Wednesday April 26, 2017
Latest Updates

യൂറോപ്പ് ഭീകരാക്രമണത്തിന്റെ ഭീതിയില്‍,ജാഗ്രതാ മുന്നറിയിപ്പുമായി നഗരങ്ങള്‍ 

യൂറോപ്പ് ഭീകരാക്രമണത്തിന്റെ ഭീതിയില്‍,ജാഗ്രതാ മുന്നറിയിപ്പുമായി നഗരങ്ങള്‍ 

ഡബ്ലിന്‍:ഭീകരാക്രമണ സാധ്യതയില്‍ അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കരുതല്‍ നടപടികള്‍ ശക്തമാക്കി.ഓസ്ട്രിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് ഏറ്റവും പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.അയര്‍ലണ്ടിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടു കൂടുതല്‍ ഗാര്‍ഡ ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ടെന്നും നീതിന്യായ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി 

ഇംഗ്‌ളണ്ടിനെയാണ് ആക്രമണഭീതി ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് .പാരീസില്‍ ഐസിസ് ഭീകരാക്രമണം നടത്തിയതിന് ശേഷം ബ്രിട്ടനാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഭീകരര്‍ ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനനുസരിച്ച് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന സമാധാനത്തിലാണ് ബ്രിട്ടണിലെ ജനങ്ങള്‍ നാളുകള്‍ തള്ളി നീക്കുന്നത്. എന്നാല്‍ സായുധ സംരക്ഷണം പര്യാപ്തമായ വിധത്തില്‍ ഏര്‍പ്പെടുത്തുന്നതില്‍ ലണ്ടന് പുറത്തുള്ള നഗരങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിനാല്‍ അവ അത്യന്തം അപകടകരമായ ആക്രമണ സാധ്യതയിലാണെന്നാണ് പോലീസ് തലവന്‍മാര്‍ ഹോം സെക്രട്ടറി തെരേസ മേയെ അറിയിച്ചിരിക്കുന്നത്.യൂറോപ്പിലെ വിവിധ നഗരങ്ങള്‍ കടുത്ത ഭീകരാക്രമണ ഭീഷണിയിലാണെന്ന മുന്നറിയിപ്പ് പുറത്ത് വന്ന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ വെളിപ്പെടുത്തലുമായി പോലീസ് തലവന്‍മാര്‍ രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.

പുതുവര്‍ഷത്തിന് മുമ്പ് യൂറോപ്യന്‍ രാജ്യങ്ങളിലെ തലസ്ഥാനങ്ങളില്‍ തീവ്രവാദ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് ഓസ്ട്രിയന്‍ പോലീസ് ഇന്നലെ മുന്നറിയിപ്പേകിയിരുന്നത്.ഫ്രന്റ്‌ലി ഇന്റലിജന്‍സ് സര്‍വീസാണ് ഈ ആക്രമണത്തെക്കുറിച്ച് തങ്ങള്‍ക്ക് മുന്നറിയിപ്പ് സന്ദേശമയച്ചതെന്നാണ് ഓസ്ട്രിയന്‍ പോലീസ് പറഞ്ഞിരിക്കുന്നത്.എന്നാല്‍ ഏതൊക്കെ നഗരങ്ങളാണിതെന്ന് വിയന്ന പോലീസ് വ്യക്തമാക്കിയിട്ടുമില്ല.ക്രിസ്മസിനും പുതുവല്‍സരാഘോഷങ്ങള്‍ക്കും ആളുകള്‍ കൂടുന്ന ഇടങ്ങളിലായിരിക്കും ഇത്തരം ആക്രമണങ്ങളുണ്ടാകുകയെന്നും സൂചനയുണ്ട്.ഇതിനെ തുടര്‍ന്ന് യൂറോപ്പ് ഭൂഖണ്ഡത്തിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട് 

Scroll To Top