില്ലായിരുന്നുവെങ്കില്‍ ഭരണം തുടര്‍ന്നേനെയെന്നും വീരേന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Scroll To Top