Sunday December 04, 2016
Latest Updates

കന്യാസ്ത്രികള്‍ അടക്കം 16 പേരെ യെമനില്‍ അക്രമി സംഘം വെടിവെച്ചു കൊന്നു

കന്യാസ്ത്രികള്‍ അടക്കം 16 പേരെ യെമനില്‍ അക്രമി സംഘം വെടിവെച്ചു കൊന്നു

ഏദന്‍:യെമനിലെ തെക്കന്‍ നഗരമായ ഏദനില്‍ വൃദ്ധസദനത്തിനു നേരെയുണ്ടായ വെടിവെയ്പ്പില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഗാര്‍ഡും വൃദ്ധസദനത്തിലെ അന്തേവാസികളുമാണ് കൊല്ലപ്പെട്ടത്. ഷെയ്ക്ക് ഓത്മാന്‍ ജില്ലയിലെ വൃദ്ധസദനത്തിലേക്ക് നാലു പേരുള്‍പ്പെട്ട അക്രമിസംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ടവരില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല. രണ്ടു യെമന്‍ സ്ത്രീകള്‍, ആറ് യെത്യോപ്യന്‍ വൃദ്ധകള്‍, ഒരു യെമന്‍ പാചകക്കാരന്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടും. മൃതദേഹങ്ങള്‍ ഏദനില്‍ ഡോക്ടേഴ്‌സ് വിത്തൌട്ട് ബോര്‍ഡേഴ്‌സ് നടത്തുന്ന ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആക്രമം നടന്ന ഉടന്‍ യെമന്‍ സുരക്ഷാ സേന കെട്ടിടം വളഞ്ഞു.
ഒരു കന്യാസ്ത്രീ അക്രമികളില്‍നിന്നും രക്ഷപ്പെട്ടു. വെടിവെപ്പു ശബ്ദം കേട്ട് സ്റ്റോര്‍ റൂമില്‍ കയറി ഒളിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ സൈന്യത്തിന്റെ സംരക്ഷണയിലാണ്. ആക്രമണം നടക്കുമ്പോള്‍ ഈ വൃദ്ധ സദനത്തില്‍ എണ്‍പതോളം അന്തേവാസികളുണ്ടായിരുന്നതായാണ് വിവരം.yemen-aden-care-home-attacked (1)
ആറു പേരാണ് വൃദ്ധ സദനം ആക്രമിക്കാന്‍ എത്തിയിരുന്നത്. ഇവരില്‍ രണ്ടു പേര്‍ കെട്ടിടത്തിനു പുറത്തു കാവല്‍ നിന്നു. ബാക്കിയുള്ളവരാണ് അകത്തുകടന്ന് ആക്രമണം നടത്തിയത്. വെടിവെപ്പിനു ശേഷം ആക്രമികള്‍ രക്ഷപ്പെട്ടു.

മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്കു കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആദ്യമായാണ് യെമനില്‍ വൃദ്ധ സദനം ആക്രമിക്കപ്പെടുന്നത്. എന്നാല്‍, ഇതു രണ്ടാം തവണയാണ് മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ യെമനില്‍ ആക്രമിക്കപ്പെടുന്നത്. 1998ല്‍ ചെങ്കടല്‍ തുറമുഖ പട്ടണമായ ഹൊദയ്ദയില്‍ ഭീകരാക്രമണത്തില്‍ മൂന്നു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.

ഹുതി മിലിഷ്യയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഏദന്‍ കഴിഞ്ഞ ജൂലായിലാണ് സഖ്യസേന മോചിപ്പിച്ചത്. ഏദന്‍ കേന്ദ്രമാക്കിയാണ് പ്രസിഡന്റ് അബ്ദുല്‍ ഹാദിയുടെ ഭരണം. എന്നാല്‍ ഇവിടെ ഐഎസും അല്‍ ഖായ്ദയും നിരന്തരം ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഏദനില്‍ നിരവധി ആക്രമണങ്ങളാണ് ഐഎസ് നടത്തിയത്. തിങ്കളാഴ്ച കാര്‍ ബോംബ് ആക്രമണത്തില്‍ നാലു പേര്‍ ഏദനില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം 17ന് ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 14 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Scroll To Top