Monday July 16, 2018
Latest Updates

കൃതജ്ഞതാ പ്രകാശനവുമായി അയര്‍ലണ്ടിലെ സീറോമലബാര്‍ സഭാമക്കള്‍:ദശാബ്ദി ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി

കൃതജ്ഞതാ പ്രകാശനവുമായി അയര്‍ലണ്ടിലെ സീറോമലബാര്‍ സഭാമക്കള്‍:ദശാബ്ദി ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി

ഡബ്ലിന്‍:അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നോക്കിലെ പരിശുദ്ധമാതാവിന്റെ ബസലിക്കയില്‍ നടത്തപ്പെട്ട കൃതജ്ഞതാബലിയും ആഘോഷമായ പ്രദിക്ഷണവും പ്രൗഢഗംഭീരമായി. വിശ്വാസവീഥിയില്‍ കൃതജ്ഞതാഗീതങ്ങളുമായി പുണ്യപുരാതനമായ നോക്ക് തീര്‍ഥാടന ദേവാലയത്തിലെത്തിയ അയര്‍ലണ്ടിലെ നൂറുകണക്കിന് സീറോ മലബാര്‍ സഭാമക്കള്‍ കഴിഞ്ഞ ഒരു ദശാബ്ദം മുഴുവന്‍ തങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയോതി.

ബെല്‍ഫാസ്റ്റ് മുതല്‍ കോര്‍ക്കുവരെയുള്ള അയര്‍ലണ്ടിലെ മുപ്പത്തിമൂന്ന് സെന്ററുകളും കേന്ദ്രീകരിച്ചവരെത്തിയവരെ കൂടാതെ മറ്റു പ്രാദേശങ്ങളില്‍ നിന്നും രാവിലെ മുതല്‍ തീര്‍ത്ഥാടക സംഘങ്ങള്‍ നോക്കില്‍ എത്തിയിരുന്നു.പ്രസന്നമായ അന്തരീക്ഷം ഉത്സവഛായ കലര്‍ന്ന വേളയില്‍ യൂറോപ്പിന്റെ അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് തിരുക്കര്‍മങ്ങള്‍ നടത്തപ്പെട്ടത്.

മുഖ്യാതിഥിയോടൊപ്പം അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോ-ഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടും,സഭാ പ്രതിനിധികളും ചേര്‍ന്ന് ദീപം തെളിയിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.സഭയുടെ അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്നവരും അതിഥികളായെത്തിയവരുമടക്കമുള്ള വൈദീകരും സഹകാര്‍മികരായി.

സഭയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണിക പ്രകാശനവും ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നിര്‍വഹിച്ചു.

വിശുദ്ധ ബലിയ്ക്ക് ശേഷം ബസലിക്കയില്‍ നിന്നും അപ്പാരിഷന്‍ ചാപ്പലിലേയ്ക്ക് പ്രദിക്ഷണമായി അണിനിരന്ന ജനസമൂഹം വിശ്വാസപ്രഖ്യാപനത്തിന്റെ നിറവിലായിരുന്നു.കൊടി തോരണങ്ങളും,വര്‍ണ്ണ മുത്തുക്കുടകളുമേന്തിയ വിശ്വാസനിരയുടെ മുമ്പിലായി പേപ്പല്‍ പതാകയ്ക്കൊപ്പം ഇന്ത്യയുടേയും അയര്‍ലണ്ടിന്റേയും മൂവര്‍ണ്ണക്കൊടികളേന്തിയവര്‍ അള്‍ത്താര ശുശ്രൂഷക സംഘത്തിന് തൊട്ടു പിന്നിലായി അണിനിരന്നു.

വെള്ളി-സ്വര്‍ണ്ണ കുരിശുകള്‍ക്ക് പിന്നിലായി തിരുവസ്ത്രങ്ങളണിഞ്ഞ വൈദികനിര.ഏറ്റവും പിന്നിലായി ഭാരതത്തിന്റെ പുണ്യചരിതയായ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പിന്റെ അനുഗ്രഹവുമായി യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍.ഇങ്ങനെയായിരുന്നു പ്രദക്ഷിണം നീങ്ങിയത്.

സീറോ മലബാര്‍ സഭയ്ക്ക് അയര്‍ലണ്ടില്‍ നല്‍കിയ അനുഗ്രഹങ്ങള്‍ വെളിവാക്കുന്നത് ദൈവം നമ്മോടൊപ്പമുണ്ടെന്നതിനുള്ള സാക്ഷ്യമാണെന്ന് അനുഗ്രഹപ്രസംഗം നടത്തിയ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു.

സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍:ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോള്‍ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി)ഫാ.ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക്),ഫാ. റോബിന്‍ തോമസ് (ലീമെറിക്),ഫാ. റെജി ചെരുവന്‍കാലായില്‍ MCBS (ലോങ്‌ഫോര്‍ഡ്),എന്നിവരടക്കം നിരവധി വൈദീകര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ഫാ. ജോസ് ഭരണികുളങ്ങര(ഡബ്ലിന്‍)യുടെ നേതൃത്വത്തില്‍ സുസജ്ജമായ ക്രമീകരണങ്ങളാണ് ആഘോഷപരിപാടികള്‍ക്ക് ഒരുക്കിയിരുന്നത്.

PHOTOS:NOBIN LUKE,SUNNY KOCHUCHIRA

flaaknowknow2know4know3frr2aasqbiso

Scroll To Top