Thursday December 08, 2016
Latest Updates

ഗാര്‍ഡയ്ക്ക് ലഭിക്കുക ശമ്പളത്തില്‍ 3600 യൂറോയുടെ വര്‍ദ്ധനവ്,മറ്റു യൂണിയനുകള്‍ക്ക് പ്രതിഷേധം, അധ്യാപക സമരം തുടരുന്നു

ഗാര്‍ഡയ്ക്ക് ലഭിക്കുക ശമ്പളത്തില്‍ 3600 യൂറോയുടെ വര്‍ദ്ധനവ്,മറ്റു യൂണിയനുകള്‍ക്ക് പ്രതിഷേധം, അധ്യാപക സമരം തുടരുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിലെ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍ നടത്തിവരുന്ന സമരം തുടരുന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അദ്ധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് സെക്കണ്ടറി ടീച്ചേഴ്സ് ഇന്‍ അയര്‍ലണ്ട് (എഎസ്ടിഐ) ജനറല്‍ സെക്രട്ടറി കെയ്റന്‍ ക്രിസ്റ്റി വ്യക്തമാക്കി. രാജ്യത്തെ 60% സെക്കണ്ടറി സ്‌കൂളുകളും സമരത്തെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

സമരം ഒത്തുതീര്‍പ്പാക്കാനായി വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിനുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് കെയ്റന്‍ ക്രിസ്റ്റി പറഞ്ഞു. സമരത്തിനു നേരെയുള്ള വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്റെ സമീപനം തെറ്റാണെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി. ഹാഡിങ്ടണ്‍ റോഡ് കരാര്‍ സര്‍ക്കാര്‍ പാലിച്ചിരുന്നെങ്കില്‍ സമരം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആഴ്ചയില്‍ ഒരു മണിക്കൂര്‍ അധികജോലി ചെയ്താല്‍ മാത്രമേ അദ്ധ്യാപകര്‍ക്ക് സൂപ്പര്‍വിഷന്‍, സബ്സ്റ്റിറ്റിയൂഷന്‍ ഡ്യൂട്ടികളില്‍ ശമ്പളം നല്‍കൂവെന്ന് മന്ത്രി ബ്രട്ടന്‍ വ്യക്തമാക്കി. എല്ലാ പൊതുജീവനക്കാരും അധിക മണിക്കൂറുകളില്‍ ജോലി ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഡായാവട്ടെ ലേബര്‍ കോര്‍ട്ട് ധാരണകള്‍ അനുസരിച്ച് 3600 യൂറോയുടെ ശമ്പളം ഒറ്റയടിയ്ക്ക് കൂട്ടിക്കിട്ടിയതോടെ അടുത്ത മൂന്ന് ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന സമരം അവസാനിപ്പിക്കാന്‍ ഇന്നലെ തീരുമാനിച്ചു.ഗാര്‍ഡയ്ക്ക് മാത്രമായുള്ള ശമ്പളവര്‍ദ്ധനവ് നിലവിലുണ്ടായിരുന്ന സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തിയെന്ന് മന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞപ്പോള്‍ ധനമന്ത്രിയും പൊതു ചിലവ് മന്ത്രിയും ഇന്നലെ രംഗത്തെത്തിയത് മറ്റൊരു പൊതുമേഖലാ ജീവനക്കാര്‍ക്കും പെട്ടന്ന് ശമ്പളം കൂട്ടി നല്‍കാനാവില്ലെന്ന സന്ദേശവുമായിരുന്നു.

Scroll To Top