Sunday December 04, 2016
Latest Updates

ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഭീകരാക്രമണ സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. മുംബൈ മാതൃകയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. ഈ മാസം എട്ടാം തിയതി മുതല്‍ പത്താം തിയതി വരെയുള്ള ദിവസങ്ങളില്‍ ഭീകരര്‍ ഇന്ത്യയിലെത്തുമെന്നും ഈ ദിവസങ്ങള്‍ ഇന്ത്യയുടെ രാജ്യസുരക്ഷ സംബന്ധിച്ച് നിര്‍ണായകമാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹോട്ടലുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തേണ്ട തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നും ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല മറിച്ച് രാജ്യത്തുടനീളം അക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. മുബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകരില്‍ ഒരാളായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായ സാഹചര്യത്തിലാണു തീവ്രവാദി സംഘടനകള്‍ ആക്രമണത്തിനു പദ്ധതിയിടുന്നത്.

മെട്രോ നഗരങ്ങളായിരിക്കും തീവ്രവാദികളുടെ പ്രധാന ലക്ഷ്യം എന്നതിനാല്‍ മുംബൈ, ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മുംബൈ റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക സുരക്ഷാ സേനയെ നിയോഗിക്കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കുന്നു. ഈ ആഴ്ച്ചയില്‍ ഇന്ത്യയില്‍ ഭീകരര്‍ താവളമടിക്കുമെങ്കിലും ഒരു മാസത്തിന് ശേഷമെ ആക്രമണം നടത്താന്‍ സാധ്യതയുള്ളു. അതിനു മുന്‍പെ ഭീകരരെ കണ്ടെത്തണമെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ ആവശ്യപ്പെടുന്നത്.

ലഖ്‌വിയുടെ മോചനത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. ലഖ്‌വി ഇത്രനാള്‍ തടവില്‍ കഴിഞ്ഞതു ഇന്ത്യയുടെ സമ്മര്‍ദം മൂലമാണെന്നതും ആക്രമണത്തിനു ഭീകരരെ പ്രേരിപ്പിക്കുന്നു. 2008ല്‍ സമുദ്രമാര്‍ഗം ഇന്ത്യയിലെത്തിയ 10 തീവ്രവാദികളായിരുന്നു മുംബൈയില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top