Friday August 18, 2017
Latest Updates

നായ്ക്കള്‍ സ്വര്‍ഗത്തില്‍ പോകുമോ ?

നായ്ക്കള്‍ സ്വര്‍ഗത്തില്‍ പോകുമോ ?

പിന്നിലേക്കോടി മറയുന്ന ഇലക്റ്റ്രിക് പോസ്റ്റുകളെ നോക്കി ഇരുന്ന അനില്‍ പെട്ടെന്ന് തിരിഞ്ഞു എന്നോട് ചോദിച്ചു .
നായ്ക്കളെ സ്വര്‍ഗത്തില്‍ കയറ്റുമോ ? നിരീശ്വര വാദികളോട് ചോദിയ്ക്കാന്‍ പറ്റിയ ചോദ്യം ..ഞാന്‍ ഒന്ന് ചിരിച്ചു .
അനിലിന്റെ നോട്ടം വീണ്ടും പുറത്തെക്കായി..
വണ്ടി പറ്റാവുന്ന അത്ര വേഗത്തില്‍ കുട്ടിക്കാനം ഇറക്കം ഇറങ്ങി വരുകയാണ്.തെളിഞ്ഞ ആകാശം. വെയിലിന്റെ കട്ടി കുറഞ്ഞു വരുന്നുണ്ട് . ഒരു കാര്യവുമില്ലാതെ മുന്നില് പോകുന്ന ഓരോ വാഹനത്തോടും മത്സരിച്ചു കൊണ്ട് ഞാന്‍ ആക്‌സില്ലറേറ്റര്‍ ചവിട്ടി അമര്‍ത്തി .അനില്‍ ഇതൊന്നും ശ്രദ്ധിക്കുന്നതായി പോലും തോന്നിയില്ല. വെള്ളമില്ലാത്ത വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു മുന്പിലുള്ള വളവില്‍ കാറിന്റെ ടയറുകള്‍ ഉരഞ്ഞ ശബ്ദം അനിലിനെ ഉണര്‍ത്തി .

നായ്ക്കളെ സ്വര്‍ഗത്തില്‍ എടുക്കുമോ ?

വീണ്ടും അതെ ചോദ്യം ഞാന്‍ ആശ്ചര്യത്തില്‍ അനിലിനെ നോക്കി.സ്വര്‍ഗ്ഗവും നരകവും ഉണ്ടോ ഇല്ലേ എന്നൊക്കെ ചില മണ്ടന്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നല്ലാതെ , നായ്ക്കളെ സ്വര്‍ഗത്തില്‍ എടുക്കുമോ എന്ന് ഇത് വരെ ഞാന്‍ ആരോടും തര്‍ക്കിച്ചിട്ടില്ല …
അത് കൊണ്ട് തന്നെ ഞാന്‍ മൌനം പാലിച്ചു ..
‘കത്തോലിക്കാ സഭ പറയുന്നത് നായ്ക്കളെ സ്വര്‍ഗത്തില്‍ എടുക്കില്ല എന്നാണ് .അനില്‍ തുടര്‍ന്നു. ബെനെഡിക്റ്റ് പാപ്പ പറഞ്ഞിട്ടുണ്ട് മൃഗങ്ങള്‍ മരിച്ചാല്‍,അവയുടെ അസ്തിത്വം നശിച്ചു എന്നെ അര്‍ഥം ഉള്ളു എന്ന്.ഞാന്‍ അതിനോട് യോജിക്കുന്നില്ല .ഏതായാലും അങ്ങേരു മാറിയല്ലോ ? ഇത് പറഞ്ഞു കഴിഞ്ഞാണ് ദൈവം പട്ടികളെ സ്വര്‍ഗത്തില്‍ എടുക്കാന്‍ തീരുമാനിച്ചതെങ്കിലോ ?’
ആ വാദം എനിക്ക് രസകരമായി തോന്നി .
പാപ്പ മാറുന്നതിനു അനുസരിച്ചു തീരുമാനങ്ങള്‍ എടുക്കുന്ന ദൈവം ..എനിക്ക് ചിരി വന്നു .. അനിലിന്റെ മുഖത്തും ഒരു ചെറു ചിരി .. എന്താണവന്റെ മനസ്സില്‍ എന്ന് എനിക്ക് മനസ്സിലായതേയില്ല …

.മലയോര പാതകള്‍ ഇവിടെ തീരുന്നു എന്ന ബോര്‍ഡും പിന്നിലാക്കി വണ്ടി ചങ്ങനാശ്ശേരി ലക്ഷ്യമാക്കി മുരണ്ടു പാഞ്ഞു കൊണ്ടിരുന്നു . നായ്ക്കളും സ്വര്‍ഗ്ഗവും ഒക്കെ എപ്പോളോ ഡിഗ്രി കാലത്തേ എന്‍ എസ് എസിനും മഞ്ജുഷക്കും,രേഖയ്ക്കുമൊക്കെ വഴിമാറിക്കൊടുത്തു ..

നീ എന്നെ ഇവിടെ വിട്ടാല്‍ മതി ..സെന്‍ട്രല്‍ ജംക്ഷന്‍ എത്തിയപ്പോ അനില്‍ പറഞ്ഞു.എനിക്ക് കുറച്ചു സാധനങ്ങള്‍ വാങ്ങണം .ഞാന്‍ വണ്ടി നിര്‍ത്തി .നേരെ വീട്ടിലെക്കാണോ ? അനില്‍ ചോദിക്കുന്നു ..ഹേയ് അല്ല ഞാന്‍ പുത്തൂര്‍ പള്ളി കോമ്പ്‌ലെക്‌സില്‍ ഒന്ന് കൂടിയിട്ടെ പോകൂ . അവിടെ കുറച്ചു സുഹൃത്തുക്കള്‍ കാണും വൈകിട്ട് ..

എന്നാ പിന്നെ അങ്ങനായിക്കോട്ടേ ..പിന്നെ കാണാം ..അനില്‍ യാത്ര പറഞ്ഞു പിരിഞ്ഞു ..ഞാന്‍ വാച്ചില്‍ നോക്കി ..സമയം ഏഴര . പുത്തൂര്‍ പള്ളി കൊമ്പ്‌ലെക്‌സിലെക്ക് വണ്ടി കയറി …പ്രതീക്ഷിച്ചത് പോലെ എല്ലാ കൂട്ടുകാരും ഉണ്ട് . നീ എവിടാരുന്നു ? അനില്‍ എവിടെ പോയി ?
അവന്‍ കവലേല്‍ ഇറങ്ങി ..ഞാന്‍ പറഞ്ഞു ..

സിനിമക്ക് പോകാനുള്ള പ്ലാന്‍ തയ്യാറാകുകയാണ് ..ഇനി വാചകമടിച്ചു നിന്നാ ടിക്കറ്റ് കിട്ടുകേല കേട്ടോ ..കൂട്ടത്തില്‍ സിനിമ ഭ്രാന്തന്‍ അക്ഷമനായി …
എന്റെ ഫോണ്‍ ശബ്ദിച്ചു .. അനിലാണ് .. നീ ടൌണില്‍ നിന്നും പോയോ ? ഇല്ലടാ ഞാന്‍ ഒരു പടത്തിനു പോകാന്‍ ആലോചിക്കുകാ ..
എന്നാ നീ എന്റെ വീട്ടിലേക്കു ഒന്ന് വന്നെ ….ചന്ത വഴി വരണേ ..വേഗം വാ അത്യാവശ്യമാ ..

എന്തോ കുഴപ്പമുണ്ടല്ലോ … ഞാന്‍ സിനിമ പ്രോഗ്രാം ക്യാന്‍സല്‍ ചെയ്തു പെട്ടന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു ….

കാക്കാന്തോട് പാലത്തിനു മുകളില്‍ നില്ക്കുന്നു അനില്‍.കയ്യില്‍ ഒരു ബിസ്‌ക്കറ്റ് കൂടും ഉണ്ട് . എന്താ നീ ഇവിടെ ? ഞാന്‍ ചോദിച്ചു .. നീ അങ്ങോട്ട് മാറ്റി പാര്‍ക്ക് ചെയ്തിട്ട് ഇറങ്ങി വാ ..ഞാന്‍ വണ്ടി മാറ്റി നിര്‍ത്തി . തൊട്ടു മുന്നിലായി അവന്റെ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട് . അതിന്റെ മുകളില്‍ ഒരു തെര്‍മോക്കോള്‍ പ്ലേറ്റ് .ഞാന്‍ ഇറങ്ങി അനിലിന്റെ അടുത്തേക്ക് ചെന്നു. നീ ഇത് പിടിച്ചേ ..ബിസ്‌ക്കറ്റ് കൂട് എന്റെ കയ്യില്‍ തന്നിട്ട് അവന്‍ കാറിന്റെ മുകളില്‍ നിന്നും ഒരു പ്ലേറ്റ് എടുത്തുകൊണ്ട് വന്നു.ഇതെന്താ ഇത് ?

ഓ ഇത് കുറച്ചു ബീഫ് റോസ്റ്റ് ആണ്. ഒരു ആന്റി ബയോട്ടിക് കലര്‍ത്തിയതാ.അവനു കൊടുക്കാന്‍ ..അനില്‍ ഇരുളിലേക്ക് വിരല്‍ ചൂണ്ടി .രണ്ടു മൂന്നു നായ്ക്കള്‍ അവിടെ കിടക്കുന്നു ..നീ ഈ ബിസ്‌ക്കറ്റ് അവന്മാര്ക്ക് ഇട്ടു കൊട് . അനില്‍ നിര്‍ദേശിച്ചു . അപ്പൊ ഇതൊക്കെ വാങ്ങാന്‍ ആണ്ആശാന്‍ തിരക്ക് കൂട്ടി പോയത് ..

അതില്‍ ഒരു നായയുടെ മുന്‍ കാലില്‍ ഉണ്ടായ വ്രണം ചികിത്സിച്ചു മാറ്റാനുള്ള ശ്രമമാണ് . ആന്റിബയോട്ടിക് കലര്‍ന്ന ബീഫ് അവനു മാത്രമായി കൊടുക്കണം. മറ്റു നായ്ക്കളെ മാറ്റാന്‍ ആണ് ബിസ്‌ക്കറ്റ്. ഞാന്‍ ബിസ്‌കറ്റ് വാങ്ങി മറ്റു രണ്ടു നായ്ക്കള്‍ക്ക് ഇട്ടു കൊടുക്കാന്‍ തുടങ്ങി .അവറ്റകളുടെ ശ്രദ്ധ ബിസ്‌കറ്റിലേക്ക് തിരിഞ്ഞ സമയത്ത് അനില്‍ അസുഖം പിടിച്ച നായക്ക് മരുന്ന് കലര്‍ത്തിയ ഭക്ഷണം കൊടുത്തു . നായയുടെ കാലിലെ വ്രണത്തില്‍ കയ്യില്‍ ഇരുന്ന സിറിഞ്ചി ല്‍ നിന്നും മരുന്ന് ഒഴിച്ചു.ബീഫ് മുഴുവന്‍ തിന്ന നായ അനിലിനെ നന്ദി പൂര്‍വ്വം നോക്കുന്നു.
ഇനി ഞാന്‍ നിനക്കിത്തിരി വെള്ളം തരാം. അനില്‍ കയ്യിലിരുന്ന മിനെറല്‍ വാട്ടര്‍ കുപ്പി പ്ലേറ്റിലേക്ക് കമഴ്ത്തി …നായ ആ വെള്ളവും കുടിച്ചു ഇരുട്ടിലേക്ക് ഞൊണ്ടി ഞൊണ്ടി മറഞ്ഞു …

ഇവനെ ഒന്ന് കിട്ടാനാ പാട് ,പകല്‍ മുഴുവന്‍ ആരും ശ്രദ്ധിക്കാത്ത എവിടെയോ കയറി കിടക്കും. ഈ സമയത്തേ പുറത്തു വരൂ . അതുകൊണ്ട് ഇവനെ ട്രീറ്റ് ചെയ്യാന്‍ ഇത്തിരി പാടാ ..അനില്‍ പറഞ്ഞു . എനിക്ക് പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നിയില്ല ..ഇതിലും വിചിത്രമായി തോന്നാവുന്ന പല കാര്യങ്ങളും ഇദ്ദേഹം ചെയ്യുന്നതും പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ടല്ലോ ..

സിനിമയുടെ സമയം എന്തായാലും കഴിഞ്ഞു . ഞാന്‍ അനിലിനോടു യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു . ഫോണ്‍ ഒന്ന് ചിലച്ചു . ഫേസ് ബുക്ക് നോട്ടിഫിക്കേഷന്‍ വന്നതാണ് . ഞാന്‍ എടുത്തു നോക്കി . ഒരു പേപ്പര്‍ കട്ടിംഗ് ആരോ ഷെയര്‍ ചെയ്തിരിക്കുന്നു ..

rajesh‘ നായ്ക്കളും സ്വര്‍ഗത്തില്‍ പോകും ..ഫ്രാന്‍സിസ് മാര്‍പാപ്പ …’

ചിരിക്കണോ കരയണോ ? ഞാന്‍ ആലോചിച്ചു . ഞൊണ്ടി ഞൊണ്ടി ഇരുട്ടിലേക്ക് മറയുന്ന ആ നായുടെ രൂപം എന്റെ കണ്ണില്‍ തെളിഞ്ഞു 

രാജേഷ് സുകുമാരന്‍ റോസ്‌കോമണ്‍

Scroll To Top