Wednesday August 23, 2017
Latest Updates

ഐസിസിനെ തുടച്ചു നീക്കാന്‍ റഷ്യക്ക് പിന്തുണയുമായി ചൈനയും രംഗത്ത്,സ്ഥിതി ലോകമഹായുദ്ധത്തിലേയ്‌ക്കോ?

ഐസിസിനെ തുടച്ചു നീക്കാന്‍ റഷ്യക്ക് പിന്തുണയുമായി ചൈനയും രംഗത്ത്,സ്ഥിതി ലോകമഹായുദ്ധത്തിലേയ്‌ക്കോ?

മോസ്‌കോ: ഐസിസിനെ തുടച്ചു നീക്കാനുള്ള തന്ത്രപ്രധാനമായ നീക്കങ്ങള്‍ക്ക് റഷ്യയുടെ മുന്നേറ്റം.സിറിയയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റഷ്യന്‍ വ്യോമസേന അറുപതോളം ഐസിസ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും 300ഓളം തീവ്രവാദികളെ വധിച്ചുവെന്നും റഷ്യന്‍ ആഭ്യന്തര മന്ത്രാലയം. വ്യോമാക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇത്. 

സിറിയയില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തില്‍ പിന്തുണയുമായി ചൈന രംഗത്തെത്തി പങ്കാളികളാകുമെന്നാണ് പുതിയ വിവരം. രണ്ടാഴ്ചയായി റഷ്യ നടത്തുന്ന ആക്രമണം കൊണ്ട് തന്നെ പൊറുതുമുട്ടിയിരിക്കുന്ന ഇസ്‌ളാമിക് സ്‌റ്റേറ്റിന് കൂടുതല്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണ് പുതിയ വാര്‍ത്ത.

കടലില്‍ നിന്ന് റഷ്യ, കരയില്‍ നിന്ന് ഇറാന്‍, ആകാശത്ത് നിന്ന് ചൈനയും എന്ന നിലയിലായിരിക്കും ആക്രമണം ഉണ്ടാകുന്നതെങ്കില്‍ ഐസിസിന് തീരെ പിടിച്ചു നിലക്കാനാകില്ലെന്നും കനത്ത നാശമാകും ഫലമെന്നുമാണ് വിലയിരുത്തല്‍. അതേസമയം ഇക്കാര്യത്തില്‍ ചൈന എന്തു തന്ത്രമാണ് ഉപയോഗിക്കാന്‍ പോകുന്നതെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഏറ്റവും മികച്ച പ്രതിരോധ വിദഗ്ധരുമായി ചൈനയുടെ ഒരു വിമാന വാഹിനി പോര്‍കപ്പല്‍ സിറിയയിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ദിവസം പത്ത് ഐസിസ് കേന്ദ്രങ്ങളെയാണ് റഷ്യ ലക്ഷ്യം വെച്ചിരുന്നതെന്നായിരുന്നു വാര്‍ത്തകള്‍.തീവ്രവാദികള്‍ പുനസംഘടിക്കാതിരിക്കാനും ജനവാസകേന്ദ്രങ്ങളിലേക്ക് വിഭജിച്ച് പോകാതിരിക്കാനുമാണ് റഷ്യ ആക്രമണങ്ങളുടെ വേഗത വര്‍ധിപ്പിച്ചത്. KAB500 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളാണ് റഖ പ്രൊവിന്‍സിലെ ലിവ അല്‍ ഹഖ് തീവ്രവാദി സംഘത്തിന്റെ ആസ്ഥാനം തകര്‍ക്കുന്നതിനായി വ്യോമസേന ഉപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

വെള്ളിയാഴ്ച്ച തീവ്രവാദികളുടെ ആസ്ഥാനവും യുദ്ധസാമഗ്രികള്‍ സൂക്ഷിക്കുന്നയിടവുമായ അലെപ്പോയ്ക്കടുത്തുള്ള പഴയ ജയിലില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
സിറിയയും ഇറാഖും ആണ് ഐസിസിന്റെ ശക്തി കേന്ദ്രങ്ങള്‍. സിറിയയില്‍ ഐസിസിനെ ഇല്ലാതാക്കി കഴിഞ്ഞാല്‍ ഇറാഖായിരിക്കും പിന്നത്തെ ലക്ഷ്യം. ചൈനകൂടി ചേരുന്നതോടെ സിറിയ, ഇറാഖ്, റഷ്യ, ഇറാന്‍, ചൈന എന്നിവരുടെ സംയുക്ത ആക്രമണം ഐസിസിന് നേരിടേണ്ടി വരും. സിറിയയിലെയും ഇറാഖിലെയും തങ്ങളുടെ എണ്ണപ്പാടങ്ങള്‍ സംരക്ഷിക്കാന്‍ പോരിനിറങ്ങേണ്ട സ്ഥിതി വന്നതാണ് ചൈനയെ ഇസ്‌ളാമിക് സ്‌റ്റേറ്റിനെതിരേ തിരിച്ചിരിക്കുന്നത്.ചുരുക്കത്തില്‍ ഗള്‍ഫ് മേഖലയിലെ പ്രധാനമേഖലകളിലെല്ലാം ചൈനയും റഷ്യയും ചേര്‍ന്ന് ഇടപെടല്‍ നടത്തുമ്പോള്‍ ലോക മഹായുദ്ധത്തിന് സമാനമായ അന്തരീക്ഷമാവും സൃഷ്ടിക്കപ്പെടുക എന്നാണ് വാര്‍ത്തകള്‍.

Scroll To Top