Saturday December 03, 2016
Latest Updates

പെസഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് …

പെസഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് …

ഡബ്ലിന്‍: അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. കുരിശു മരണത്തിന് മുമ്പ് യേശു തന്റെ പന്ത്രണ്ട് അപ്പസ്‌തോലന്‍മാരുമൊന്നിച്ച് അത്താഴം കഴിച്ചതിന്റെ അനുസ്മരണം. ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാലുകഴുകല്‍ ശ്രുശ്രൂഷയും നടക്കും.

പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം കടന്നുപോക്ക് എന്നാണ്. ഈജിപ്തിലുണ്ടായിരുന്ന ഇസ്രയേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്‍മാരെ മരണദൂതനില്‍ നിന്നും ദൈവം രക്ഷിച്ചതിന്റെ ഓര്‍മ്മയായിട്ടായിരുന്നു പഴയ ഇസ്രായേല്‍ ജനത പെസഹാ ആചരിച്ചിരുന്നത്. എന്നാല്‍ യേശു പെസഹായ്ക്ക് പുതിയ അര്‍ത്ഥവും മാനവും നല്‍കി. വിനയത്തിന്റെ മാതൃക ലോകത്തിന് പകര്‍ന്നുകൊണ്ട് ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കിയാണ് ഓരോ ക്രൈസ്തവനും ഇന്ന് പെഹസാ ആചരിക്കുന്നത്.

ക്രിസ്തു തന്റെ ശിഷ്യരുടെ കാലുകള്‍ കഴുകിയത് പോലെ ഇന്ന് ഓരോ ദേവാലയങ്ങളിലും പുരോഹിതര്‍ പന്ത്രണ്ട് പേരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും. ദിവസം മുഴുവന്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വെച്ച് ആരാധനയുണ്ടാകും. അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് വീടുകളില്‍ പെസഹാ അപ്പം അഥവാ ഇണ്ട്രിയപ്പവും പാലും കാച്ചുന്നു. വൈകുന്നേരങ്ങളിലാണ് ദേവാലയങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കുക. ഓശാനയ്ക്ക് പള്ളികളില്‍ നിന്നും വെഞ്ചിരിച്ച് കിട്ടുന്ന ഓല കുരിശാകൃതിയില്‍ മുറിച്ച് ഈ അപ്പത്തിലും പാലിലും ഇടുന്നു. ഈ അപ്പവും പാലും കുടുംബാംഗങ്ങള്‍ ഒരുമിച്ചു കൂടി പ്രാര്‍ത്ഥനയോടെ മുറിച്ച് വിളമ്പുന്നു. കുടുംബത്തിലെ പ്രായം കൂടിയ വ്യക്തിയാണ് അപ്പം മുറിക്കുന്നത്.

പെസഹാ ദിനം പൗരോഹിത്യത്തിന്റെ സ്ഥാപനദിനം കൂടിയാണ്. വത്തിക്കാനിലും ഇന്ന് പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ഉണ്ടാകും. വത്തിക്കാനില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കും കാലുകഴുകല്‍ ശുശ്രൂഷയ്ക്കും ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കും.

അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും,പെസഹാ ശുശ്രൂഷകളും സംഘടിപ്പിച്ചിട്ടുണ്ട്.

Scroll To Top