Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും ഇമെയില്‍ നിരീക്ഷിക്കാനും വിദേശ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന നിയമം നിലവില്‍

അയര്‍ലണ്ടിലെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും ഇമെയില്‍ നിരീക്ഷിക്കാനും വിദേശ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന നിയമം നിലവില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഫോണ്‍ കോളുകള്‍ ചോര്‍ത്താനും ഇമെയില്‍ നിരീക്ഷിക്കാനും വിദേശ അന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന നിയമം അയര്‍ലണ്ട് പാസാക്കി. ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡാണ് ഇത് സംബന്ധിച്ച് നിയമത്തില്‍ ഒപ്പുവച്ചത്. തിങ്കളാഴ്ച നിയമം നിലവില്‍ വരും. പുതിയ നിയമ പ്രകാരം വിദേശ അന്വേഷണ ഏജന്‍സികള്‍ക്ക് അയര്‍ലണ്ടിലെ ഫോണ്‍ കോളുകളും ഇമെയിലുകളും നിരീക്ഷിക്കാന്‍ അനുമതി നല്‍കുന്നു ഒപ്പം ഐറിഷ് അന്വേഷണ ഏജന്‍സികള്‍ക്ക് വിദേശ രാജ്യങ്ങളിലെ ഫോണ്‍ കോള്‍, ഇമെയില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാനും സാധിക്കും. 

പുതിയ നിയമപ്രകാരം ഫോണ്‍ കോള്‍, ഇമെയില്‍ വിശദാംശങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും പുതിയ നിയമം അനുമതി നല്‍കുന്നു. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി അയര്‍ലണ്ടില്‍ നിന്ന് ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ വിദേശ ഏജന്‍സികള്‍ക്ക് അയര്‍ലണ്ടിലെ ഫോണ്‍ , ഇന്റര്‍നെറ്റ് വിശദാംശങ്ങള്‍ കൈമാറാനുള്ള നിയമം പാസാക്കിയതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. 

ടെലികോം കമ്പനികളെക്കൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമമെന്ന് ഡിജിറ്റല്‍ റൈറ്റ്‌സ് ഗ്രൂപ്പ് വിമര്‍ശനം ഉന്നയിച്ചു. പ്രമുഖ ടെലികോം കമ്പനികളും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Scroll To Top