Sunday September 23, 2018
Latest Updates

അയര്‍ലണ്ടില്‍ സൂര്യന്‍ കത്തിക്കയറുന്നു,ടിപ്പററിയില്‍ കാറില്‍ ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞ് സൂര്യതാപമേറ്റ് മരിച്ചു

അയര്‍ലണ്ടില്‍ സൂര്യന്‍ കത്തിക്കയറുന്നു,ടിപ്പററിയില്‍ കാറില്‍ ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞ് സൂര്യതാപമേറ്റ് മരിച്ചു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ചിലഭാഗങ്ങളില്‍ സൂര്യാതാപ നില ഭീതിതമാം വിധം ഉയരുന്നു.ഇതിനിടെ കാറില്‍ ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞ് സൂര്യതാപമേറ്റ് മരിച്ച സംഭവവും റിപോര്‍ട് ചെയ്യപ്പെട്ടു.സമ്മര്‍ ആഘോഷത്തിനിടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി ആ പിഞ്ച്കുഞ്ഞിന്റെ വേര്‍പാട്.

കൗണ്ടി ടിപ്പററിയില്‍ ഏഴുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞാണ് സൂര്യതാപത്തില്‍ പൊലിഞ്ഞത്.ടിപ്പററിയിലെ ഡണ്‍ട്രം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.ഏതാനും മണിക്കൂറുകള്‍ കുഞ്ഞ് ഒരു കാറില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവന്നതായാണ് ലഭിക്കുന്ന വിവരം.കണ്ടെത്തിയ ഉടന്‍ കുഞ്ഞിനെ ആംബുലന്‍സില്‍ പ്രാദേശിക ഹോസ്പിറ്റലിലും തുടര്‍ന്ന് അവിടെ നിന്ന് എയര്‍ ആംബുലന്‍സില്‍ ലിമെറിക്കിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലുമെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം.ഇതറിഞ്ഞ ഉടന്‍ ഗാര്‍ഡാ സംഘം അവിടെ കുതിച്ചെത്തിയിരുന്നു.999ല്‍ കോള്‍ വിളിയെത്തിയതോടെ സ്പോട്ടിലെത്തിയതായി ഗാര്‍ഡാ അറിയിച്ചു.ടിപ്പററി ടൗണില്‍ താമസിക്കുന്ന യുവ ദമ്പതികളുടെ ഏക മകളാണ് ഏഴുമാസംപ്രായമുള്ള കുഞ്ഞെന്നാണ് വിവരം.പക്ഷേ ഏതു സാഹചര്യത്തിലാണ് കുഞ്ഞ് കാറില്‍ തനിച്ചായതെന്ന് വ്യക്തമായിട്ടില്ല.കുഞ്ഞിന്റെ മരണത്തിലേക്കെത്തിയ സാഹചര്യം ഗാര്‍ഡാ ഗൗരവപൂര്‍വം അന്വേഷിച്ചുവരികയാണ്.
ചൈല്‍ഡ് മൈന്‍ഡര്‍ വരുമെന്ന പ്രതീക്ഷയില്‍ കുട്ടിയെ കാറില്‍ കിടത്തിയ ശേഷം മാതാപിതാക്കള്‍ ജോലിയ്ക്ക് പോയതാണെന്നും,മാതാപിതാക്കളെ അറിയിച്ച ശേഷം ചൈല്‍ഡ് മൈന്‍ഡര്‍ കുട്ടിയെ കാറില്‍ ഉറക്കി കിടത്തിയ ശേഷം പോയതാണെന്നും രണ്ടു വാദങ്ങള്‍ ഉയരുന്നുണ്ട്.

ദുരന്തസ്ഥലത്തുണ്ടായിരുന്ന കുഞ്ഞിന്റെ കുടുംബം അപ്രതീക്ഷിത ദുരന്തത്തില്‍ ആകെ തകര്‍ന്നുപോയി.അവരുടെ സമീപത്തെ ആശുപത്രിയിലാണ് മകളെയെത്തിച്ചതും.എന്നാല്‍ വിധി കുഞ്ഞിന് ആയുസ് നല്‍കിയില്ല.ഈ യുവദമ്പതികളെ ആശ്വസിപ്പിക്കാനായി ബന്ധുക്കളുടെയും അയല്‍വാസികളുടേയും സുഹൃത്തുക്കളുടേയും പ്രവാഹമാണ്

എന്നിരുന്നാലും ദുര്‍മരണമെത്തിയ സാഹചര്യങ്ങളെല്ലാം ഗാര്‍ഡാ ഊര്‍ജിതമായി അന്വേഷിക്കുന്നുണ്ട്. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനെങ്കിലും സഹായകമാകും അതെന്നാണ് കണക്കുകൂട്ടുന്നത്.

അതേസമയം,രാജ്യത്തിന്റെ പലഭാഗങ്ങളിലും ചൂട് ആസ്വദിക്കാനെത്തുന്നവരുടെ തിരക്കായിരുന്നു.മിക്ക ബീച്ചുകളിലും പാര്‍ക്കുകളിലും വന്‍ ആള്‍ക്കൂട്ടമായിരുന്നു.

താപനില 25 ഡിഗ്രിവരെയെത്തിയതോടെ ബീച്ചുകളിലും പാര്‍ക്കുകളും ഒത്തുകൂടിയ സംഘങ്ങള്‍ ആഹ്ലാദനൃത്തമാടി.കൗണ്ടി ലോംഗ് ഫോര്‍ഡിലെമൗണ്ട് ഡില്ലോണിലാണ് ഉയര്‍ന്ന താപനിലയായ 25.7സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.മാലഹെഡ്, കൗണ്ടി ഡോണേഗല്‍ എന്നിവിടങ്ങളില്‍ പ്രദേശവാസികള്‍ ഏറ്റവും കൂടിയ ചൂടില്‍ വലഞ്ഞു.എന്നാല്‍ വാരാന്ത്യം മഴയില്‍ നനയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.കനത്തമഴയും കുറഞ്ഞ താപനിലയുമാണ് മെറ്റ് എയ്റിയാന്‍ പ്രവചിക്കുന്നത്.എങ്കിലും വെള്ളിയാഴ്ച തെളിഞ്ഞ ദിവസമായിരിക്കും.എന്നാല്‍ പടിഞ്ഞാറന്‍ തീര കൗണ്ടികളില്‍ മേഘം കനത്ത് മഴയെക്കൊണ്ടുവരും.ശനിയാഴ്ച വൈകുന്നേരത്തോടെ വ്യാപകമായ മഴയായി ഇത് മാറിയേക്കാം.എന്നിരുന്നാലും ചൂടുള്ള ഇടങ്ങളില്‍ താപനില 18മുതല്‍ 25 വരെയാകും.

രാജ്യത്തിന്റെ പലയിടത്തും ശനിയാഴ്ച സുപ്രഭാതത്തെ വരവേല്‍ക്കുന്നത് നനഞ്ഞു കുതിര്‍ന്നായിരിക്കും.എന്നാല്‍. ഉച്ചകഴിയുന്നതോടെ ക്രമേണ മഴ മാറി മാനം തെളിയും.ഞായറാഴ്ച താപനില 16 മുതല്‍ 13 വരെ ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

Scroll To Top