Saturday December 03, 2016
Latest Updates

സുനന്ദ പുഷ്‌കറുടെ മരണം വിഷം ഉള്ളില്‍ ചെന്ന് തന്നെ:തരൂരും പാര്‍ട്ടിയും പ്രതിരോധത്തില്‍

സുനന്ദ പുഷ്‌കറുടെ മരണം വിഷം ഉള്ളില്‍ ചെന്ന് തന്നെ:തരൂരും പാര്‍ട്ടിയും പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണ കാരണം വിഷം ഉള്ളില്‍ ചെന്നു തന്നെയാണെന്ന റിപ്പോര്‍ട്ട് പാര്‍ട്ടിക്കു തലവേദനയുണ്ടാക്കും.

തത്കാലം ഇക്കാര്യത്തില്‍ മൗനം പാലിക്കാനാണ് പാര്‍ട്ടി തീരുമാനം. തരൂരിന്റെ മാത്രം വിഷയമാക്കി, അദ്ദേഹത്തെക്കൊണ്ടു മറുപടി പറയിക്കുകയാണ് പാര്‍ട്ടിയുടെ തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരും ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടെന്നും നേതൃത്വം നിര്‍ദ്ദേശം നല്കി.

പൊളോണിയം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന വാദം തെറ്റാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതേസമയം, വിഷം ഉള്ളില്‍ ചെന്ന് തന്നെയാണ് മരണമെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. റിപ്പോര്‍ട്ട് എംയിസ് അധികൃതര്‍ ഡല്‍ഹി പൊലീസിനു കൈമാറി.

പിന്നാലെ, സുനന്ദയുടെ മരണം അസ്വാഭാവികം തന്നെയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഡല്‍ഹി പൊലീസ് മേധാവി ബിഎസ് ബസി പറയുകയും ചെയ്തു. ഇതോടെ, തരൂര്‍ വീണ്ടും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.

പൊളോണിയം ഉള്ളില്‍ ചെന്നാണ് മരണമെന്ന സംശയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വസ്റ്റിഗേഷന് (എഫ്ബിഐ) ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ന്യൂയോര്‍കില്‍ നടത്തിയ പരിശോധനയിലും പൊളോണിയത്തിന്റെ സാന്നിധ്യം കണ്‌ടെത്താന്‍ കഴിഞ്ഞിട്ടില്ല.

വിഷം ഉള്ളില്‍ ചെന്നു തന്നെയാണ് സുനന്ദയുടെ മരണമെന്ന ഉറച്ച നിഗമനത്തിലാണ് എംയിസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്‌ടെത്തിയത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് ഡല്‍ഹി പൊലീസ് കണ്‌ടെത്തിയിരുന്നു.

തുടര്‍ന്ന് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് ശശി തരൂര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ചു തരൂര്‍ പ്രതികരിച്ചിട്ടില്ല. മരണം സംബന്ധിച്ച് ഏത് അന്വേഷണത്തിനും സഹകരിക്കാന്‍ തയ്യാറാണെന്ന് തരൂര്‍ നേരത്തേ പറഞ്ഞിരുന്നു.

Scroll To Top