Friday July 21, 2017
Latest Updates

നവമുന്നേറ്റത്തിന് വഴിയൊരുക്കി സീറോമലബാര്‍ സഭ,മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഇന്ന് സമാപിക്കും

നവമുന്നേറ്റത്തിന് വഴിയൊരുക്കി സീറോമലബാര്‍ സഭ,മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഇന്ന് സമാപിക്കും

കൊടകര: ആര്‍ഭാടങ്ങളിലും പാവങ്ങളുടെ പക്ഷംചേരുന്നതില്‍നിന്ന് സഭയെ അകറ്റുന്ന കാര്യങ്ങളിലും തിരുത്തലുകള്‍ വേണമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി വിലയിരുത്തി.അടുത്ത വര്‍ഷങ്ങളില്‍ സഭയുടെ നയപദ്ധതികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം സ്വരൂപിച്ച് കൊണ്ട് സഭയുടെ നാലാമതു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിക്ക് ഇന്നു സമാപിക്കും . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സഭയിലെ മെത്രാന്മാരും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും സഭാ സമൂഹത്തെ പ്രതിനിധീകരിച്ച് നാല് ദിവസവും പ്രാര്‍ഥനാ പൂര്‍വം അസംബ്ലിയില്‍ പങ്കെടുക്കാനെത്തി.

മെത്രാന്മാര്‍, വൈദികര്‍, സന്ന്യസ്തര്‍, വിശ്വാസികള്‍ എന്നീ തലങ്ങളിലെല്ലാം മാറ്റങ്ങള്‍ വേണമെന്നു അസംബ്ലി വിലയിരുത്തി. വിശ്വാസിസമൂഹത്തിന്റെ ജീവിതം, ആഘോഷങ്ങള്‍ തുടങ്ങിയവയിലും മാറ്റം അനിവാര്യമാണ്.
അതിരുകടന്ന ആഘോഷങ്ങളും ധാരാളിത്തവും പാവപ്പെട്ടവന്റെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി പരിഗണിച്ചാവണം സഭയിലെ ഓരോ പ്രവര്‍ത്തനവും. സമൂഹത്തില്‍ വേദനയനുഭവിക്കുന്ന നാനാജാതി മതസ്ഥരുടെ കഷ്ടതകള്‍ സഭയുടെകൂടി വേദനയാണ്. ഇത് ഏറ്റെടുക്കാനും പരിഹാരം കാണാനും ശ്രദ്ധിക്കണമെന്നും അസംബ്ലിയില്‍ നിര്‍ദ്ദേശമുണ്ടായി.

മെത്രാഭിഷേകം, പൗരോഹിത്യസ്വീകരണം, വിവാഹം, വിവിധ കൂദാശകള്‍ എന്നിവ ലളിതമാക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണം. സെമിത്തേരികളില്‍ സ്ഥിരംകല്ലറ നല്‍കുന്ന രീതിയില്‍ പുനരാലോചന വേണം.
തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയുടെ 25 ശതമാനമെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. വെടിക്കെട്ട് ഉള്‍പ്പടെയുള്ള ധൂര്‍ത്തുകള്‍ ഉപേക്ഷിച്ച് ആത്മീയതയ്ക്കും വിശ്വാസപ്രഘോഷണത്തിനും പ്രാധാന്യം നല്‍കണം. ആഘോഷങ്ങളുടെ ഭാഗമായി ഗതാഗത തടസ്സമുണ്ടാകുന്നതും പൊതുജനത്തിനു ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും നിയന്ത്രിക്കണം. ദേവാലയനിര്‍മാണത്തിലെ ധൂര്‍ത്ത് ശരിയല്ല. സഭയുടെ അടിസ്ഥാനഘടകമായ കുടുംബങ്ങളുടെ നവീകരണത്തിന് ഊന്നല്‍ നല്‍കി സഭാപ്രവര്‍ത്തനങ്ങള്‍ പുനര്‍ക്രമീകരിക്കണം.

തീര്‍ഥാടനകേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നും അസംബ്ലി വിലയിരുത്തി.സമാപനദിനമായ ഞായറാഴ്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച അന്തിമരൂപം സഭയുടെ സിനഡിനു സമര്‍പ്പിക്കും.

ഇന്നു രാവിലെ 9.15 നു പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മാതൃവേദി പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍ എന്നിവര്‍ പ്രസംഗിക്കും. 11നു കൃതജ്ഞതാ ദിവ്യബലിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ബിഷപ്പുമാരായ മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് സന്ദേശം നല്‍കും.

ഇന്നലെ രാവിലെ ഇംഗ്ലീഷിലുള്ള ദിവ്യബലിയില്‍ ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനായി. ബിഷപ്പുമാരായ മാര്‍ തോമസ് ഇലവനാല്‍, മാര്‍ ജോസ് കല്ലുവേലില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

പ്രവാസികളുടെ ദൗത്യം എന്ന വിഷയത്തില്‍ റവ.ഡോ.ഫ്രാന്‍സിസ് എലുവത്തിങ്കല്‍ പ്രബന്ധാവതരണം നടത്തി.സീറോ മലബാര്‍ സഭാ അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഡോ.മോഹന്‍ തോമസ്, പ്രഫ.റോസിലി തോമസ് എന്നിവര്‍ വിവിധ തലങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

കല്‍ദായ സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത ആശംസയേകാനെത്തി. പൊതുചര്‍ച്ചകളില്‍ ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ ജോസ് പൊരുന്നേടം, സിസ്റ്റര്‍ ആന്‍ ജോസഫ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. 178 പേര്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വിശ്വാസികളുടെ ചോദ്യങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മേജര്‍ ആര്‍ച്ച്ബിഷപ്പും മെത്രാന്മാരും വിശദീകരണങ്ങള്‍ നല്‍കി. സന്ധ്യക്കു നടന്ന ജപമാലപ്രദക്ഷിണം ഭക്തിനിര്‍ഭരമായി. രാത്രി ഒമ്പതിനു കല്യാണ്‍ രൂപതയിലെ കീ ബാന്‍ഡ് അവതരിപ്പിച്ച സാംസ്‌കാരികപരിപാടിയും ഉണ്ടായിരുന്നു.

ഇന്ത്യയ്ക്ക് പുറമേ,അയര്‍ലണ്ട് , ഇറ്റലി, ബ്രിട്ടന്‍, ഓസ്ട്രേലിയ, അമേരിക്ക, കാനഡ, ഓസ്ട്രിയ, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക, നൈജീരിയ, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും അസംബ്ലിയിലേക്കു പ്രതിനിധികളെത്തിയിട്ടുണ്ട്.

Scroll To Top