Monday July 24, 2017
Latest Updates

മരണത്തിന്റെ തണുപ്പില്‍ നിന്നും മകളെ കോരിയെടുത്ത ഡബ്ലിനിലെ അച്ഛന്റെ സങ്കടം! ഹൃദയം നുറുങ്ങുന്ന ഓര്‍മകള്‍…

മരണത്തിന്റെ തണുപ്പില്‍ നിന്നും മകളെ കോരിയെടുത്ത ഡബ്ലിനിലെ അച്ഛന്റെ സങ്കടം! ഹൃദയം നുറുങ്ങുന്ന ഓര്‍മകള്‍…

ഡബ്ലിന്‍ : ഒമ്പതുകാരിയായ മകളെ നഷ്ടപ്പെട്ട അച്ഛന്റെ ജീവിതം ആരുടേയും ഹൃദയം നുറുക്കുന്നതാണ്. തന്റെ മകളെ മരണത്തിന്റെ തണുപ്പില്‍ നിന്നും കോരിയെടുത്തത് താലോലിച്ചോമനിച്ച ഈ കൈകളാലാണെന്നു ആ അച്ഛന്‍ വേദനയോടെ പറയുന്നു.താലയില്‍ സ്വിമ്മിങ്പൂളില്‍ മരണം കവര്‍ന്ന മിഖായേലയുടെ പിതാവ് മൈക്ക് ഗൊണ്ടാണ് ആ ഹതഭാഗ്യന്‍.

തന്റെ മകളുടെ ദാരുണാന്ത്യം ആ അച്ഛന്‍ വിവരിച്ചു : താല കമ്മ്യൂനിറ്റി സ്പോര്‍ട്സ് കോംപ്ലക്സിലായിരുന്നു ഞങ്ങള്‍.നീന്തല്‍ ക്ലാസില്‍ പരിശീലനത്തിലായിരുന്നു മകള്‍.ഞാനും ഭാര്യ വൈവോന്നീയും ഒപ്പമുണ്ടായിരുന്നു. ‘മമ്മീ എന്നെ നോക്ക്,ഡാഡീ, ഞാന്‍ നീന്തുന്നതുകണ്ടോ,ഇങ്ങനെ ഇടയ്ക്കിടെ അവള്‍ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവളെ നോക്കി അങ്ങനെ നിന്നു. പൊടുന്നനെ അവള്‍ അപ്രത്യക്ഷയായി. മകളെവിടെയെന്ന ഭാര്യയുടെ നിലവിളി കേട്ടതോടെ ഞാന്‍ പൂളിലേക്ക് ചാടി.അവളെ രക്ഷപ്പെടുത്തി.എന്നിട്ടും…മൈക്കിന്റെ വാക്കുകള്‍ ഇടയ്ക്ക് മുറിഞ്ഞു.

ഏക മകളായ മിഖായേല വളരെ ആക്ടീവായിരുന്നു. ജന്മനാ തന്നെ ഹൃദ്രോഗിയായിരുന്നു. എന്നിട്ടും അവള്‍ വളരെ സജീവമായിരുന്നു. കളിയും ചിരിയും ഓട്ടവും ചാട്ടവും സൈക്ലിങും ആട്ടവും പാട്ടുമെല്ലാമുണ്ടായിരുന്നു.അവള്‍ ആവശ്യപ്പെട്ടതെല്ലാം വാങ്ങിക്കൊടുത്തു കാരണം അവളല്ലാതെ ഞങ്ങള്‍ക്കാരുമില്ലല്ലോ.

2015ല്‍ അവള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാലും അവള്‍ ഒന്നിനെക്കുറിച്ചും പരാതി ഇന്നോളം പറഞ്ഞിട്ടില്ല.അവള്‍ക്ക് പത്ത് വയസ്സാകാന്‍ പോവുകയായിരുന്നു, എന്നിട്ടും അവള്‍ ഞങ്ങള്‍ക്കൊപ്പം ഞങ്ങളുടെ ചൂട് പറ്റിയാണ് ഉറങ്ങിയിരുന്നത് . എല്ലാം ഞങ്ങള്‍ക്ക് നഷ്ടമായി. ഞങ്ങളുടെ മകള്‍ പോയി.ആ പിതൃ ദു:ഖത്തിന് അവസാനമില്ല.

ഡബ്ലിനിലെ അഗ്‌നിശമനസേനയും ആംബുലന്‍സ് പാരാമെഡിക്കല്‍ സംവിധാനങ്ങളുമെല്ലാം മിഖയേലയ്ക്കായി അവിടെ പാഞ്ഞെത്തിയിരുന്നു. ക്രംലിനിലെ ഔര്‍ ലേഡി ഹോസ്പിറ്റലില്‍ അവളെ എത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു സമയം മുമ്പ് അവള്‍ പോയെന്ന മറുപടിയാണ് ലഭിച്ചത്.കുട്ടിയുടെ മരണകാരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സഡന്‍ ഡത്ത് എന്നാണ് ഗാര്‍ഡായുടെ വിശദീകരണം.

Scroll To Top