Saturday December 10, 2016
Latest Updates

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം:76 മരണം,നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം:76 മരണം,നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു

പാരീസ്:ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പിനെ വീണ്ടും വേട്ടയാടുന്നു.ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ 76 ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് ഫ്രാന്‍സിലെ നൈസില്‍ ട്രക്കിലെത്തിയ അക്രമി ആള്‍കൂട്ടത്തിന് നേരെ വാഹനമിടിച്ച് കയറ്റിയത്. ട്രക്ക് ഡ്രൈവര്‍ ആള്‍കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമിയെ പോലീസ് വെടിവച്ച് വീഴ്ത്തി.

ഫ്രാന്‍സിന്റെ ദേശീയ ദിനമായ ഇന്നലെ(ജൂലൈ 14ന്) രാത്രിയിലാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. ആയിരക്കണക്കിനാളുകളാണ് ബാസ്റ്റില്‍ ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് നൈസ് നഗരത്തില്‍ തടിച്ചുകൂടിയത്. കരിമരുന്ന് പ്രയോഗവും മറ്റും കണ്ടുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്കാണ് അമിത വേഗതയിലെത്തിയ വലിയ ട്രക്ക് ഇടിച്ച് കയറിയത്.

അപകടമല്ല കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു അത്. നൂറുകണക്കിനാളുകളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ നിന്ന് ഡ്രൈവര്‍ ആള്‍കൂട്ടത്തിന് നേരെ ട്രക്കിലിരുന്ന് കൊണ്ട് തന്നെ വെടിവച്ചു. തുടര്‍ന്ന് പോലീസ് ട്രക്കിന് നേരെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് ട്രക്ക് ഡ്രൈവര്‍ മരിച്ചു. ട്രക്കിനുള്ളില്‍ നിന്ന് നിരവധി തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തു.

ആക്രമണത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനങ്ങള്‍ തെരുവിലൂടെ ഓടി രക്ഷപെടുന്ന മൊബൈല്‍ ക്യാമറാദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആളുകളില്‍ പലരും റോഡില്‍ ഇരിക്കുകയായിരുന്നതിനാല്‍ ട്രക്ക് വരുമ്പോള്‍ ഓടി മാറാനും സാധിച്ചിരുന്നില്ലെന്ന് സംഭവത്തിന്റെ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജനക്കൂട്ടത്തിനിടയിലൂടെ ഏകദേശം ഒന്നര കിലോമീറ്ററോളം ട്രക്ക് സഞ്ചരിച്ചതായി അധികൃതര്‍ പറഞ്ഞു.

ഭീകരാക്രമണം തന്നെയാണ് നടന്നതെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സെ ഒലന്ദ് വിദേശയാത്ര വെട്ടിച്ചുരുക്കി ഫ്രാന്‍സിലേക്ക് തിരിച്ചു. ഇസ്ലാമിക് സ്റ്റേറ്റാണ് ഭീകരാക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നടുക്കം രേഖപ്പെടുത്തി.

ഫ്രാന്‍സ് തുടര്‍ച്ചയായി ഭീകരരുടെ ആക്രമണത്തിന് ഇരയാവുകയാണ്. ഇക്കഴിഞ്ഞ നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തില്‍ 130 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

Scroll To Top