Tuesday March 20, 2018
Latest Updates

മലയാളികളുടെ ആദ്യ കുടിയേറ്റ കേന്ദ്രമായ ഏഡനില്‍ ചാവേറാക്രമണം:60 പേര്‍ മരിച്ചു

മലയാളികളുടെ ആദ്യ കുടിയേറ്റ കേന്ദ്രമായ ഏഡനില്‍ ചാവേറാക്രമണം:60 പേര്‍ മരിച്ചു

ഏഡന്‍: യെമനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഏഡനിലെ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം, 60 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്ക്. പലരുടേയും നില ഗുരുതരം, മരണസംഖ്യ ഉയര്‍ന്നേക്കാം.

ഇന്നലെ രാവിലെ എട്ടു മണിയോടെ വടക്കന്‍ ഏഡനിലെ മന്‍സോരയിലുള്ള ഒരു സ്‌കൂളില്‍ നടത്തിയിരുന്ന കരസേനാ പരിശീലന ക്യാമ്പിലേക്ക് സ്ഫോടക വസ്തു നിറച്ച കാര്‍ ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഐഎസ് വാര്‍ത്ത ഏജന്‍സി അമഖ് ന്യൂസാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. അതിനാല്‍ ഐഎസാണ് പിന്നിലെന്നാണ് സൂചന.

ജിഹാദികള്‍ പിടിച്ചെടുത്ത തെക്കന്‍ മേഖലകള്‍ തിരിച്ചുപിടിക്കാനാനുള്ള തീവ്രപോരാട്ടത്തിലാണ് സൈന്യം. ഇതിനു വേണ്ടി രണ്ടു മാസമായി കൂടുതല്‍ ചെറുപ്പക്കാരെ സൈന്യത്തില്‍ ചേര്‍ത്ത് ഏഡനില്‍ അവര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. കൊല്ലപ്പെട്ടവരിലേറെയും അവരാണ്. പരിക്കേറ്റവരില്‍ ആറുവയസുള്ള ബാലനും ഉള്‍പ്പെടുന്നു. ഇവിടത്തെ പരിശീലനം കഴിഞ്ഞ് ജിബൂട്ടി, എറിത്രിയ എന്നിവിടങ്ങളില്‍ അടുത്ത ഘട്ടം പരിശീലനത്തിന് പോകാന്‍ ഒരുങ്ങുന്ന 20നും 30നും ഇയ്ക്കുള്ളവരാണ് മരിച്ചവരിലേറെയും.

അബ്യാന്‍ നഗരം തിരിച്ചെടുത്തെങ്കിലും അല്‍ മഹ്ഫിദില്‍ അല്‍ഖ്വയ്ദയുമായി ശക്തമായ യുദ്ധമാണ്.

തുറമുഖ നഗരമായ ഏഡനില്‍ അനവധി ഭീകരാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2015 മാര്‍ച്ച് മുതല്‍ ഇതുവരെയായി യെമനില്‍ പതിനായരത്തോളം പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഹൂതി വിമതരും തമ്മിലുള്ള യുദ്ധം കാരണം വര്‍ഷങ്ങളായി യെമന്‍ സംഘര്‍ഷത്തിലാണ്. മുന്‍പ്രസിഡന്റ് അലി അബ്ദുള്ള സാലേയുടെ പിന്തുണയുള്ള വിമതരെ ഐഎസ് അടക്കമുള്ള ഭീകരസംഘടനകളും പിന്തുണയ്ക്കുന്നുണ്ട്.

കൊടുമ്പിരിക്കൊണ്ട യുദ്ധത്തില്‍ ഇരുകൂട്ടരും തോക്കുകളും മിസൈലുകളും ടാങ്കുകളും എല്ലാം ഉപയോഗിക്കുന്നുണ്ട്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സര്‍ക്കാര്‍ സൈന്യത്തെ പിന്തുണയ്ക്കുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് ഭവനരഹിതരായി പലായനം ചെയ്യുന്നത്. സഖ്യസേനയുടെ ആക്രമണവും വലിയ നാശനഷ്ടങ്ങളാണ് വരുത്തുന്നത്. ജനങ്ങള്‍ ഇതിലും കൊല്ലപ്പെടുന്നുണ്ട്.

ഏഡന്‍: മലയാളികളുടെ ആദ്യകുടിയേറ്റ കേന്ദ്രം
യെമനിലെ പുരാതന തുറമുഖ നഗരമാണ് ഏഡന്‍. എട്ടു ലക്ഷമാണ് ജനസംഖ്യ. ഗള്‍ഫിലേക്ക് മലയാളികള്‍ പോയിത്തുടങ്ങും മുന്‍പ് ഏഡനായിരുന്നു അവരുടെ സ്വപ്ന ഭൂമി. അന്ന് ഇവിടെ ധാരാളം ജോലിസാധ്യതയുണ്ടായിരുന്നു.

അടുത്തിടെ യുദ്ധം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ഇന്ത്യാക്കാരില്‍ അനവധി പേരെ കേന്ദ്രം മടക്കിക്കൊണ്ടുവന്നിരുന്നു.

700 ഓളം മലയാളികളാണ് മടങ്ങിയെത്തിയത്.
ഇവിടെ സേവന പ്രവര്‍ത്തനം നടത്തുന്നിനിടെയാണ് ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മിഷണറീസ് ഓഫ് ചാരിറ്റി കോണ്‍വെന്റ് ആക്രമിച്ച ഭീകരര്‍ നാലു കന്യാസ്ത്രീകള്‍ അടക്കം 16 പേരെ വധിച്ചു. തുടര്‍ന്ന് ഫാ. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയി. ഇവിടത്തെ ചാപ്പല്‍ ഭീകരര്‍ നശിപ്പിച്ചു.

റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായി അംബാനി ഇവിടെ നിന്നാണ് ജീവിതം കരുപ്പിടിപ്പിച്ചത്. ഇവിടത്തെ വെള്ളിനാണയങ്ങള്‍ ഉരുക്കി വിറ്റാണ് അദ്ദേഹം പണമുണ്ടാക്കിത്തുടങ്ങിയത്. പതിനാറാം വയസില്‍ അവിടെയെത്തിയതാണ്. ഡസ്പാച്ച് ക്ളാര്‍ക്കായി ജീവിതം ആരംഭിച്ചു. പിന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണം തുടങ്ങി. അതില്‍ നിന്നുള്ള ലാഭം കൊണ്ടാണ് പഴയവെള്ളിനാണയം ഉരുക്കി വില്‍ക്കുന്ന ബിസിനസ് തുടങ്ങിയത്.

Scroll To Top