Thursday December 08, 2016
Latest Updates

അഞ്ചു കേരളാ എം പി മാരടക്കം 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍,പ്രതിപക്ഷം പാര്‍ലിമെന്റ് ബഹിഷ്‌കരിക്കുന്നു 

അഞ്ചു കേരളാ എം പി മാരടക്കം 25 പേര്‍ക്ക് സസ്‌പെന്‍ഷന്‍,പ്രതിപക്ഷം പാര്‍ലിമെന്റ് ബഹിഷ്‌കരിക്കുന്നു 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാരുടെ കൂട്ട സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് സംയുക്ത പ്രതിപക്ഷ കക്ഷികള്‍ ഇന്ന് പാര്‍ലിമെന്റ് ബഹ്ഷ്‌കരിക്കും. ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭ സ്തംഭിപ്പിച്ച 25 എം പി മാരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്.

തുടര്‍ച്ചയായും നിക്ഷിപ്ത താല്‍പര്യത്തോടെയും സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. ചട്ടം 374(എ) പ്രകാരം അഞ്ചു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. കേരളത്തില്‍നിന്നുള്ള എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവന്‍, കെ.സി വേണുഗോപാല്‍ എന്നിവരും അച്ചടക്ക നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും.

16ാം ലോക്‌സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള കൂട്ട അച്ചടക്ക നടപടി. തുടര്‍ച്ചയായ സഭാ സ്തംഭനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലളിത് ഗേറ്റുമായി ബന്ധപ്പെട്ട് സുഷമാ സ്വരാജ് പ്രസ്താവന നടത്താന്‍ തയാറാണെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രി പ്രതികരിക്കാമെന്നുമായിരുന്നു ബി.ജെ.പി നിലപാട്. എന്നാല്‍ ആരോപണ വിധേയരായ മന്ത്രിമാര്‍ രാജിവെക്കാതെ സഭയില്‍ സഹകരിക്കില്ലെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും വ്യക്തമാക്കിയതോടെയാണ് യോഗം പരാജയപ്പെട്ടത്.

തുടര്‍ന്ന് സഭാനടപടികള്‍ ആരംഭിച്ചതോടെ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. അംഗങ്ങളോട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ബഹളത്തിനിടയില്‍ ചോദ്യോത്തര വേള പൂര്‍ത്തിയായെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളി തുടങ്ങി. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ കൂട്ട അച്ചടക്ക നടപടി പ്രഖ്യാപിച്ചത്. പ്ലക്കാര്‍ഡുകളുമായി സഭയില്‍ വരരുതെന്ന് സ്പീക്കര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അച്ചടക്ക നടപടി പ്രഖ്യാപിച്ച ഉടന്‍ സഭ തല്‍ക്കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ സഭയില്‍തന്നെ തുടര്‍ന്ന പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും സഭയില്‍ തുടര്‍ന്നു. മറ്റ് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുമായും സോണിയ ചര്‍ച്ച നടത്തി.

ഗുജറാത്ത് മോഡല്‍ നിയമ നിര്‍മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പുറത്താക്കിയ നേതാക്കള്‍ക്കൊപ്പം പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു. സഭക്ക് പുറത്തും പ്രതിഷേധം തുടരുമെന്ന് അച്ചടക്ക നടപടി നേരിട്ട കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ലളിത് ഗേറ്റില്‍ ആരോപണ വിധേയരായ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ, വ്യാപം നിയമന കുംഭകോണത്തില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് രണ്ടാഴ്ചയിലധികമായി പാര്‍ലമെന്റില്‍ പ്രതിപക്ഷം സമരം തുടരുന്നത്

Scroll To Top