Thursday December 08, 2016
Latest Updates

കൃഷിഭൂമി പാട്ടത്തിന്എടുക്കുന്നവര്‍ക്കും ടാക്‌സ് ക്രഡിറ്റ്;മലയാളികള്‍ക്കും പരീക്ഷണം നടത്താം !

കൃഷിഭൂമി പാട്ടത്തിന്എടുക്കുന്നവര്‍ക്കും ടാക്‌സ് ക്രഡിറ്റ്;മലയാളികള്‍ക്കും പരീക്ഷണം നടത്താം !

ഡബ്ലിന്‍:ഇന്നലെ ധനമന്ത്രി മൈക്കല്‍ നൂനന്‍ അവതരിപ്പിച്ചത് കര്‍ഷക ക്ഷേമ ബജറ്റാണെന്ന് പൊതു വിലയിരുത്തല്‍.പുതിയതായി കൃഷി മേഖലയിലേയ്ക്ക് പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്തത്.

കര്‍ഷകര്‍ വാങ്ങുന്ന അധിക ഭൂമിക്ക് ടാക്‌സ് ക്രെഡിറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് മന്ത്രി പ്രഖ്യാപിച്ചത്. കൃഷിക്കായി പാട്ടത്തിനു എടുത്ത ഭൂമിക്കാണ് നികുതി ഇളവ് ലഭിക്കുക. യുവ കര്‍ഷകര്‍ക്കും സജീവമായി രംഗത്തുള്ള മുതിര്‍ന്ന കര്‍ഷകര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനാണ് ഈ ഇളവ് പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്:

ആദായ നികുതി പരിധി 50 ശതമാനമായി ഉയര്‍ത്തി.കമ്പനികളുടെ പേരിലുള്ള പാട്ട കരാറുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു.വാടക കരാറുകളില്‍ ഇളവ് ലഭിക്കുന്നതിനുള്ള നിലവിലെ 40 വയസിന്റെ പരിധി എടുത്തു കളഞ്ഞു. കര്‍ഷകര്‍ക്കുള്ള സി.എ.ടി റിലീഫ് സജീവമായ കര്‍ഷകര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കും. സി.ജി.ടി(Capital Gains Tax )റിട്ടയര്‍മെന്റ് റിലീഫ് വ്യാപിപ്പിച്ചു.ഇനി മുതല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമി 25 വര്‍ഷത്തേക്ക് വരെ പാട്ടത്തിന് നല്‍കാനാകും.

അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ഗാര്‍ഹിക ഇതര ഭൂമി ഇടപാടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കി. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള കാര്‍ഷിക പാട്ട കരാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി എടുത്ത് കളഞ്ഞു. ഫാം പുനര്‍നിര്‍മ്മാണത്തിനുള്ള സി.ജി.ടി ആനുകൂല്യം 2016 വരെ നീട്ടി.

ഫാം മേഖലയിലെ അസ്ഥിരത ഒഴിവാക്കാനും കൂടുതല്‍ ആള്‍ക്കാര്‍ ഫാം മേഖലയില്‍ ജോലി കണ്ടെത്തുന്നതിനും പുതിയ നടപടികള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കാര്‍ഷിക മേഖലയിലേയ്ക്ക് നിരവധി വിദേശ കര്‍ഷകരും പുതിയതായി പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്,ഫാം ഫോറസ്ട്രി,ഡയറി ഫാം,എന്നി തൊഴിലുകള്‍ അയര്‍ലണ്ടില്‍ തിരഞ്ഞെടുത്തവരില്‍ ഉത്തരേന്ത്യക്കാര്‍ യഥേഷ്ടം.പൊതുവെ കാര്‍ഷിക പശ്ചാത്തലമുള്ള മലയാളി കുടിയേറ്റക്കാര്‍ക്കും അയര്‍ലണ്ടില്‍ തിരഞ്ഞെടുക്കാവുന്ന സാഹചര്യങ്ങള്‍ പുതിയ ബജറ്റ് വഴി സംജാതമായിട്ടുണ്ട്.

കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ ജോണ്‍ ജോസഫ് മര്‍ഫിയെന്ന ഡബ്ലിന്‍കാരന്‍ റബര്‍ കൃഷി ആരംഭിക്കുകയും വ്യാപിപിക്കുകയും ചെയ്തത് പോലെ അയര്‍ലണ്ടിന്റെ മണ്ണില്‍ കര്‍ഷക മനസുള്ളവര്‍ക്ക്പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ അവസരം ഒരുക്കുകയാണ് പുതിയ പദ്ധതികളിലൂടെ മൈക്കില്‍ നൂനന്‍ ചെയ്തിരിക്കുന്നത് 

(അയര്‍ലണ്ടിലെ ഡയറി ഫാം മേഖലയിലെ സാധ്യതകളെകുറിച്ച് പ്രത്യേക ഫീച്ചര്‍ നാളെ മുതല്‍ ഐറിഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നു.കില്‍ക്കനി,വിക്ലോ എന്നിവിടങ്ങളില്‍ കൃഷിയില്‍ താത്പര്യമുള്ള ഒരു സംഘം മലയാളി സുഹൃത്തുക്കളോടൊപ്പം പഠന പര്യടനം നടത്തിയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ‘ഐറിഷ് മലയാളി’ എഡിറ്റര്‍ റെജി സി ജേക്കബാണ് പരമ്പര തയാറാക്കിയത് )

Scroll To Top