Tuesday January 17, 2017
Latest Updates

പ്രണയസൗധം കാണാന്‍ വിദേശികള്‍ വരുന്നില്ല !

പ്രണയസൗധം കാണാന്‍ വിദേശികള്‍ വരുന്നില്ല !

ആഗ്ര: രാജ്യത്ത് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായെങ്കിലും ഇന്ത്യന്‍ ടൂറിസം മേഖലയുടെ മുഖമുദ്ര എന്നറിയപ്പെടുന്ന താജ്മഹലില്‍ എത്തുന്ന വിദേശീയരുടെ എണ്ണത്തില്‍ വന്‍ കുറവ്. 2014നേക്കാള്‍ നാലര ശതമാനം കുറവ് വിദേശികളാണ് 2015ല്‍ താജ് മഹല്‍ സന്ദര്‍ശിച്ചത്. ഏതാനും വര്‍ഷങ്ങളായി താജ്മഹലിനോടുള്ള പ്രിയം വിദേശിയര്‍ക്ക് നഷ്ടമാകുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2012ല്‍ 7.9 ലക്ഷം വിദേശിയര്‍ താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ 2013ല്‍ ഇത് 7.4 ലക്ഷമായി കുറഞ്ഞു.
2014ല്‍ 6.9 ലക്ഷം പേരും 2015ല്‍ 6.36 ലക്ഷം പേരുമാണ് താജ്മഹലിലെത്തിയത്. എന്നാല്‍ 2015ല്‍ രാജ്യത്ത് ആകെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ എട്ട് ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. വിദേശിയര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതും മോശം അടിസ്ഥാന സൗകര്യങ്ങളുമാണ് താജ്മഹലിനെ അപ്രിയമാക്കുന്നത്.
വിദേശീയര്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ രാജ്യാന്തര മാധ്യമങ്ങള്‍ ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്. പ്രദേശത്തെ ക്രമസമാധാന പരിപാലനം ശക്തിപ്പെടുത്തിയാല്‍ വിദേശീയര്‍ കൂടുതലായി തിരിച്ചെത്തുമെന്നാണ് വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏറ്റവും അധികം വിദേശിയര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രം ഇപ്പോഴും താജ്മഹല്‍ തന്നെയാണ്. ഇവിടേയ്ക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2014ല്‍ 53.7 ലക്ഷവും 2015ല്‍ 59.15 ലക്ഷവും ആഭ്യന്തര വിനോദസഞ്ചാരികള്‍ താജ്മഹല്‍ കാണാനെത്തി.

Scroll To Top