Saturday December 03, 2016
Latest Updates

സമരം പൂര്‍ണ്ണം, 730 സ്‌കൂളുകള്‍ അടഞ്ഞു കിടന്നു:പ്രതിഷേധം വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയെന്ന് അധ്യാപകര്‍

സമരം പൂര്‍ണ്ണം, 730 സ്‌കൂളുകള്‍ അടഞ്ഞു കിടന്നു:പ്രതിഷേധം വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയെന്ന് അധ്യാപകര്‍

ഡബ്ലിന്‍: ജൂനിയര്‍ സൈക്കിളിലെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഇന്നലെ നടന്ന സമരം പൂര്‍ണ്ണം. 27,000 സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍ പണിമുടക്കി. സമരത്തിന്റെ ഭാഗമായി 730 സ്‌കൂളുകള്‍ അടഞ്ഞു കിടന്നു. 350,000 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി. അധ്യാപക സംഘടനകള്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ സമരത്തിന്റെ ആദ്യ ദിനമാണ് ഇന്നലെ കടന്നു പോയത്. ജനുവരിയില്‍ വീണ്ടും ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

തങ്ങള്‍ ശമ്പളം വര്‍ധിപ്പിക്കുന്നതിനോ മറ്റ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് വിദ്യാഭ്യാസ മേഖലയിലെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് ആര്‍ട്ട്‌നെയിലെ സെന്റ് ഡേവിഡ്‌സ് സ്‌കൂളിലെ ഒരു അധ്യാപകന്‍ പറഞ്ഞു. ജൂനിയര്‍ സര്‍ട്ടിഫിക്കറ്റിന്റെ 40 ശതമാനം മൂല്യനിര്‍ണ്ണയം അതാത് സ്‌കൂളുകളിലെ അധ്യാപകരെ തന്നെ എല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് അധ്യാപക സംഘടനകള്‍ സമരം ചെയ്യുന്നത്. 

നേരത്തെ ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് മൂല്യനിര്‍ണ്ണയം പക്ഷപാതരഹിതമായിരുന്നെന്ന് സമരം ചെയ്യുന്ന അധ്യാപകര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ അതാത് സ്‌കൂളുകളിലെ തന്നെ അധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്തുന്നത് വിദ്യാഭ്യാസ നിലവാരം ഇടിക്കുമെന്നാണ് സംഘടനകളുടെ പരാതി. മൂല്യനിര്‍ണ്ണയ സംവിധാനം അട്ടിമറിക്കുന്നതും സ്റ്റേറ്റ് എക്‌സാം കമ്മീഷനെ ഇല്ലായ്മ ചെയ്യുന്നതും വിദ്യാഭ്യാസ നിലവാരം തകര്‍ക്കും. ഇത് അംഗീകരിക്കാനാകില്ലെന്ന് എ.എസ്.ടി.ഐ വക്താവ് ജിം ഓ നീല്‍ പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദ്ദേശം പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ഇല്ലാതാക്കുമെന്ന് ടി.യു.ഐ നേതാവ് ജെറി ക്വിന്‍ പറഞ്ഞു. 

അതേസമയം സമരം അനാവശ്യമാണെന്ന നിലപാടില്‍ വിദ്യാഭ്യാസ മന്ത്രി ഉറച്ച് നില്‍ക്കുകയാണ്. സംഘടനകള്‍ അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് തയ്യാറായിരുന്നെങ്കില്‍ സമരം ഒഴിവാക്കാമായിരുന്നെന്നു വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുള്ളിവന്‍ പറഞ്ഞു. 

Scroll To Top