Friday May 25, 2018
Latest Updates

തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായ കഥ…!ലോകം, സുരേഷ് പിള്ളയെ തേടിയെത്തുന്നു,സ്ലൈഗോ മലയാളികളും ആഹ്ലാദത്തിമിര്‍പ്പില്‍ 

തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായ കഥ…!ലോകം, സുരേഷ് പിള്ളയെ തേടിയെത്തുന്നു,സ്ലൈഗോ മലയാളികളും ആഹ്ലാദത്തിമിര്‍പ്പില്‍ 

‘സ്‌കൂളിന് ആകെ നാണക്കേടായല്ലോ മോനേ,’ കുട്ടപ്പന്‍ സാര്‍ എന്നെ പിടിച്ചു നിര്‍ത്തി പറഞ്ഞു.ഭൂമി പിളര്‍ന്നു താഴേയ്ക്കു പോകുന്നു എന്നു തോന്നിയ നിമിഷങ്ങള്‍’. 1982 ല്‍,നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണിമലയില്‍ നടക്കുന്ന സബ്ജില്ലാ കലോത്സവത്തില്‍ കറുകച്ചാല്‍ ഗവ: എ .പി സ്‌കൂളിനെ പ്രതിനിധീകരിച്ച് പ്രസംഗ മത്സരത്തിനു പോയ സുരേഷ് പിള്ള എന്ന ഒമ്പതു വയസ്സുകാരന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ കണ്ണില്‍  ഇരുട്ടുകയറി, വിറച്ച് പ്രസംഗം മുഴുമിപ്പിക്കാതെ ഇറങ്ങിപ്പോരേണ്ടി വന്നു. സംഭവത്തെ പറ്റി സുരേഷ് തന്നെ തന്റെ മുഖപുസ്തകത്തില്‍ ഈ വര്‍ഷം ജനുവരി മൂന്നിന് കുറിച്ചു…..

എന്നാല്‍ ഇന്നലെ അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങളും, അന്താരാഷട്ര ചാനലുകളും ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അശേഷം വിറച്ചില്ല ഈ കോട്ടയം ചമ്പക്കരക്കാരന്‍. കാരണം,താന്‍ 12 വര്‍ഷം നടത്തിയ ഗവേഷണ സപര്യയുടെ ഫലം ലോകത്തെ മുഴുവന്‍ അറിയിച്ച ദിവസം എങ്ങനെ സന്തോഷിക്കാതിരിക്കും, ഈ യുവ പ്രതിഭ. കുട്ടപ്പന്‍ സാറിനെയും, കറുകച്ചാല്‍ ഗവ: എല്‍ .പി സ്‌കൂളിനെയും തന്നോടൊപ്പം ലോകത്തിന്റെ നെറുകയിലേയ്ക്ക് പിടിച്ചുയര്‍ത്തിയ നിമിഷം!

അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിലെ ആശുപത്രികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പകര്‍ച്ചവ്യാധി നിയന്ത്രണം. ആശുപത്രികള്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിഷേധിക്കുകയും, വരുന്നവരെ സ്പിരിറ്റ് ജെല്‍ ഉള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന ഇന്നത്തെ അവസ്ഥ, ചരിത്രത്തിനു വഴിമാറുന്ന ഒരു കണ്ടുപിടിത്തമാണ് പ്രൊഫസര്‍ സുരേഷ് പിള്ള നേതൃത്വം നല്‍കിയ സംഘം ഇന്നലെ ലോകത്തെ അറിയിച്ചത്.SLIGO

ശാസ്ത്രലോകത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍ അവയുടെ ആധികാരികത ഉറപ്പാക്കിയ ശേഷം പ്രസിദ്ധീകരിക്കുന്ന, അഥവാ ഗവേഷകരുടെ ബൈബിള്‍ എന്നറിയപ്പെടുന്ന ലണ്ടനിലെ നേച്ചര്‍ പബ്ലിക്കേഷന്റെ ‘സയന്‍സ് റിപ്പോര്‍ട്ടറി ‘ വന്ന തന്റെ പുതിയ പ്രോജക്ടിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ സുരേഷ് വാചാലനായി. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സില്‍ 1996ല്‍  ആരംഭിച്ച ഗവേഷണ സപര്യ, ഡബ്ലിനിലെ ട്രിനിറ്റി കോളജി നിന്ന് 2002ല്‍ ഡോക്ടറേറ്റും, തുടര്‍ന്ന് കാലിഫോര്‍ണിയയിലെ കാള്‍ട്ടെക്കില്‍ നിന്ന് തുടര്‍ഗവേഷണവസരവും ഒരുക്കിക്കൊടുത്തു.

രണ്ട് യു.എസ് പേറ്റന്റും ഒരു യു.കെ പേറ്റന്റും കൈമുതലായുള്ള സുരേഷ് തന്റെ പുതിയ ഗവേഷണഫലത്തിന്റെ പേറ്റന്റ് വിറ്റ് റോയല്‍റ്റിയും വാങ്ങി വീട്ടിലിരിക്കാന്‍ തയ്യാറല്ല. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. വൈകുന്നേരങ്ങളില്‍ ബാഡ്മിന്റണ്‍ കളിക്കാനിഷ്ടപ്പെടുന്ന, അയര്‍ലണ്ടിലെ വേനല്‍ക്കാലത്ത് സ്ലൈഗോയിലൂടെ സൈക്കിള്‍ യാത്ര ആസ്വദിക്കുന്ന,ഫേസ് ബുക്കില്‍ പോലും മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ എപ്പോഴും ആഗ്രഹിക്കുന്ന,പിറന്ന നാടിന്റെ ഗൃഹാതുരതയും മനസ്സില്‍ പേറി ജീവിക്കുന്ന ഈ നാട്ടിന്‍പുറത്തുകാരനോട് ഒരിക്കലെങ്കിലും സംസാരിച്ചവര്‍ തര്‍ക്കമില്ലാതെ സമ്മതിക്കും ലാളിത്യമാണ് ഈ ആറടിക്കാരന്റെ മുഖമുദ്രയെന്ന്.

സ്ലൈഗോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ ടെക്‌നോളജിയുടെ മേധാവിയായി സേവനമനുഷ്ഠിക്കുമ്പോഴും 25ഓളം വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.നാനോ ടെക്‌നോളജിയിലെ ലോകത്തെ എണ്ണപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായ സുരേഷ് തന്റെ നേട്ടങ്ങള്‍ അച്ഛനും, ഭാര്യ സരിതയ്ക്കും സമര്‍പ്പിക്കുന്നു.

‘സുരേഷിന്റെ കൃത്യനിഷ്ഠതയുടെ കാര്യത്തില്‍ ഞാന്‍ അങ്ങേയറ്റം വ്യാകുലനാണ്…,’ ഒരിക്കല്‍ അച്ഛന്‍ പെന്‍സില്‍ കൊണ്ട് സുരേഷിന്റെ പഠനമുറിയിലെ ഭിത്തിയില്‍ എഴുതിവച്ചു!വടിയും മര്‍ദ്ദനമുറകളുമില്ലാതെ സുരേഷിനെ അച്ചടക്കം പഠിപ്പിച്ച അച്ഛനെ തന്റെ ഏറ്റവും വലിയ ഗുരുവായി സുരേഷ് കാണുന്നു.സുരേഷിനു വേണ്ടി മുഴുവന്‍ സമയ ജോലി വേണ്ടെന്നു വച്ച, കൊച്ചുമോള്‍ എന്നു സുരേഷ് വിളിക്കുന്ന ഭാര്യ സരിതയും ഇക്കാര്യം തലയാട്ടി സമ്മതിക്കുന്നു.

സുരേഷ് പിള്ള ഭാര്യ സരിതയോടൊപ്പം

സുരേഷ് പിള്ള ഭാര്യ സരിതയോടൊപ്പം

സ്വന്തമായി നടത്തുന്ന കണ്ടുപിടിത്തങ്ങളോടൊപ്പം നിരവധി ഗവേഷണങ്ങളുടെ ഭാഗമായ സുരേഷ്, യൂറോപ്പിലെ ക്വാളിറ്റിയുടെ അവസാനവാക്കായ ‘CE മാര്‍ക്കി’ന്റെ (ഇന്ത്യയിലെ ISI മാര്‍ക്ക് പോലെ) നാഷണല്‍ എക്‌സ്‌പേര്‍ട്ട് ആയും സേവനമനുഷ്ഠിക്കുന്നു.

നിരവധി ആളുകളെ കൊന്നൊടുക്കാന്‍ പ്രാപ്തിയുള്ള സൂപ്പര്‍ ബഗ്ഗിനെ മുളയിലേ നുള്ളാനുള്ള അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തത്തെപ്പറ്റി ഇന്നലെ ചാനലുകളിലും റേഡിയോയിലും ബ്രേക്കിങ് ന്യൂസ് വന്നതു മുതല്‍ സ്ലൈഗോയിലെ അദ്ദേഹത്തിന്റെ ഭവനത്തിലേയ്ക്ക് അഭിനന്ദനപ്രവാഹങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. നേരിട്ടും, സമൂഹമാധ്യമങ്ങളിലൂടെയും അഭിനന്ദിച്ചവരോടെല്ലാം ഒറ്റവാക്കില്‍ വിനയാന്വിതനായി നന്ദിയറിയിച്ച സുരേഷിന്റെ ഇന്നലത്തെ ദിവസം സംഭവബഹുലമായിരുന്നു. അയര്‍ലണ്ടിലെ ഏതാണ്ടെല്ലാ ദേശീയ മാധ്യമങ്ങള്‍ക്കും, റേഡിയോ സ്‌റ്റേഷനുകള്‍ക്കും ഇന്റര്‍വ്യൂകള്‍ നല്‍കിയ സുരേഷിന്റെ ഇന്നലത്തെ ദിവസത്തിന് തിരശ്ശീല വീണത് ലണ്ടനില്‍ നിന്നുമുള്ള അല്‍ ജസീറ ന്യൂസ് ചാനലിന്റെ ലൈവ് ഇന്റര്‍വ്യൂവോടു കൂടിയായിരുന്നു.ഇന്ന് രാവിലെ മുതല്‍ സുരേഷ് വീണ്ടും തിരക്കിലായി. ശാസ്ത്രലോകത്തിന്റെ ദൃഷ്ടി മുഴുവന്‍ സ്ലൈഗോയിലെ ഈ മലയാളിയെ തേടിയെത്തുകയാണ്.

സ്ലൈഗോയിലെ മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം ആഹ്ലാദത്തിമിര്‍പ്പിലാണ്. കാരണം, തങ്ങളിലൊരുവന്‍ മാനവരാശിയെ മാറ്റിമറിക്കുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുന്നു.NI NI

ഒപ്പം പ്രാര്‍ത്ഥനയിലും…കൂടുതല്‍ അനുഗ്രഹങ്ങള്‍ വരാനുള്ള വഴികള്‍ സുരേഷ് പിള്ളയിലൂടെ സ്ലൈഗോയിലേയ്ക്ക് വന്നെത്താനായി…..

നൈനാന്‍ തോമസ് (സ്ലൈഗോ)

Scroll To Top