Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം:പഠനഭാഗം പൂര്‍ത്തിയാക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളെ സഹായിക്കേണ്ടിവരുമെന്ന് അധ്യാപക സംഘടന 

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം:പഠനഭാഗം പൂര്‍ത്തിയാക്കാന്‍ രക്ഷിതാക്കള്‍ കുട്ടികളെ സഹായിക്കേണ്ടിവരുമെന്ന് അധ്യാപക സംഘടന 

ഡബ്ലിന്‍;പ്രൈമറി തലത്തില്‍ ല്‍ ഉള്‍പ്പെടെ അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം രൂക്ഷമാകുന്നതായി വാര്‍ത്തകള്‍.കഴിഞ്ഞ വര്‍ഷങ്ങളില്‍ അദ്ധ്യാപക പരിശീലനത്തിന് ചേര്‍ന്നവരുടെ എണ്ണം വര്‍ദ്ധിക്കാത്തതും വന്‍ തോതില്‍ അധ്യാപകര്‍ വിദേശ രാജ്യങ്ങളില്‍ ജോലിയ്ക്കായി കുടിയേറുന്നതും അയര്‍ലണ്ടില്‍ അധ്യാപക ക്ഷാമത്തിന് വഴി തെളിച്ചിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച്ച യൂ എ ഇ യിലേയ്ക്ക് നടന്ന ഇന്റവ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയത് നൂറു കണക്കിന് അധ്യാപകരാണ്.അടുത്ത മാസം ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നടത്തപ്പെടുന്ന ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റിലും തൊഴില്‍ ദാതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് അധ്യാപകരെ ആണെന്ന വാര്‍ത്ത വിദ്യാഭ്യാസ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.ഇംഗ്ലണ്ട്,ആസ്‌ട്രേലിയ ഏഷ്യന്‍ രാജ്യങ്ങള്‍,ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥപനങ്ങളാണ് ഐറിഷ് അധ്യാപകര്‍ക്ക് കൂടുതല്‍ അവസരമൊരുക്കുന്നത്.

ക്രിസ്മസിന് ശേഷം മിക്ക സ്‌കൂളുകളിലും അദ്ധ്യാപകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.പഠിപ്പിച്ചു തീര്‍ക്കാത്ത പാഠഭാഗങ്ങള്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ പറയേണ്ടി വരുന്ന അവസ്ഥയാണ് വരുന്നതെന്ന് ഐ എന്‍ റ്റി ഓ പത്രക്കുറിപ്പില്‍ അറിയിച്ചു.

സെക്കണ്ട് ലെവല്‍ സ്‌കൂള്‍ അധ്യാപകരും നിലവിലുള്ള കുറഞ്ഞ ശമ്പള വ്യവസ്ഥയിലും താത്കാലിക ജോലിയിലും തൃപ്തരല്ല.അവസരം വരുമ്പോള്‍ മെച്ചപ്പെട്ട ജോലി തേടി പോവുകയല്ലാതെ അവര്‍ക്ക് നിവൃത്തിയില്ല.യൂണിയന്‍ സെക്രട്ടറി ഷൈല നൂനന്‍ പറയുന്നു.2011 മുതല്‍ അധ്യാപകരുടെ ശമ്പളത്തില്‍ ഉണ്ടായ വെട്ടി ചുരുക്കലുകളും അയര്‍ലണ്ടില്‍ തന്നെ ഉറച്ച് നില്‍ക്കണമെന്ന അധ്യാപകരുടെ ആഗ്രഹം കെടുത്തി.

രാജ്യത്തേയ്ക്കുണ്ടായ കുടിയേറ്റം കൂടുതല്‍ അധ്യാപകരുടെ ആവശ്യത്തിനു വഴി തെളിച്ചു.അടുത്ത സെപ്റ്റംബറോടെ പുതിയതായി 2,260 അധ്യാപകരെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഇവയ്യിലേറെയും നിലവില്‍ സ്‌കൂളുകളില്‍ ഒഴിവുള്ള തസ്തികകളാണ്.കൂടുതല്‍ അധ്യാപകരെ സെപ്റ്റംബറിനു മുമ്പേ നിയോഗിക്കാന്‍ സാധ്യതയില്ലാതതിനാല്‍ ടീച്ചേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടത് പോലെ രക്ഷിതാക്കള്‍ കൂടി കുട്ടികളെ പഠനത്തില്‍ സഹായിക്കേണ്ട അവസ്ഥയാണ് മിക്ക സ്‌കൂളുകളിലും നിലവിലുള്ളത്.






Scroll To Top