Saturday December 03, 2016
Latest Updates

ടെസ്‌കോ തൊഴിലാളികള്‍ സമരത്തിലേയ്ക്ക് ?

ടെസ്‌കോ തൊഴിലാളികള്‍ സമരത്തിലേയ്ക്ക് ?

ഡബ്ലിന്‍: തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് മാനേജ്‌മെന്റ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ പ്രമുഖ വ്യാപാര സ്ഥാപനമായ ടെസ്‌കോയില്‍ സമരത്തിന് സാധ്യത. തൊഴിലാളികളെ പ്രതിനിധീകരിച്ചുകൊണ്ട് മാന്‍ഡേറ്റ്, സിപ്റ്റു ട്രേഡ് യൂണിയനുകളുടെ ശമ്പള വര്‍ദ്ധനവ് എന്ന നിര്‍ദ്ദേശം അധികൃതര്‍ തള്ളിയതോടെയാണ് സമരത്തിന് കളമൊരുങ്ങുന്നത്. സമരം വേണോ എന്ന കാര്യത്തില്‍ തൊഴിലാളികളുടെ ഇടയില്‍ വോട്ടെടുപ്പ് നടത്തിയ ശേഷമാകും അന്തിമ തീരുമാനം.

ഫെബ്രുവരി 2ന് പുറപ്പെടുവിച്ച ഒരു കോടതി ഉത്തരവില്‍ എല്ലാ കമ്പനി തൊഴിലാളികള്‍ക്കും 2% ശമ്പള വര്‍ദ്ധനവും ബോണസും നല്‍കണം എന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 1,000ലേറെ ടെസ്‌കോ തൊഴിലാളികള്‍, തങ്ങള്‍ക്ക് ശമ്പള വര്‍ദ്ധന ഉണ്ടായില്ലെന്ന് പരാതിപ്പെട്ടതായാണ് ട്രേഡ് യൂണിയനുകള്‍ പറയുന്നത്. അയര്‍ലണ്ടില്‍ ടെസ്‌കോയുടെ 149 കടകളിലായി 14,500ഓളം പേരാണ് ജോലി ചെയ്യുന്നത്.
മാനേജ്‌മെന്റിന്റെ തീരുമാനം തൊഴിലാളികള്‍ക്കെതിരായ അക്രമമാണെന്നാണ് മാന്‍ഡേറ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറി ജോണ്‍ ഡഗ്ലസ് അഭിപ്രായപ്പെട്ടത്. നിര്‍ദ്ദേശം കമ്പനി അംഗീകരിച്ചിരുന്നെങ്കില്‍ സമരം ഒഴിവാക്കാവുന്നതായിരുന്നുവെന്ന് സിപ്റ്റു നേതാവ് ഡെറക് കാസര്‍ലിയും പ്രതികരിച്ചു. സിപ്റ്റു വെള്ളിയാഴ്ച മുതലും, മാന്‍ഡേറ്റ് മാര്‍ച്ച് 5 മുതലും സമരത്തെക്കുറിച്ച് തൊഴിലാളികള്‍ക്കുള്ള അഭിപ്രായം സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Scroll To Top