Tuesday October 16, 2018
Latest Updates

 പ്രകാശഗോപുരം പോലെയൊരു തലവന്‍

 പ്രകാശഗോപുരം പോലെയൊരു തലവന്‍

കേരള ക്രൈസ്തവ സഭയില്‍ യാക്കോബായ സഭയ്ക്കുള്ള സ്ഥാനം അനിഷേധ്യമാണ്.ഇത്രയധികം വെല്ലുവിളികളെ സമീപ ദശകങ്ങളില്‍ നേരിട്ട മറ്റൊരു സഭയും കേരളത്തില്‍ ഉണ്ടാവില്ല.തീഷ്ണ പാരമ്പര്യത്തില്‍ അടിയുറച്ചു നിലനില്ക്കുന്ന ശക്തമായ പാറയുടെ പിന്‍ബലം ഉണ്ടായിട്ടും കോടതികളും ഭരണകൂടവും സഭയോട് മമത കാണിക്കാതെ നിന്നപ്പോള്‍ ഒരു പ്രകാശഗോപുരം പോലെ സഭയ്ക്ക് വഴി കാട്ടിയായി പ്രശോഭിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ  അയര്‍ലണ്ടിലെ സഭാ മക്കളോടൊപ്പം 87 മത് പിറന്നാള്‍ ആഘോഷിക്കുകയാണ്.സഭയുടെ തലവന്‍ എന്നതിനെക്കാള്‍ സഭയുടെ വത്സലസുതന്‍ എന്നറിയപ്പെടാനാണ് ബാവയ്ക്ക് ഇഷ്ട്ടം.

ഉപവാസവും പ്രാര്‍ത്ഥനയും നിറഞ്ഞ ജീവിതം. മേല്‍പ്പട്ട സ്ഥാനത്ത് നാലു പതിറ്റാണ്ടു തികച്ച സമൃദ്ധമായ പരിചയം എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ ബാവയ്ക്ക് കരുത്തു പകരുന്നു. സത്യവിശ്വാസവും സഭാ പാരമ്പര്യവും മുറുകെ പ്പിടിച്ച് ദൈവത്തിനും സഭയ്ക്കും വേണ്ടി പൊരുതുകയായിരുന്നു ഓരോ നിമിഷവും ബാവയെന്ന് പറഞ്ഞാല്‍ അതിശമാവില്ല.മഞ്ഞനിക്കര ദയറായിലായിരുന്നു വൈദിക പഠനം. പൗലോസ് മോര്‍ പീലക്‌സിനോസില്‍നിന്ന് (പിന്നീട് ശ്രേഷ്ഠ കാതോലിക്ക) 1952ല്‍ കോറൂയോ പട്ടവും, 1957ല്‍ കടമറ്റം പള്ളിയില്‍ ശെമ്മാശ പട്ടവും. പിറ്റേവര്‍ഷം മഞ്ഞനിക്കരയില്‍ അന്ത്യോഖ്യാ പ്രതിനിധി മോര്‍ യൂലിയോസ് ബാവായില്‍നിന്നു വൈദിക പട്ടവും.ചെറുവിള്ളി കുടുംബത്തില്‍നിന്നുള്ള 43മത്തെ വൈദികന്‍.

രോഗങ്ങളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു ബാല്യം.ബോധക്ഷയവും,മറ്റസുഖങ്ങളും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്നു. ഒരിക്കല്‍ രാത്രി രോഗാതുരനായ മകനെയും മടിയില്‍ കിടത്തിക്കൊണ്ട് അമ്മ കുഞ്ഞാമ്മ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചിരിക്കേ തന്റെ മുന്നില്‍ ഒരു പ്രകാശ വലയത്തില്‍ യേശു നില്‍ക്കുന്നതായി കണ്ടു. അത്ഭുതത്താല്‍ ആ അമ്മ മകനെ പരിശുദ്ധ ഏലിയാസ് ത്രിതീയന്‍ ബാവായുടെ മദ്ധ്യസ്ഥതയിലൂടെ യേശുവിനു കാഴ്ചയായി സമര്‍പ്പിച്ചു. മകനെ മലേക്കുരിശില്‍ അടിമയിരുത്തി.

ഒരു ദിവസം പെട്ടെന്ന് അവന്റെ രോഗം ഗുരുതരമായി. നാട്ടുകാരും വീട്ടുകാരും അവന്‍ മരിച്ചു പോയേക്കുമെന്നാണ് ഉറപ്പിച്ചതാണ്. രണ്ടു ദിവസത്തിനകം അവന്‍ മരിക്കുമെന്നു കരുതി അവര്‍ രാത്രിയും പകലും ഊഴമിട്ടു മരണം കാത്തിരുന്നു. പക്ഷേ രണ്ടല്ല, നാലു ദിവസം കഴിഞ്ഞു. പിന്നീട് അവിടെ നടന്നത് അവിശ്വസനീയമായിരുന്നു. എല്ലാവരും കൈയൊഴിഞ്ഞ ശേഷം ബാലന്‍ കണ്ണ് തുറന്നു. ആകെ ഒരുമാറ്റം. ക്രമേണ ബുദ്ധിയും സ്വഭാവരീതിയും മാറി. രോഗം അവനെ വിട്ടുപോയി. തീര്‍ത്തും രണ്ടാം ജന്മം. 
ശ്രേഷ്ഠ ബാവ പറയുന്നു: മരണത്തിന്റെ താഴ്‌വരയില്‍നിന്നും, മരണത്തിന്റെ തണുത്ത ചിറകടി ഒച്ച ഉയര്‍ന്നു കേട്ട അനുഭവങ്ങളില്‍ നിന്നും സമഗ്രമായ വിമോചനം ദൈവം എനിക്കു നല്‍കുകയായിരുന്നു. എന്റെ ജന്മത്തിന്റെ മുഴുവന്‍ കടപ്പാടും തമ്പുരാനോടാണ്.

ആറുവര്‍ഷം ഭവനത്തില്‍ മാതാപിതാക്കളോടൊപ്പം കൃഷിയില്‍ മുഴുകി. വീട്ടില്‍ ധാരാളം ആടുകള്‍ ഉണ്ടായിരുന്നു. മേയ്ക്കുന്ന ഓരോ ആടിനെയും ഞാന്‍ പേര്‍ ചൊല്ലി വിളിക്കുമായിരുന്നു. അവര്‍ വിളി കേട്ടിരുന്നു, ബാവ അനുസ്മരിക്കുന്നു. യാക്കോബായ സഭയുടെ അമരക്കാരന്‍ ആ ശൈലിതന്നെ ഇന്നും പിന്തുടരുകയാണ്. കഠിനാദ്ധ്വാനത്തിന്റെ പകലുകള്‍ക്കൊപ്പമുള്ള രാത്രികളില്‍ ദൈവത്തോടൊപ്പമായിരിക്കാന്‍ ഇന്നും ശ്രദ്ധിക്കുന്നു.

രോഗവും ദാരിദ്ര്യവും ആ ബാലന്റെ വിദ്യാഭ്യാസം തടസപ്പെടുത്തി.നാലാം ക്ലാസില്‍ മൂന്നു തവണ തോറ്റു.അതിനാല്‍ തന്നെ അതിശ്രേഷ്ഠമായ വിദ്യാഭ്യാസം പിന്നീട് കുഞ്ഞൂഞ്ഞിനു കിട്ടിക്കൊണ്ടിരുന്നു. അമ്മയായിരുന്നു ഗുരു. അമ്മ എന്നെ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ പഠിപ്പിച്ചു. അധാര്‍മികമായി ആരുടെയും ഒന്നും എടുക്കാതിരിക്കാന്‍ പഠിപ്പിച്ചു. അധ്വാനിച്ച് നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം തേടാന്‍ പഠിപ്പിച്ചു. ഈ മാതൃപാഠമാണ് കുഞ്ഞൂഞ്ഞിനെ ശ്രേഷ്ഠ ബാവായിലേക്കു വളര്‍ത്തിയത്.

ബാവായുടെ അപ്പന്റെ സഹോദര പുത്രന്‍ സി.വി. എബ്രഹാം അച്ചന്‍ അന്ന് ദയറാപട്ടം സ്വീകരിച്ച് മലേക്കുരിശില്‍ സ്ഥിരതാമസമായിരുന്നു. അവിടെപ്പോയി കുഞ്ഞൂഞ്ഞ് ധ്യാനിച്ചിരിക്കും.വലിയ ഒരു മാറ്റത്തിന്റെ തുടക്കം. എന്നില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ എല്ലാം ഞാന്‍ തിരിച്ചറിയുകയായിരുന്നു. എന്റെ ആരോഗ്യം മെച്ചപ്പെട്ടു. അതുവരെ എനിക്കില്ല എന്നു ഞാന്‍ കരുതിയിരുന്ന എന്തൊക്കെയൊ എനിക്ക് ലഭിച്ചതായി അനുഭവപ്പെടാന്‍ തുടങ്ങി. ചെറുപ്പത്തില്‍ മോഹാലസ്യപ്പെട്ട് അടുക്കളയിലെ തീയില്‍ വീണ് കഴുത്തിലും നെറ്റിയിലും ഉണ്ടായ വികൃതമായ വടുക്കള്‍ പാടെ അപ്രത്യക്ഷമായി. എന്റെ ജീവിതത്തിലെ ദൈവത്തിന്റെ ഇടപെടല്‍ ഞാന്‍ വീണ്ടും തിരിച്ചറിയുകയായിരുന്നു. ഉഗ്രമായ ദൈവവിളിയും എനിക്ക് അനുഭവപ്പെട്ടു.

തന്റെ പൗരോഹിത്യ ജീവിതത്തെപ്പറ്റി ബാവ പറയുന്നത് ഇങ്ങനെയാണ്: 1958ല്‍ ഭദ്രാസന മെത്രാപ്പോലീത്ത എന്റെ കയ്യില്‍ ഒരു എഴുത്തു തന്നു. ഇതുമായി മഞ്ഞനിക്കരയില്‍ മോര്‍ യൂലിയോസ് ബാവായ കാണണമെന്ന് പറഞ്ഞു. അവിടെ പഠനം പൂര്‍ത്തിയാക്കി വൈദിക പട്ടം ബാവായില്‍നിന്ന് വാങ്ങിപ്പോരാനാണ് തിരുമേനി പറഞ്ഞത്. ഞാന്‍ പരിഭ്രമിച്ചു പോയി. ഒരു നല്ല കുപ്പായം തയ്ക്കാനുള്ള പണം ഇല്ല. യാത്രയ്ക്ക് ഒരു പെട്ടി പോലുമില്ല. അവസാനം വിലകുറഞ്ഞ കോറത്തുണികൊണ്ട് ഒരു കമ്മീസ് തയ്പ്പിച്ചു. അതു ചാണകപ്പാലില്‍ പുഴുങ്ങി. നീലം മുക്കി എടുത്തു. എന്നിട്ട് ഒരു ഭംഗിയും വന്നില്ല. ഒരു ബന്ധുവിന്റെ കോഴിക്കൂടിന്റെ മുകളില്‍ തള്ളിക്കളഞ്ഞിരുന്ന ട്രങ്ക് പെട്ടി എനിക്കു കിട്ടി. അതു തുടച്ചെടുത്തു വസ്ത്രങ്ങളും പുസ്തകങ്ങളും അതില്‍ വച്ച് യാത്ര തിരിച്ചു. 

ഓമല്ലൂരില്‍ ബസിറങ്ങി കുന്നിറങ്ങി മഞ്ഞനിക്കരയില്‍ എത്തി. അവിടുത്തെ വൈദിക വിദ്യാര്‍ത്ഥികള്‍ എന്റെ ചുറ്റുംകൂടി. കുപ്പായത്തിന്റെ നിറവും പെട്ടിയുടെ അവസ്ഥയും അവരെ ആകര്‍ഷിച്ചു. എന്റെ പിറകില്‍നിന്ന് അവര്‍ പിറുപിറുത്തു. ദേണ്ടേ ഒരു കാടന്‍ വരുന്നു. വടക്കനാണെന്നു തോന്നുന്നു. മരുന്ന് കച്ചവടക്കാരന്റെ പെട്ടിയും ഉണ്ട്. ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. പരി.ഏലിയാസ് പാത്രിയര്‍ക്കീസ് ബാവായുടെ കബറിങ്കല്‍ ചെന്ന് മുട്ടുകുത്തി അല്പനേരം കരഞ്ഞു പ്രാര്‍ത്ഥിച്ചു. പിന്നീട് മോര്‍ യൂലിയോസ് ബാവായെ കത്ത് ഏല്‍പ്പിച്ചു. എന്റെ സുറിയാനി പഠനം പരിശോധിച്ചു. ശേഷിച്ച പഠനങ്ങള്‍ നടത്തി; എന്നെ വൈദികനായി അഭിഷേകം ചെയ്തു.

ഒന്നുമില്ലായ്മയില്‍നിന്ന് യാക്കോബായ സഭയെ ഇന്നു കാണുന്ന വിധം വളര്‍ത്തിയത് ബാവായാണ്. പുത്തന്‍കുരിശില്‍ സ്വന്തമായി ആസ്ഥാനമുണ്ടായി. പാത്രിയര്‍ക്കീസ് ബാവായ്ക്ക് സഭാ പാരമ്പര്യമനുസരിച്ചുള്ള എല്ലാ അവകാശ അധികാരങ്ങളും നല്‍കി 2002ല്‍ സഭാഭരണഘടന പരിഷ്‌കരിച്ചു. നൂറുകണക്കിന് പള്ളികള്‍ സ്ഥാപിച്ചു. ആയിരത്തോളം പുരോഹിതരെ വാഴിച്ചു. കോതമംഗലം മോര്‍ ബസേലിയോസ് ആശുപത്രി, പിറവം ബി.പി.സി. കോളജ്, ചേലാട് ദന്തല്‍ കോളജ്, പുത്തന്‍കുരിശ് സെന്റ് തോമസ് കോളജ്, പുത്തന്‍കുരിശ് ബി.എഡ്. കോളജ്, പുത്തന്‍കുരിശ് മാര്‍ അത്താനേഷ്യസ് സ്‌കൂള്‍, പട്ടിമറ്റം മോര്‍ കൂറിലോസ് സ്‌കൂള്‍, കോതമംഗലത്ത് ഭദ്രാസന അരമന, കോണ്‍വെന്റുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍. കോലഞ്ചേരി മെഡിക്കല്‍ കോളജിനു തുടക്കം കുറിച്ചതും ഈ കരങ്ങള്‍ തന്നെ.

സമകാലിക വിഷയങ്ങളില്‍ ശ്രേഷ്ഠ ബാവായ്ക്ക് കൃത്യമായ നിലപാടുകള്‍ ഉണ്ട്. സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുസൃതമായി ആരുമായും സംസര്‍ഗം പുലര്‍ത്തുന്നതിനു ബാവ സഭയെ സജ്ജമാക്കി.അത് കൊണ്ട് തന്നെ സഭയെ ആരുമായും അനുരഞ്ജനപ്പെടാനുള്ള വേദിയാക്കണം എന്ന ആശയം ബാവ ഉയര്‍ത്തുന്നുണ്ട്.പക്ഷെ വിശ്വാസപാരമ്പര്യവും,കേരള സഭയുടെ തനിമയും നഷ്ട്ടപ്പെടുത്താതെ മാത്രം.

പൂര്‍വപിതാക്കന്മാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ച പാരമ്പര്യങ്ങളും പ്രമാണങ്ങളും എല്ലാം മായം ചേര്‍ക്കപ്പെടാതെ പരിപാലിക്കുന്നതു മലങ്കര യാക്കോബായ സഭയാണ്.അന്ത്യോഖ്യായുടെ സ്ലൈഹീക പാരമ്പര്യവും പരി.പാത്രിയര്‍ക്കീസ് ബാവയോടുള്ള വിധേയത്വവും അഭുംഗരം തുടരുമെന്ന് പറയാനും സഭയുടെ ഇടയനു തെല്ലും മടിയില്ല.

പത്രോസിനെ പോലെ ഉറച്ച ഒരു പാറയാണ് യാക്കോബായ സഭയ്ക്ക് ഈ പിതാവ്.87 മത് വയസിലും ചുറുചുറുക്കോടെ ലോകമെമ്പാടുമുള്ള സഭാമക്കളെ ദൈവികശക്തിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പരിശ്രമിക്കുന്ന ശ്രേഷ്ഠബാവ ചുമതലകള്‍ മറ്റുള്ളവര്‍ക്കായി നല്‍കാന്‍ കാത്തിരിപ്പാണ്.അദ്ദേഹം പറയുന്നു.’ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ പലവട്ടം സുന്നഹദോസിലും മാനേജിംഗ് കമ്മിറ്റിയിലും അസോസിയേഷനിലും പറയുന്നതാണ് എന്നെ മാറാന്‍ അനുവദിക്കണമെന്ന്. അവരാരും അതു ചെവിക്കൊണ്ട മട്ടു കാണിക്കുന്നില്ല. സഭയ്ക്കിപ്പോള്‍ എല്ലാ കെട്ടുറപ്പോടെയും മുന്നോട്ടു പോകാന്‍ പ്രാപ്തിയായി. അതിനു ദൈവം എന്നെ ഒരു ഉപകരണമാക്കി എന്നു മാത്രം. ഇതെന്റെ മാത്രം നേട്ടമായി പറയുന്നവരോട് എനിക്ക് മറുപടിയില്ല. കൂടുതല്‍ നേരം പ്രാര്‍ത്ഥനയ്ക്കും സുവിശേഷ വേലയ്ക്കുമായി മാറ്റിവയ്ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’.

സഭയെ ആധുനീക കാലത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിച്ച മഹാരഥന്‍മാരില്‍ ഒന്നാമന്‍ ആരാണെന്ന ചോദ്യത്തിന് സഭാ മക്കള്‍ ഉത്തരം പറയുന്നതും മറ്റാരുടേതും ആവില്ലെന്ന് ഉറപ്പാണ്.അത്ര മാത്രമുണ്ട് ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും യാക്കോബായ സഭയിലെ ഓരോ മക്കളും തമ്മിലുള്ള ബന്ധം.ABOON

ജീവിക്കുന്നത് ഏതു ദേശത്തായാലും സഭയുടെ വിശ്വാസപാരമ്പര്യങ്ങളെയും തനിമയും മുറുകെ പിടിച്ചു ജീവിക്കാന്‍ സഭാമക്കളെ ഓരോ നിമിഷവും ഒരുക്കുകയാണ് ഈ ശ്രേഷ്ട പിതാവ്.ഇന്നലെ ഡബ്ലിന്‍ സ്മിത്ത് ഫീല്‍ഡിലെ സെന്റ് ഗ്രീഗോറിയോസ് പള്ളിയിലും വൈകിട്ട് വാട്ടര്‍ഫോര്‍ഡിലെ സെ.പാട്രിക് ദേവാലയത്തിലും ശ്രേഷ്ഠബാവ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചപ്പോള്‍ അയര്‍ലണ്ടിലെ സഭാ സമൂഹവും ശ്രേഷ്ടബാവയോടൊപ്പം സ്വര്‍ഗത്തോട് ചോദിച്ച പ്രാര്‍ഥന അത് തന്നെയാവും.
അഭിവന്ദ്യ കാതോലിക്കാ ബാവയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍!ba dubava dubava wfwater bava

Scroll To Top