Saturday September 23, 2017
Latest Updates

കുളിപ്പീരില്ലാ,നനയില്ല …ആളില്ലാതെ നഴ്‌സുമാര്‍ എന്ത് ചെയ്യും?എച്ച് എസ് ഇ യില്‍ പ്രതിസന്ധി രൂക്ഷമാവുന്നു 

കുളിപ്പീരില്ലാ,നനയില്ല …ആളില്ലാതെ നഴ്‌സുമാര്‍ എന്ത് ചെയ്യും?എച്ച് എസ് ഇ യില്‍ പ്രതിസന്ധി രൂക്ഷമാവുന്നു 

സ്ലൈഗോ:കുളിച്ചിട്ട് ഒരു മാസം,ഇരുന്നു ഭക്ഷണം കഴിക്കാന്‍ കസേരകള്‍ ആവശ്യത്തിന് പോലുമില്ല,ഉള്ള കസേരകളില്‍ ഊഴമിട്ടു വിശപ്പ് സഹിച്ചു നില്‍ക്കല്‍,മുഴുവന്‍ സമയവും ബെഡ്ഡില്‍ തന്നെ ഒരേ കിടപ്പ്,കാരണം ഇരുന്നു വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ല…ഈ പറയുന്നതൊക്കെ ആഫ്രിക്കയിലെ ഏതോ കുഗ്രാമത്തിലെ വിശേഷങ്ങളല്ല.അയര്‍ലണ്ടിലെ എച്ച് എസ് ഇ യുടെ കീഴിലുള്ള നഴ്‌സിംഗ് ഹോമുകളുടെ വിശേഷങ്ങള്‍ തന്നെ.

ആവശ്യത്തിനു സ്റ്റാഫും,സൗകര്യങ്ങളുമില്ലാതെ വന്‍ പ്രതിസന്ധിയെ നേരിടുകയാണ് അയര്‍ലണ്ടിലെ,പ്രത്യേകിച്ചും ഉള്‍ കൌണ്ടികളിലെ നഴ്‌സിംഗ് ഹോമുകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍.നഴ്‌സിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ എച്ച് എസ് ഇ യെന്നോ പ്രൈവറ്റ് എന്നോ വ്യത്യാസം ഇല്ല.പ്രൈവറ്റ് നഴ്‌സിംഗ് ഹോമുകളില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് സ്റ്റാഫില്‍ പകുതിയും എച്ച് എസ് ഇ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു കഴിഞ്ഞു.എച്ച് എസ് ഇ യില്‍ ഇപ്പോള്‍ പുതിയതായി നിയമനങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ഒഴിവുകള്‍ പൂര്‍ണ്ണമായി നികത്താന്‍ ആവശ്യമായ സ്റ്റാഫിനെ ഇതേ വരെ ലഭിച്ചിട്ടില്ല എന്നാണ് വിവരം.

ഇന്നലെ ഹിക്വ പുറത്തു വിട്ട ഒരു ചിത്രം ആരെയും ഞെട്ടിക്കുന്നതാണ്.കൗണ്ടി ലിട്രീമിലെ കാരിക്ക് ഓ ഷാനോനിലെ സമ്മര്‍ഹില്‍ സെന്റ് പാട്രിക് നഴ്‌സിംഗ് ഹോമില്‍ നിന്നുള്ള വിവരങ്ങളാണ് അയര്‍ലണ്ടിലെ അധികാരികളെ മാത്രമല്ല സാധാരണക്കാരെപോലും ആകുലരാക്കിയിരിക്കുന്നത്.

ഇവിടുത്തെ ചില റസിഡന്റ്‌സിനെ കുളിപ്പിക്കുകയോ,ഷവര്‍ എടുപ്പിക്കുകയോ പോലും ചെയ്തിട്ട് ഒരു മാസത്തില്‍ അധികമായി എന്നാണ് ഹിക്വ കണ്ടെത്തിയത്.സ്റ്റാഫിന്റെ അപര്യാപ്തതയാണ് കാരണം എന്നാണ് നഴ്‌സിംഗ് ഹോം അധികൃതര്‍ പറയുന്നത്.ആവശ്യത്തിന് മരുന്നുകള്‍ പോലും റസിഡന്റ്‌സിന് ലഭിക്കുന്നുണ്ടായിരുന്നില്ല.

65 വയസു കഴിഞ്ഞവരും അവശരുമായ 82 റസിഡന്റ്‌സാണ് ഇവിടെയുള്ളത്.കൂടുതലും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ളവരും ഡിമന്‍ഷ്യ ബാധിതരും.ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തില്‍ ഒരൊറ്റ ഡോര്‍മെറ്ററി മോഡല്‍ ഹാളില്‍ ഒന്നിച്ചാണ് ഇവരുടെ ബെഡ്ഡുകള്‍ ക്രമീകരിച്ചിരിക്കുന്നത്.സുതാര്യമായ തുണികൊണ്ടുള്ള കര്‍ട്ടന്‍ മാത്രമാണ് വേര്‍തിരിക്കാന്‍ അവിടെയുണ്ടയിരുന്നത് എന്നും ഹിക്വ കണ്ടെത്തി.

മരണാസന്നരായ രോഗികള്‍ക്ക് പോലും പ്രത്യേക പരിചരണം ലഭിച്ചിരുന്നില്ല.നിരവധി രോഗികള്‍ പല തവണ വീണു പരിക്കേറ്റുവെങ്കിലും തുടര്‍ന്നും അത്തരം വീഴ്ച്ചകള്‍ ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കാനായില്ല. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനങ്ങള്‍ നഴ്‌സിംഗ് ഹോമില്‍ ഉണ്ടായിരുന്നതേയില്ല. പരിശോധകര്‍ എത്തുമ്പോള്‍ റൂം ടെമ്പറേച്ചര്‍ വളരെ ഉയര്‍ന്ന തോതിലായിരുന്നു.

12 പേരുള്ള മറ്റൊരു യൂണിറ്റില്‍ ആകെ 5 കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.കസേരകളുടെ ദൗര്‍ലഭ്യം കാരണം മിക്ക രോഗികളും കട്ടിലുകളില്‍ തന്നെയാണ് ദിവസം മുഴുവന്‍ കഴിച്ചു കൂട്ടിയതത്രേ.

നഴ്‌സിംഗ് ഹോമിനെ കുറിച്ചുള്ള വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ജനങ്ങളുടെ പരിചരണത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള കൂടുതല്‍ പദ്ധതികളും സ്റ്റാഫും ഉണ്ടാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നും എയ്ജ് ആക്ഷന്‍ അയര്‍ലണ്ട് ആവശ്യപ്പെട്ടു.

Scroll To Top