Thursday December 08, 2016
Latest Updates

റിക്കോര്‍ഡ് വരിക്കാരുടെ ബലത്തില്‍ ടെസ്‌കോ മൊബൈല്‍ നിരക്ക് കൂട്ടാന്‍ പദ്ധതിയിടുന്നു 

റിക്കോര്‍ഡ് വരിക്കാരുടെ ബലത്തില്‍ ടെസ്‌കോ മൊബൈല്‍ നിരക്ക് കൂട്ടാന്‍ പദ്ധതിയിടുന്നു 

ഡബ്ലിന്‍ :വരിക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഓഫറുകളില്‍ ടെസ്‌കോ മൊബൈല്‍സ് മാറ്റം വരുത്തി. നിലവില്‍ ലഭിക്കുന്ന 15 ജിബി യൂസേജ് നേര്‍പകുതിയായി വെട്ടിക്കുറയ്ക്കുകയാണ് ടെസ്‌കോ ചെയ്തിരിക്കുന്നത്.30 യൂറോ പ്രതിമാസം ഈടാക്കി കൊണ്ട് ഉപയോക്താക്കള്‍ക്ക് നല്‍കിയിരുന്ന 50 ജിബി പ്ലാനും ടെസ്‌കോ നിര്‍ത്തലാക്കി. വരും നാളുകളില്‍ 3ജിയില്‍നിന്ന് ഒരു പടി കൂടി കടന്ന് 4ജിയിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് ടെസ്‌കോ. 

അയര്‍ലണ്ടില്‍ മൂന്ന് ലക്ഷം പേര്‍ വരിക്കാരായതിന് പിന്നാലെയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ടെസ്‌കോ ഈ കടുംകൈ ചെയ്തത്.അതേ സമയം ഏതെങ്കിലും പ്രത്യേക ബണ്ടിലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ബ്രോഡ്ബാന്‍ഡ് ചാര്‍ജ് വര്‍ദ്ധനവ് ബാധകമാവില്ല. ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും കമ്പനിയുടെ കപ്പാസിറ്റി ഉയര്‍ത്തുന്നതിനുമാണ് യൂസേജ് വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് ടെസ്‌കോ വക്താവ് നല്‍കിയിരിക്കുന്ന വിശദീകരണം. 02 അയര്‍ലണ്ടിന്റെയും 3 അയര്‍ലണ്ടിന്റെയും നെറ്റ്‌വര്‍ക്കിലൂടെ പ്രവര്‍ത്തിക്കുന്ന വിര്‍ച്വലായിട്ടുള്ള ഒരു കമ്പനിയാണ് ടെസ്‌കോ. കഴിഞ്ഞ ഇടയ്ക്കാണ് 3 അയര്‍ലണ്ടും 02 അയര്‍ലണ്ടും ചേര്‍ത്ത് ഒരു കമ്പനിയാക്കിയത്. ടെസ്‌കോയുടെ യൂസേജ് വെട്ടിക്കുറച്ചതിന് പിന്നില്‍ ഈ കമ്പനികളുടെ കൂടിച്ചേരല്‍ മൂലം ഒഴിവാക്കപ്പെട്ട മത്സരസ്വഭാവം കാരണമായിട്ടുണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല. 

നാല് സേവന ദാതാക്കളെ മൂന്നായി വെട്ടിക്കുറയ്ക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവന നടത്തിയിരുന്നു. 

ഐറിഷ് മാര്‍ക്കറ്റിലേക്ക് രണ്ട് വിര്‍ച്വല്‍ ഓപ്പറേറ്റര്‍മാര്‍ കൂടി ഈ വര്‍ഷം അവസാനം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ സേവനദാതാക്കള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയായിരിക്കും തങ്ങള്‍ വിപണിയിലേക്ക് എത്തുക എന്നാണ് യുപിസിയും കാര്‍ഫോണ്‍ വെയര്‍ഹൗസും അവകാശപ്പെടുന്നത്.ഇവര്‍ വില കുറവുള്ള പ്ലാനുകളുമായി എത്തുമെന്ന സംശയത്താലാണ് ടെസ്‌കോ ഫോണ്‍ ചാര്‍ജ്കള്‍ പെട്ടന്ന് ഉയര്‍ത്താത്തത് എന്ന് വിപണിയിലെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

എങ്കിലും പ്രതിദിനം ടെസ്‌കോ മൊബൈലില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിളിക്കാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.ടെസ്‌കോ മൊബൈല്‍ പ്രചാരത്തിലായ ആദ്യനാളുകളില്‍ കമ്പനിയ്ക്ക് വലിയ പ്രചാരണം നല്‍കിയ അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലെ ലാന്‍ഡ് ഫോണിലേയ്ക്ക് മിനുട്ടിന് ഒരു സെന്റും മൊബൈല്‍ ഫോണിലേയ്ക്ക് 3 സെന്റുമാണ് പ്രത്യേക ഓഫറായി ടെസ്‌കോ ചാര്‍ജ് ചെയ്യുന്നത്. 

എന്നാല്‍ ഈ നിരക്ക് ഉപയോഗിച്ച് ഒരു ദിവസം വിളിക്കാമായിരുന്ന പരമാവധി സമയത്തിനാണ് മാറ്റം വരുത്തിയിരിക്കുന്നത്.മുമ്പ് ദിവസം 400 മിനുറ്റ് വരെ വിളിക്കാമായിരുന്ന ഈ സൗകര്യം ഇപ്പോള്‍ 200 മിനുട്ട് ആയി കുറച്ചിട്ടുണ്ട്.200 മിനുട്ട് കഴിയുമ്പോള്‍ ടെസ്‌കോ ഉപഭോക്താവിന് ഒരു മുന്നറിയിപ്പ് സന്ദേശം അയയ്ക്കും.തുടര്‍ന്നും ഫോണില്‍ തുടരുകയാണെങ്കില്‍ മിനുട്ടിന് 20 സെന്റ് ചാര്‍ജ് ഈടാക്കുമെന്ന് ടെസ്‌കോ അറിയിച്ചു.

Scroll To Top