Wednesday December 07, 2016
Latest Updates

സ്വരാജ് അഭിയാന്‍ ആപ്പിന്റെ അടിത്തറയിളക്കുന്നുവെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ എഎപി നിര്‍ജീവം

സ്വരാജ് അഭിയാന്‍ ആപ്പിന്റെ അടിത്തറയിളക്കുന്നുവെന്ന് റിപ്പോര്‍ട്ട്; കേരളത്തില്‍ എഎപി നിര്‍ജീവം

മുംബൈ: സ്വരാജ് അഭിയാന്റെ രൂപീകരണവും പ്രവര്‍ത്തനവും ആം ആദ്മി പാര്‍ട്ടിയില്‍ വന്‍ വിള്ളലുകള്‍ വീഴ്ത്തുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 350ഓളം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍, യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന സ്വരാജ് അഭിയാനില്‍ ചേര്‍ന്നു.

അരവിന്ദ് കെജ്രിവാളുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയെത്തുടര്‍ന്നു യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്മി പാര്‍ട്ടി വിട്ടശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവര്‍ക്കു പിന്തുണയുമായി പാര്‍ട്ടി വിട്ടിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ ജനാധിപത്യ ധ്വംസനമാണു നടക്കുന്നതെന്നും, പ്രഖ്യാപിത നിലപാടുകളില്‍നിന്നെല്ലാം മാറി ഏകാധിപത്യ രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും ആം ആദമി മഹാരാഷ്ട്ര മുന്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മാരുതി ഭാവ്കര്‍ പറഞ്ഞു. സ്വരാജ് അഭിയാന്‍ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കു ശക്തിപകരാനാണു തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ, പുനെ, നാസിക്, നവി മുംബൈ എന്നിവിടങ്ങളില്‍നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടവരിലുണ്ട്.

എന്നാല്‍, സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ ശക്തിയില്‍ യാതൊരു ചോര്‍ച്ചയുമുണ്ടായിട്ടില്ലെന്നും, മുന്‍നിര നേതാക്കളാരും പാര്‍ട്ടി വിട്ടു പോയിട്ടില്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് രവി ശ്രീവാസ്തവ പ്രതികരിച്ചു.

അതേസമയം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് നിലച്ച സ്ഥിതിയിലാണ്. കേരളത്തിലെ പാര്‍ട്ടിയുടെ മുഖങ്ങളായ സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, രതീഷ്, എം.എന്‍ കാരശ്ശേരി തുടങ്ങിയ ആളുകളെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാണുന്നില്ല. പാര്‍ട്ടിയുടെ എറണാകുളത്തുള്ള ഓഫീസ് നേരത്തെ തന്നെ അടച്ചിരുന്നു. സാറാ ജോസഫിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷയാക്കിയതിലൂടെ പാര്‍ട്ടിക്ക് വളരാന്‍ സാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവരുടെ പ്രവര്‍ത്തന രാഹിത്യം പാര്‍ട്ടിയെ കൂടുതല്‍ ജീര്‍ണാവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു.

 

Scroll To Top