Monday December 05, 2016
Latest Updates

ടാറ്റാ അയര്‍ലണ്ടിലെ ടെലിവിഷന്‍ പ്രക്ഷേപണ മേഖലയിലേക്ക് ,സൈറസ് മിസ്രിയുടെ കുടുംബം ഐറിഷ് സഹകരണം വര്‍ദ്ധിപ്പിക്കുന്നു 

ടാറ്റാ അയര്‍ലണ്ടിലെ ടെലിവിഷന്‍ പ്രക്ഷേപണ മേഖലയിലേക്ക് ,സൈറസ് മിസ്രിയുടെ കുടുംബം ഐറിഷ് സഹകരണം വര്‍ദ്ധിപ്പിക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും ധനികനായ ഇന്ത്യന്‍ വംശജനായ പല്ലോന്ജി മിസ്രി നയിക്കുന്ന ഇന്ത്യന്‍ കമ്പനിയായ ടാറ്റാ ഗ്രൂപ്പ്, ഐറിഷ് ടെലിവിഷന്‍ പ്രക്ഷേപണ മേഖലയിലേക്കും ചുവടുവയ്ക്കുന്നു. ഐറിഷ് ടിവിക്ക് അമേരിക്കയിലെ ഡയാസ്‌പോറയ്ക്ക് വേണ്ടി പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ടാറ്റാ കരാറിലേര്‍പ്പെടുന്നതെന്ന് ഐറിഷ് ടിവിയുടെ ചെയര്‍മാന്‍ ജോണ്‍ ഗ്രിഫിന്‍ പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടാറ്റയുമായുള്ള കൂട്ടുകെട്ട് ഐറിഷ് ടിവിയെ ഡയാസ്‌പോറയിലെ 40 മില്യന്‍ പേരിലേക്ക് തങ്ങളുടെ സേവനമെത്തിക്കാന്‍ സഹായകമാകുമെന്ന് ഗ്രിഫിന്‍ അറിയിച്ചു. 

പിയേഴ്‌സ് ഒ റെയ്‌ലിയും മൈറീഡ് നി മയോല്‍ഷിറെയ്‌നും ചേര്‍ന്ന് ആരംഭിച്ച മേയോയിലെ വെസ്റ്റ് പോര്‍ട്ട് ആസ്ഥാനമായ ഐറിഷ് ടിവി നിലവില്‍ സ്‌കൈ പ്ലാറ്റ്‌ഫോമില്‍ യുകെയിലും അയര്‍ലണ്ടിലുമായി 15 മില്യന്‍ പേര്‍ക്കിടയില്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. 

ടാറ്റയില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള അയര്‍ലണ്ടിലെ ഏറ്റവും ധനികനായ പല്ലോഞ്ഞി മിസ്രിയുയെ മകനാണ് ഇപ്പോള്‍ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായ സൈറസ് പല്ലോഞ്ഞി മിസ്രി. ടാറ്റാ ഗ്രൂപ്പ് ഗ്രൂപ്പ് കമ്പനിയായ ടിസിഎസിന് അയര്‍ലണ്ടില്‍ ഇപ്പോള്‍ 140 ജീവനക്കാരാണുള്ളത്. ആഗോളതലത്തില്‍ 6,00,000 പേര്‍ ജോലി നോക്കുന്നു.ടാറ്റായ്ക്ക് അയര്‍ലണ്ടില്‍ ഇനിയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

ഫോര്‍മുല വണ്‍ന്റെ ഒഫീഷ്യല്‍ കമ്യൂണിക്കേഷന്‍ പാര്‍ട്ണറായ ടാറ്റാ കമ്യൂണിക്കേഷന്‍ ആഗോള ഫൈബര്‍ നെറ്റ്‌വര്‍ക്കിനായി 120 കോടി ഡോളറാണ് ചെലവഴിച്ചത്. എന്നാല്‍ ഐറിഷ് ടിവിയില്‍ എത്രമാത്രം നിക്ഷേപം നടത്തുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെന്നും ഓഹരികള്‍ സ്വന്തമാക്കുമോ എന്നറിയില്ലെന്നും ഗ്രിഫിന്‍ അഭിപ്രായപ്പെട്ടു. 

അയര്‍ലണ്ടുമായി വ്യാപാര വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം ഉറപ്പിക്കാനുള്ള ടാറ്റയുടെ ശ്രമത്തിന് രാജ്യവുമായുള്ള കുടുംബ ബന്ധം ഒരു കാരണമായി പറയപ്പെടുന്നു.ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള പല്ലോന്ജി കുടുംബത്തിന്റെ നായകന്‍ പല്ലോന്ജി മിസ്രി വിവാഹം കഴിച്ചിരിക്കുന്നത് അയര്‍ലണ്ടില്‍ നിന്നുള്ള പാറ്റ് പെറിനെയാണ് .വിവാഹം കഴിഞ്ഞ ശേഷവും ദീര്‍ഘകാലം ഇന്ത്യന്‍ പൗരനായി തുടര്‍ന്ന പല്ലോന്ജി പക്ഷേ 2003 ല്‍ ഐറിഷ് പൗരത്വം സ്വീകരിച്ചു.അമ്മയുടെ പാതയില്‍ ടാറ്റാ ഗ്രൂപ്പിന്റെ തലവനായ സൈറസ് മിസ്രിയും സഹോദരങ്ങളും ഐറിഷ് പൗരത്വം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഐറിഷ് യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് അയര്‍ലണ്ടില്‍ ടാറ്റയുടെ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായത് അടുത്തിടയാണ്.ഐറിഷ് യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍ ലോകമാസകലമുള്ളവര്‍ക്ക് ഓണ്‍ ലൈനില്‍ ലഭ്യമാക്കാനുള്ള പദ്ധതിയാണിത്.പിന്നിട് അയര്‍ലണ്ടിലെ കെറിയിലുള്ള വന്‍കിട പാല്‍ ഉദ്പാദകകമ്പനിയുമായി സഹകരണത്തിന് ടാറ്റയുടെ പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഇന്ത്യയിലെ പാല്‍ വിപണിയില്‍ ഐറിഷ് സഹകരണം തേടാനുള്ള തയാറെടുപ്പായിരുന്നു അത്.ഇപ്പോഴും ഇതിനുള്ള തയാറെടുപ്പുകള്‍ നടക്കുകയാണ്.

ഐറിഷ് ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തു കായിക മേഖലയിലും ടാറ്റാ അയര്‍ലണ്ടുമായുള്ള സൗഹൃദം വര്‍ദ്ധിപ്പിക്കുകയുണ്ടായി.



Scroll To Top