Wednesday September 26, 2018
Latest Updates

അഭയാര്‍ഥിയ്ക്ക് തൊഴിലവകാശമുണ്ടെന്ന് വിധി:തീര്‍പ്പ് ബര്‍മ സ്വദേശിയുടെ ഹര്‍ജിയില്‍

അഭയാര്‍ഥിയ്ക്ക് തൊഴിലവകാശമുണ്ടെന്ന് വിധി:തീര്‍പ്പ് ബര്‍മ സ്വദേശിയുടെ ഹര്‍ജിയില്‍

ഡബ്ലിന്‍: അഭയാര്‍ഥികളുടെ തൊഴില്‍ അവകാശം നിഷേധിക്കാനാവില്ലെന്ന് സുപ്രീംകോടതി.അഭയാര്‍ഥിക്ക് അയര്‍ലണ്ടില്‍ തൊഴില്‍ചെയ്യാന്‍ അവകാശമുണ്ടെന്നാണ് ബര്‍മ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി വ്യക്തമാക്കിയത്.നിയമന നിഷേധത്തിനെതിരെ എട്ടുവര്‍ഷമായി നടത്തിവന്ന പോരാട്ടമാണ് സുപ്രിം കോടതി ഇടപെടലില്‍ വിജയം കണ്ടത്.

സുപ്രിംകോടതിയുടെ ഏഴംഗബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.എന്നാല്‍ ഇതുസംബന്ധിച്ച നിയമഭേദഗതിക്കായി സര്‍ക്കാരിന് ആറുമാസം സമയവും കോടതി അനുവദിച്ചു.അതവരെ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചു.

തൊഴില്‍ ലഭിക്കുന്നതിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ് സര്‍ക്കാര്‍ നടപടി. അതിനെ ന്യായീകരിക്കാനാവില്ല.ഈ തീരുമാനം മറ്റ് അഭയര്‍ഥികള്‍ക്കും ഗുരുതരമായ കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.അഭയാര്‍ഥി എന്ന നിലയിലെത്തുന്നതിന് എട്ടുവര്‍ഷം മുമ്പ് വരെ ഇദ്ദേഹം അഗതി മന്ദിരത്തിലായിരുന്നുവെന്ന് ജഡ്ജി ജസ്റ്റിസ് ഡോണല്‍ ഒ ഡോണ്ണല്‍ ചൂണ്ടിക്കാട്ടി.

അഭയാര്‍ഥിയാണെങ്കിലും പൗരനാണെങ്കിലും തൊഴില്‍ നേടുന്നത് നിഷേധിക്കുന്നത് ഉചിതമല്ല.അത് അയാളുടെ ആത്മാഭിമാനത്തെ ഇല്ലാതാക്കുന്നതിനു തുല്യമാണ്.മാത്രമല്ല ഭരണഘടനാപരമായ അവകാശ നിഷേധവും.ഹര്‍ജിക്കാരന്‍ അനഭവിക്കുന്ന മാനസിക വൈഷമ്യവും വിഷാദവും ആത്മവിശ്വാസമില്ലായ്മയുമെല്ലാം മനുഷ്യന് വിലയില്ലാതായെന്നതിന്റെ പ്രതിഫലനങ്ങളാണ്.കോടതി വിലയിരുത്തി.

അഭയാര്‍ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സെക്ഷന്‍ 9.4നെ അന്താരാഷ്ട്ര സുരക്ഷാ നിയമത്തിലെ 16.3ബി പ്രകാരം പുനരാവിഷ്‌കരിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്‍ ഹര്‍ജി അനാവശ്യമെന്നുകണ്ട് തള്ളിക്കളയണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.കീഴ്ക്കോടതികള്‍ ഇദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഐറീഷ് പൗരനെപ്പോലെ തന്നെ അല്ലാത്ത പൗരനും പൊതു അവകാശമുണ്ടെന്ന വിശാലമായ കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.ഏഴംഗബഞ്ചില്‍ ജഡ്ജി ജസ്റ്റീസ് ജെറാര്‍ഡ് ഹോഗന്‍ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി..

പുതിയ വിധിയോടെ അയര്‍ലണ്ടില്‍ ഇപ്പോഴുള്ളതും,ഇനി വന്നേക്കാവുന്നതുമായ എല്ലാ അഭയാര്‍ഥികള്‍ക്കും നിയമപരമായി തൊഴില്‍ തേടാവുന്ന അവസ്ഥയാണ് കരഗതമാകുന്നത്.

അതേ സമയം അയര്‍ലണ്ടില്‍ നിയമപരമായി എത്തുന്ന നൂറുകണക്കിന് ഡിപ്പന്‍ഡന്‍ഡ് വിസക്കാര്‍ക്ക് ഇപ്പോഴും തൊഴില്‍ തേടുന്നതിന് ഏറെ ക്ലേശം നേരിടേണ്ടിവരുന്നുണ്ട്.വര്‍ക്ക് പെര്‍മിറ്റ് മുഖേനെ ജോലി കണ്ടെത്താന്‍ അവസരം ഉണ്ടെങ്കിലും,സര്‍ക്കാര്‍ സര്‍വീസില്‍ അടക്കം മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ഇവരെ അകറ്റി നിര്‍ത്തുകയാണ്.ഡിപ്പന്‍ഡന്‍ഡ് വിസക്കാര്‍ക്ക് നിയമപരമായി ജോലി നല്‍കാമെന്ന് പ്രൈവറ്റ് മേഖലയിലെ തൊഴിലുടമകളെ ബോധ്യപ്പെടുത്തിയാല്‍ അതിനുള്ള അവസരം ലഭ്യമാകുന്നുണ്ടെങ്കിലും,വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ അടക്കമുള്ള നൂലാമാലകള്‍ ഏറ്റെടുക്കുന്നതില്‍ അവരും വിമുഖരാണ്.

അഭ്യസ്ത വിദ്യരും,ഉയര്‍ന്ന സാങ്കേതിക മികവും ഉള്ള നൂറുക്കണക്കിന് പേര്‍ ഓരോ വര്‍ഷവും ഡിപ്പന്‍ഡന്‍ഡ് വിസയില്‍ എത്തി മികച്ച ജോലികളില്‍ പ്രവേശിക്കാന്‍ ആവാത്ത സാഹചര്യങ്ങളാണ് നിലവിലുള്ളത്. ഇവര്‍ക്കൊക്കെ കോടതി മുഖേനെയുള്ള നിയമ പോരാട്ടങ്ങള്‍ വഴി പൊതുവായും ഗുണപ്രദമായും ഫലം ഉണ്ടായേക്കുമെന്ന സൂചനയാണ് അഭയാര്‍ഥിക്കായുള്ള സുപ്രീം കോടതി വിധി നല്‍കുന്ന സന്ദേശം.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top