Friday December 09, 2016
Latest Updates

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകം:ശശി തരൂരിനെ ചോദ്യം ചെയ്യും 

സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകം:ശശി തരൂരിനെ ചോദ്യം ചെയ്യും 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസ് കമീഷണര്‍ ബി എസ് ബസിയാണ് ഇക്കാര്യം അറിയിച്ചത്.

വിഷം ഉള്ളില്‍ ചെന്നതാണ് സുനന്ദയുടെ മരണകാരണണമെന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തില്‍ ഐ പി സി 302 വകുപ്പ് അനുസരിച്ച് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശശി തരൂര്‍ അടക്കം സുനന്ദയുമായി ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.

കൂടുതല്‍ അന്വേഷണത്തിനായി പ്രേത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായെങ്കിലും ഏത് തരത്തിലാണ് വിഷം ഉള്ളില്‍ ചെന്നതെന്ന് അറിവായിട്ടില്ല. വിഷം കുത്തിവെക്കപ്പെട്ടതാണോ അതോ കഴിച്ചതാണോ എന്നാണ് അറിയേണ്ടത്. ഒന്നിലധികം വിഷങ്ങള്‍ സുനന്ദയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2014 ജനുവരി 17ന് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോട്ടല്‍ ലീലാ പാലസിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ടെന്ന് ആരോപണമുയരുകയും തരൂരും സുനന്ദയും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കവെയായിരുന്നു സുനന്ദയുടെ മരണം. 2010ലാണ് പാലക്കാട് സ്വദേശിയായ തരൂര്‍ കാശ്മീറുകാരിയായ സുനന്ദയെ വിവാഹം കഴിച്ചത്.

Scroll To Top