Wednesday May 23, 2018
Latest Updates

സീറോ മലബാര്‍ അസംബ്ലിക്ക് തുടക്കമായി,പ്രവാസികളുടെ ദൗത്യവും പ്രധാന ചര്‍ച്ചാ വിഷയം

സീറോ മലബാര്‍ അസംബ്ലിക്ക് തുടക്കമായി,പ്രവാസികളുടെ ദൗത്യവും പ്രധാന ചര്‍ച്ചാ വിഷയം

കൊടകര(തൃശൂര്‍):വിശ്വാസ സ്ഥൈര്യത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായ പ്രതീക്ഷകളുമായി സീറോ മലബാര്‍ സഭ നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയ്ക്കു തുടക്കമായി. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയോടെയാണ് അസംബ്ലി തുടങ്ങിയത്.

സഭ ഇന്ന് വലിയ സഹനങ്ങള്‍ ഏറ്റുവാങ്ങുന്നു. ലോകമെമ്പാടും വൈദികരും സന്യസ്തരും പീഡനങ്ങളേല്‍ക്കുന്ന സ്ഥിതിയുണ്ട്. ഫാ. ടോം ഉഴുന്നാലിലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിട്ടു മാസങ്ങളായിട്ടും വിവരങ്ങള്‍ ലഭിക്കുന്നില്ല.മാര്‍ ആലഞ്ചേരി പറഞ്ഞു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായി.

ഭാരതത്തിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ അസംബ്ലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ഡോ. യുഹാനോന്‍ മാര്‍ ഡയസ്‌കോറസ്, സിബിസിഐ സെക്രട്ടറി ജനറല്‍ തിയഡോര്‍ മസ്‌കിരിനാസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് സിറിയക് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറിയും മെല്‍ബണ്‍ ബിഷപ്പുമായ മാര്‍ ബോസ്‌കോ പുത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസംബ്ലി സെക്രട്ടറി ഡോ. ഷാജി കൊച്ചുപുരയില്‍, സഹൃദയ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട രൂപതയില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച കലാപരിപാടികളും വര്‍ണ്ണോജ്വലമായി.
ഇന്ന് രാവിലെ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഹിന്ദിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു.തുടര്‍ന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ സന്ദേശം നല്‍കി.9.50നു സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കബാവ സന്ദേശം നല്‍കും. തുടര്‍ന്നു ചിങ്ങവനം ക്‌നാനായ അതിരൂപത വലിയ മെത്രാ പ്പോലീ ത്ത കുറിയാക്കോസ് മാര്‍ സേവേറിയോസ് ഉച്ചകഴിഞ്ഞു 2.50ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും ആശംസയേകും.

27ന് രാവിലെ 6.20ന് ഇംഗ്ലീഷിലുള്ള ദിവ്യബലിയില്‍ ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനാകും. ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസ് കല്ലുവേലില്‍ എന്നിവര്‍ സഹകാര്‍മികരാകും. രാവിലെ 9.50നു കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയും പുത്തന്‍കുരിശ് അങ്കമാലി മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ എഫ്രേമും ആശംസയേകും.

28നു രാവിലെ 9.15നു സമാപന സമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. 11നു കൃതജ്ഞതാദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശം നല്‍കും.

ഇന്ത്യക്കു പുറമേ, ഇറ്റലി, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, അമേരിക്ക, കാ നഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അസംബ്ലിയില്‍ പ്രതിനിധികളുണ്ട്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ ഇന്ന് ഉച്ചയ്ക്ക് അസംബ്ലിയിലേക്കെത്തുമെന്നു സഭയുടെ മുഖ്യവക്താവ് റവ.ഡോ.ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സീറോ മലബാര്‍ സിനഡിന്റെ തീരുമാന പ്രകാരം വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണ് അംസംബ്ലി ആരംഭിക്കുന്നത്.

ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നീ വിഷയങ്ങളാണ് അസംബ്ലി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഡോ. ടോണി നീലങ്കാവില്‍, ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ എന്നിവര്‍ പ്രബന്ധാവതരണങ്ങള്‍ നടത്തും. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി 28നു സമാപിക്കും.

അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് സഭയുടെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ഫാ.ആന്റണി പെരുമായന്‍,റെജി സി ജേക്കബ്(ഡബ്ലിന്‍)രേഷ്മ മോനച്ചന്‍(ബെല്‍ഫാസ്റ്റ് )എന്നിവര്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്.

Scroll To Top