Wednesday May 23, 2018
Latest Updates

വിശുദ്ധ നഗരത്തില്‍ പുതിയ കവാടം,യൂറോപ്പിന് ഇനി മാര്‍ത്തോമ്മായുടെ വഴിയും:മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി

വിശുദ്ധ നഗരത്തില്‍ പുതിയ കവാടം,യൂറോപ്പിന് ഇനി മാര്‍ത്തോമ്മായുടെ വഴിയും:മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അഭിഷിക്തനായി

റോം :സീറോ മലബാര്‍ സഭയുടെ ചരിത്രത്തിന് അഭിമാനത്തിന്റെ ആഹ്‌ളാദനിറവ് നല്‍കി അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്പിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനപരവും ആത്മീയവുമായ നേതൃത്വമേറ്റ് അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് മെത്രാന്‍ സ്ഥാനമേറ്റു.

കത്തോലിക്കാ സഭയുടെ ആസ്ഥാനദേശങ്ങള്‍ ഉള്‍പ്പെടെയുള്ള യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ തനിമയ്ക്കും,പാരമ്പര്യത്തിനും ആഗോളസഭ നല്‍കുന്ന അംഗീകാരത്തിന്റെ പ്രതീകമായി പുതിയ മെത്രാന്റെ മെത്രാഭിഷേകം.mar_chirappa_011116

‘അജഗണമേ പ്രാര്‍ത്ഥിക്ക അജപാലകനായി’ എന്ന സ്വാഗതഗാനമോതി നൂറുക്കണക്കിന് സഭാമക്കള്‍ അണിനിരന്ന വീഥികളിലൂടെ വൈദീകരാലും മെത്രാന്മാരാലും അനുഗതനായി നിയുക്തമെത്രാനും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മറ്റ് കാര്‍മ്മികരും സെന്റ് പോള്‍സ് ബസലിക്കയില്‍ എത്തിയപ്പോള്‍ സെന്റ് പോള്‍ മേജര്‍ ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റ് കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വി ദൈവജനത്തിനു സ്വാഗതം അര്‍പ്പിച്ചു.പൗരസ്ത്യ തിരുസംഘത്തില്‍ സീറോ മലബാര്‍ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍. മക്ലിന്‍ കമ്മിംഗ്‌സ് നിയമനപത്രിക വായിച്ചു.കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നുള്ള ഫാ.സെബാസ്റ്റിന്‍ വാണിയപ്പുരയ്ക്കല്‍ നിയമനപത്രികയുടെ ഇന്‍ഗ്ളീഷ് പരിഭാഷ വായിച്ചു.
സീറോ മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു.പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലയനാര്‍ദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി.മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്തായിരുന്നു കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍.

സത്യസഭയിലുള്ള വിശ്വാസം പ്രധാനകാര്‍മ്മികന് മുമ്പില്‍ ഏറ്റു പറഞ്ഞ നിയുക്ത മെത്രാന്‍ സഭയോടും സഭാധികാരികളോടുമുള്ള വിധേയത്വം ആവര്‍ത്തിച്ചു.

പിന്നീട് നിയുക്തബിഷപ്പിന്റെ ചുമലില്‍ സുവിശേഷ ഗ്രന്ഥമര്‍പ്പിച്ച് പരിശുദ്ധാത്മാവിന്റെ അനുഗ്രഹം അദ്ദേഹത്തിനും യൂറോപ്പിലെ അദ്ദേഹത്തിന്റെ അജഗണത്തിനും നല്‍കണമെന്ന് കാര്‍മ്മികരോടൊപ്പം സഭാസമൂഹവും നിറഞ്ഞ മനസോടെ യാചിച്ചു.മെത്രാഭിഷേകചടങ്ങുകള്‍ക്ക് ശേഷം മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവിന്റെ നേതൃത്വത്തില്‍ ദിവ്യബലി ആരംഭിച്ചു.കേരളത്തില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ്മാര്‍ സഹകാര്‍മികത്വം വഹിച്ചു.

അയര്‍ലണ്ടിലെ ബ്‌ളാഞ്ചസ് ടൗണില്‍ നിന്നുള്ള ടിബി മാത്യു ഉള്‍പ്പെടെ യൂറോപ്പിലെ സഭാപ്രതിനിധികള്‍ കാഴ്ച സമര്‍പ്പണ ശുശ്രൂഷയില്‍ പങ്കെടുത്തു.
യൂറോപ്പിലെ ക്രൈസ്തവ വിശ്വസത്തിനു പുനരേകീകരണം നടത്താനുള്ള വലിയ ദൗത്യമാണ് പുതിയ മെത്രാനും,ഇവിടുത്തെ സീറോ മലബാര്‍ സഭയ്ക്കും ലഭിച്ചിരിക്കുന്നതെന്ന് വചന സന്ദേശം നല്‍കിയ പൗരസ്ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലയനാര്‍ദോ സാന്ദ്രി ഓര്‍മ്മിപ്പിച്ചു.

ദിവ്യബലിയ്ക്ക് ശേഷം യൂറോപ്പിന്റെ അപ്പസ്‌തോലിക വിസിറ്ററായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്ന ചടങ്ങ് നടത്തപ്പെട്ടു. കര്‍ദിനാള്‍ ലയനാര്‍ദോ സാന്ദ്രി മുഖ്യ കാര്‍മികത്വം വഹിച്ച ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും,ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേലും സഹകാര്‍മികരായി.സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ഫാ.ആന്റണി പെരുമായന്‍ ആര്‍ച്ച് ഡീക്കനായിരുന്നു.
ഇന്ത്യയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭയുടെ തലവനുമായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും കേരളത്തിലെയും ഇറ്റലിയിലെയും നിരവധി മെത്രാന്മാരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് ഫാ.ആന്റണി ചീരംവേലി,ഫാ.ജോസ് ഭരണികുളങ്ങര,മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top