മൂന്ന് യൂറോയുടെ കമ്പനി പീസ കഴിച്ച സൂപ്പര്‍ വാല്യൂ ജീവനക്കാരനെ പുറത്താക്കിയ സംഭവം: 6,400 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഗാല്‍വേ: സൂപ്പര്‍വാല്യു കമ്പനിയുടെ ഷോപ്പില്‍ ഉപേക്ഷിച്ച പിസ കഴിച്ച കമ്പനി ജീവനക്കാരനെ പിരിച്ചുവിട്ട സംഭവത്തില്‍, ഷോപ്പ് ഇദ്ദേഹത്തിന് 6,400 യൂറോ നഷ്ടപരിഹാരം നല്കാന് എംപ്ലോയ്മെന്റ് അപ്പീല്‍സ് ട്രൈബ്യൂണലിന്റെ ഉത്തരവ്. 3 യൂറോ വിലവരുന്ന പിസ കഴിച്ച എഡ്സണ് സിമോറ ഡി സൊറൈസിനെ അച്ചടക്കലംഘനം നടത്തി എന്നു പറഞ്ഞാണ് കൌണ്ടി ഗാല്‍വേയിലെ ടെ.ജെ.എന്‍ ലിമിറ്റഡ് ആന്‍ഡ് സി ടൗണ്‍ ലിമിറ്റഡ് ഷോപ്പില്‍ നിന്നും പിരിച്ചുവിട്ടത്.
2014 ഒക്ടോബര്‍ 11നായിരുന്നു സംഭവം. പേഴ്സില്ലാതെ ഷോപ്പില്‍ ജോലിക്കെത്തിയതായിരുന്നു ഡി മൊറൈസ്. ഉച്ചനേരത്ത് വിശന്നപ്പോള്‍ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു ബോക്സില്‍ നിന്നും ഇദ്ദേഹം പിസ എടുത്ത് കഴിക്കുകയായിരുന്നു. മാനേജരോട് ചോദിച്ച ശേഷം, അദ്ദേഹത്തിന്റെ അനുവാദത്തോടെയായിരുന്നു താന്‍ പിസ കഴിച്ചതെന്നും ഡി മൊറൈസ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിന് പണം നല്‍കിയില്ല എന്നും, കമ്പനി പോളിസി അനുസരിച്ചില്ലെന്നും കാട്ടി ഷോപ്പ് ഇദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു.