Tuesday May 23, 2017
Latest Updates

മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കുഞ്ഞിനെ പുറത്ത് എടുത്തേക്കും; കോടതി വിധി അടുത്ത ആഴ്ച 

മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കുഞ്ഞിനെ പുറത്ത് എടുത്തേക്കും; കോടതി വിധി അടുത്ത ആഴ്ച 

മുള്ളിംഗര്‍ : മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ കുഞ്ഞിനെ പുറത്ത് എടുത്തേക്കും. ഇത് സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത ആഴ്ച വിധി പറയുന്നതോടെ ആശയക്കുഴപ്പം പരിഹരിക്കപ്പെടുമെന്നാണ് യുവതിയുടെ ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും പ്രതീക്ഷ. യുവതിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന് ജീവനുള്ളതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ് ആശുപത്രി ജീവനക്കാര്‍. യുവതി നാലര മാസം ഗര്‍ഭിണിയാണ്. 

സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നം അടങ്ങിയിരിക്കുന്ന കേസില്‍ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി പ്രസിഡന്റ് ജസ്റ്റിസ് നിക്കോളാസ് കേണ്‍സ് തന്നെ നേരിട്ട് ഹാജരായിരുന്നു. ഹൈക്കോടതി അടുത്ത ആഴ്ച കേസില്‍ വിധി പറയും. ഭരണഘടനയുടെ എട്ടാം ഭേദഗതി പ്രകാരം ഗര്‍ഭസ്ഥ ശിശുവിനും തുല്യാവകാശമുള്ളതിനാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാനാകില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഈ സാഹചര്യത്തില്‍ എന്ത് ചെയ്യാനാകുമെന്ന് ആശുപത്രി അധികൃതരും നിയമോപദേശം കാത്തിരിക്കുകയാണ്. 

ആശുപത്രി അധികൃതരുടെ നിലപാടിനെതിരെ യുവതിയുടെ ബന്ധുക്കളും നിയമ നടപടിയിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ്  രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയെ ആദ്യം ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മുള്ളിംഗര്‍  ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ജീവന്‍ കണക്കിലെടുത്ത് യുവതിക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായം നല്‍കുകയായിരുന്നു. 

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമം അപര്യാപ്തമാണെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കര്‍ പറഞ്ഞതിന് പിന്നാലെയാണ് യുവതിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ അത് മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എന്‍ഡ കെന്നി പറഞ്ഞു.

Scroll To Top