Wednesday May 23, 2018
Latest Updates

നിത്യനഗരി ആഹ്‌ളാദ നിറവില്‍,യൂറോപ്പിലെ സഭാമക്കള്‍ക്ക് അഭിമാനത്തിന്റെ നിമിഷം

നിത്യനഗരി ആഹ്‌ളാദ നിറവില്‍,യൂറോപ്പിലെ സഭാമക്കള്‍ക്ക് അഭിമാനത്തിന്റെ നിമിഷം

വത്തിക്കാന്‍ സിറ്റി:അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ കാര്യങ്ങളെ ഏകോപിപ്പിക്കുവാന്‍ മെത്രാനു തുല്യമായ അധികാരത്തോടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേക കര്‍മങ്ങള്‍ക്ക് വത്തിക്കാനില്‍ തുടക്കമായി.അജഗണമേ പ്രാര്‍ത്ഥിക്ക അജപാലകനായി എന്ന സ്വാഗതഗാനമോതി ആയിരക്കണക്കിന് സഭാമക്കള്‍ അണിനിരന്ന വീഥികളിലൂടെ നൂറുകണക്കിന് വൈദീകരാലും മെത്രാന്മാരാലും അനുഗതനായി നിയുക്തമെത്രാനും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മറ്റ് കാര്‍മ്മികരും സെന്റ് പോള്‍സ്   ബസലിക്കയില്‍ എത്തിയപ്പോള്‍ സെന്റ് പോള്‍ മേജര്‍ ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വി ദൈവജനത്തിനു സ്വാഗതം അര്‍പ്പിച്ചു.പൗരസ്ത്യ തിരുസംഘത്തില്‍ സീറോ മലബാര്‍ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍. മക്ലിന്‍ കമ്മിംഗ്സ് നിയമനപത്രിക വായിച്ചു.കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നുള്ള ഫാ.സെബാസ്റ്റിന്‍ വാണിയപ്പുരയ്ക്കല്‍ നിയമനപത്രികയുടെ ഇന്‍ഗ്‌ളീഷ്  പരിഭാഷ വായിച്ചു.

മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്താണ് കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കനായി ചുമതല വഹിക്കുന്നത്.
WATCH LIVE FROM ROME

.സീറോ മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കുന്നത്.. പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലയനാര്‍ദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി..ഇന്ത്യയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സീ റോ മലങ്കര സഭയുടെ തലവനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും കേരളത്തിലെയും ഇറ്റലിയിലെയും നിരവധി മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

സത്യസഭയിലുള്ള വിശ്വാസം പ്രധാനകാര്‍മ്മികന് മുമ്പില്‍ ഏറ്റു പറഞ്ഞ നിയുക്ത മെത്രാന്‍ സഭയോടും സഭാധികാരികളോടുമുള്ള വിധേയത്വം ആവര്‍ത്തിച്ചു.

പിന്നീട് നിയുക്തബിഷപ്പിന്റെ ചുമലില്‍ സുവിശേഷ ഗ്രന്ഥമര്‍പ്പിച്ച് പരിശുദ്ധാത്മാവിന്റെ അനുഗ്രഹം അദ്ദേഹത്തിനും യൂറോപ്പിലെ അദ്ദേഹത്തിന്റെ അജഗണത്തിനും നല്‍കണമെന്ന് കാര്‍മ്മികരോടൊപ്പം സഭാസമൂഹവും നിറഞ്ഞ മനസോടെ യാചിച്ചു.
നിത്യനഗരിയിലെ മാര്‍ത്തോമാ നസ്രാണികള്‍ക്ക് ആഹ്‌ളാദത്തിന്റെയും ആനന്ദത്തിന്റെയും നിമിഷമാണിത്.യൂറോപ്പിലെ പ്രത്യേകിച്ച് റോമിലെ സിറോ മലബാര്‍ സഭാ മക്കളുടെ സാന്നിധ്യത്തിനും കൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ക്കും വിശ്വാസ സാക്ഷ്യത്തിനും പരിശുദ്ധ സിംഹാസനം നല്‍കിയ അംഗീകാരത്തിന്റെ നേര്‍സാക്ഷ്യമാണ് യൂറോപ്പിലെ സിറോ മലബാര്‍ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ ആയുള്ള മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ നിയമനം. റോമിലെ സിറോ മലബാര്‍ ഇടവക സ്ഥാപനത്തിന്റെ 22-ാം വാര്‍ഷികത്തില്‍ സാന്തോം ഇടവകയ്ക്കു ലഭിച്ച സമ്മാനമായി കരുതാം.

ഇടവക വികാരി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ത്യാഗോജ്ജലമായ സേവനം ഇടവക അംഗങ്ങള്‍ക്ക് ആത്മീയ ഉണര്‍വിനും ഒപ്പം സാമൂഹികവും സാംസ്‌കാരികവും കലാപരമായ മേഖലകളിലുള്ള വളര്‍ച്ചക്കുംവേദിയായി.ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം കൈവരിച്ചതും ഈ കാലയളവില്‍ തന്നെയാണെന്ന് പറയാം. വിശ്വാസികളുടെ സൗകര്യാര്‍ത്ഥം വിവിധ കേന്ദ്രങ്ങളില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കാനും ഉപരി പഠനത്തിനായി വന്നിരിക്കുന്ന വൈദികരുടെയും വൈദിക വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാനും അദ്ദേഹത്തിന് സാധിച്ചു.റോമിലെ വിയാ മെറൂലാനയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായാ നിത്യ സഹായ മാതാവിന്റെ ദേവാലയത്തില്‍ ശനിയാഴ്ചകളില്‍ നടക്കുന്ന ദിവ്യബലിയും ആരാധനയും കൂടാതെ സാന്‍ അന്തോണിയാനം ദേവാലയത്തില്‍ വ്യാഴാഴ്ചകളില്‍ നടക്കുന്ന ദിവ്യബലിയും ഉണ്ണീശോയുടെ നൊവേനയും വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയുടെ പ്രതീകങ്ങളായി കരുതാം. പ്രവാസികളായി കഴിയുന്ന പുതു തലമുറയെ ക്രൈസ്തവ മൂല്യങ്ങളും, കേരള സഭയുടെ പൈതൃകവും പാരമ്പര്യവും പകര്‍ന്നു നല്‍കി കൊണ്ട് ഒരു സംഘടന തലത്തിലേക്ക് വളര്‍ത്താന്‍ സാധിച്ചത് വലിയ നേട്ടമാണ്.

റോമില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനുകള്‍, നോമ്പുകാല ധ്യാനങ്ങള്‍, വിശുദ്ധ വാരത്തില്‍ കൊളോസിയത്തിലേക്ക് നടത്തുന്ന കുരിശിന്റെ വഴി, സമര്‍പ്പിത സംഗമം , മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ദിവിനൊ അമോരെയിലേക്കുള്ള ജപമാല പ്രദക്ഷിണ , ഫാമിലി ഡേ എന്നിവയോടപ്പം വത്തിക്കാനില്‍ നടന്നിട്ടുള്ള കേരളത്തില്‍ നിന്നുള്ള വിശുദ്ധരുടെ നാമകരണച്ചടങ്ങുകളുടെ പരിപാടികളിലെ ജനപങ്കാളിത്തം കൊണ്ടും സംഘടനമികവു കൊണ്ടും സിറോ മലബാര്‍ സഭയുടെ സാന്നിദ്ധ്യം റോമില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം പിറകില്‍ കഴിവുറ്റ ഒരു അല്‍മായ നിരയെ വളര്‍ത്തിയെടുക്കുന്നതില്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ സംഘാടക മികവും ദീര്‍ഘ വീക്ഷണവും തെളിഞ്ഞു കാണാം.

സിറോ മലബാര്‍ സഭയുടെ പ്രൊക്കുറേറ്റര്‍ എന്ന നിലയില്‍ പരിശുദ്ധ സിംഹാസനവുമായി ഉത്തമ ബന്ധം പുലര്‍ത്തുന്നതി , വിവിധ റീത്തുകളുമായുള്ള പരസ്പര സഹകരണവും കൂട്ടായ്മയും വളര്‍ത്തുന്നതിനും , വിജയകരമായ ആശയ വിനിമയത്തിനും അദ്ദേഹം പ്രാധ്യാനം നല്‍കി വരുന്നു. സിറോ മലബാര്‍ സഭയ്ക്ക് സ്വന്തമായി പ്രൊക്കുര എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹം കഠിനാധ്വാനം നടത്തിയപ്പോഴും ഇടവക കാര്യങ്ങളില്‍ ഒരു കുറവും വരുത്താതെ സഭ മക്കളെ മുന്നോട്ടു നയിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്.
വാര്‍ത്ത: ജോസ്‌മോന്‍ കമ്മട്ടില്‍

Scroll To Top